Entertainment
ഓട്ടിസം കുട്ടികള്‍ക്കായി നടന്‍ രവീന്ദ്രന്‍റെ നേതൃത്വത്തില്‍ ദൃശ്യഭാഷ സാക്ഷരത ശില്‍പശാല
Entertainment

ഓട്ടിസം കുട്ടികള്‍ക്കായി നടന്‍ രവീന്ദ്രന്‍റെ നേതൃത്വത്തില്‍ ദൃശ്യഭാഷ സാക്ഷരത ശില്‍പശാല

Web Desk
|
9 July 2022 10:09 AM GMT

സിനിമ താരം ടൊവിനോ തോമസ് ശില്‍പശാല ഉദ്ഘാടനം ചെയ്തു

കൊച്ചി: ദൃശ്യഭാഷ ഒരു പഠനമാധ്യമമാക്കി ഓട്ടിസമുളള കുട്ടികളുടെ കഴിവുകളും അഭിരുചികളും കണ്ടെത്തി അവരെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടന്‍ മോഹന്‍ലാല്‍ ചെയര്‍മാനും നടന്‍ രവീന്ദ്രന്‍ ഡയറക്ടറുമായ കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ഓട്ടിസം ക്ലബ്ബുമായി സഹകരിച്ച് കൊച്ചി റിന്യൂവല്‍ സെന്‍ററില്‍ ശില്‍പശാല സംഘടിപ്പിച്ചു. 'ഫോര്‍ ഗോഡ്‌സ് ഓണ്‍ ചില്‍ഡ്രണ്‍' എന്ന പേരിലാണ് ശില്‍പശാല സംഘടിപ്പിച്ചത്.

സിനിമ താരം ടൊവിനോ തോമസ് ശില്‍പശാല ഉദ്ഘാടനം ചെയ്തു. അമ്മ വൈസ് പ്രസിഡന്‍റ് മണിയന്‍പിള്ള രാജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മാക്ട ചെയര്‍മാന്‍ മെക്കാര്‍ട്ടിന്‍ വിശിഷ്ടാതിഥിയായിരുന്നു. പ്രോജക്റ്റ് ഡയറക്ടറും നടനുമായ രവീന്ദ്രന്‍ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. അഡ്വ.സാജന്‍ മണാലി ആശംസ പ്രസംഗം നടത്തി. വേല്‍കെയര്‍ നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പ്രോഫ രേണു സൂസന്‍ തോമസ് സ്വാഗതം ആശംസിച്ചു.


ദൃശ്യ ഭാഷാ വിദ്യാഭ്യാസ ലോകത്തേക്ക് ചുവടുവെയ്ക്കുന്ന കുട്ടികള്‍ മെഴുകുതിരി ദീപങ്ങള്‍ തെളിയിച്ചു. ഓട്ടിസമുളള കുട്ടികളെ ചേര്‍ത്തുനിര്‍ത്തേണ്ട ബാധ്യത സമൂഹത്തിനുണ്ടെന്ന് തിരിച്ചറിഞ്ഞ്, അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും വ്യക്തിത്വ വികാസം ലക്ഷ്യമിട്ടുമാണ് 'ദൃശ്യഭാഷ സാക്ഷരത' ശില്‍പശാല ഒരുക്കിയത്.ഓട്ടിസമുള്ള കുട്ടികള്‍ക്ക് സിനിമ ഫോട്ടോഗ്രാഫി, ഫിലിം മെയ്ക്കിംഗ് എന്നിവയില്‍ അഭിരുചിക്കനുസരിച്ച് അവരെ രുപപ്പെടുത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയുമാണ് ശില്‍പശാല സംഘടിപ്പിച്ചത്.




ഇതിനായി വേല്‍കെയര്‍ നഴ്‌സിംഗ് കോളേജില്‍ നിന്നും പരിശീലനം ലഭിച്ച ഇരുപതോളം നഴ്‌സിംഗ് വിദ്യാര്‍ഥികളെ സജ്ജമാക്കിയിരുന്നു. ഓട്ടിസമുള്ള കുട്ടികളും നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. കുട്ടികളെ പരിശീലിപ്പിക്കുന്നതിനാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും മാക്ട ചെയര്‍മാന്‍ മെക്കാര്‍ട്ടിന്‍ വാഗ്ദാനം ചെയ്തു. ഇത്തരത്തിലുള്ള കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ടോവിനോ തോമസ് പറഞ്ഞു. ഓട്ടിസമുള്ള കുട്ടികള്‍ വിവിധ മേഖലകളില്‍ വ്യത്യസ്തമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നവരാണെന്നും അവരുടെ ഉന്നമനത്തിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും കൂടെയുണ്ടാവുമെന്നും മണിയന്‍ പിള്ള രാജു പറഞ്ഞു. പ്രൊജക്റ്റ് ഡയറക്ടര്‍ രവീന്ദ്രന്‍ നേതൃത്വത്തിലാണ് ശില്‍പശാല സംഘടിപ്പിച്ചത്.

Related Tags :
Similar Posts