Entertainment
Vivek Agnihotri opens up on lukewarm response to The Vaccine War | entertainment news
Entertainment

'പ്ലേബോയ് മാസിക വാങ്ങുന്ന അത്രയും ആളുകള്‍ ഗീത വാങ്ങില്ലല്ലോ'; 'വാക്സിന്‍ വാർ' സ്വീകരിക്കപ്പെടാത്തതില്‍ വിവേക് അഗ്നിഹോത്രി

Web Desk
|
2 Oct 2023 12:36 PM GMT

10 കോടി മുടക്കി നിര്‍മിച്ച ചിത്രത്തിന് ആദ്യദിനത്തില്‍ ഒരു കോടി മാത്രമാണ് നേടാനായത്

സെപ്തംബർ 28 ന് തിയേറ്ററുകളിലെത്തിയ വിവേക് അഗ്നിഹോത്രി ചിത്രം വാക്സിന്‍ വാർ ബോക്സ് ഓഫീസില്‍ കിതക്കുകയാണ്. വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രം മുടക്ക് മുതല്‍ പോലും തിരിച്ചുപിടിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. 10 കോടി മുടക്കി നിര്‍മിച്ച ചിത്രത്തിന് ആദ്യദിനത്തില്‍ ഒരു കോടി മാത്രമാണ് നേടാനായത്. ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് വീഴ്ചയില്‍ പ്രതികരിക്കുകയാണ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. പ്ലേബോയ് മാസിക വാങ്ങുന്ന അത്രയും ആളുകള്‍ ഗീത വാങ്ങുമെന്ന് പ്രതീക്ഷിക്കാനാവില്ലല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത്. സിദ്ധാര്‍ത്ഥ കണ്ണന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വാക്സിൻ വാർ കണ്ട ഭൂരിഭാഗം പ്രേക്ഷകർക്കും ചിത്രം ഇഷ്ടപ്പെട്ടിട്ടുണ്ട്. പ്ലേ ബോയി മാഗസിന്‍ വാങ്ങുന്ന അത്രയും പേർ ഗീത വാങ്ങുമെന്ന് നമുക്ക് എങ്ങിനെ പ്രതീക്ഷിക്കാനാവും. എനിക്കറിയാം എന്‍റെ ചിത്രം കണ്ട 90 ശതമാനം പേർക്കും ഇഷ്ടപ്പെട്ടിട്ടുണ്ട്. മികച്ച സിനിമയാണ്, കണ്ണീരോടാണ് ചിത്രം കണ്ടിറങ്ങിയതെന്നും പലരും പറഞ്ഞു. ഇപ്പോള്‍ വരുന്ന റിപ്പോർട്ടുകളെല്ലാം നെഗറ്റീവ് പിആർ അടിസ്ഥാനമാക്കിയാണ് അതില്‍ കൂടുതലൊന്നുമില്ല'- സംവിധായകന്‍ പറഞ്ഞു.

നാന പടേക്കര്‍, അനുപം ഖേര്‍, സപ്തമി ഗൗഡ, പരിതോഷ് സാന്‍ഡ്, സ്‌നേഹ മിലാന്‍ഡ്, ദിവ്യ സേത്ത് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം റിലീസ് ചെയ്ത നാല് ദിവസമാകുമ്പോഴേക്കും ആഗോള ബോക്‌സ് ഓഫീസില്‍ ആകെ നേടിയത് 5.70 കോടി രൂപയാണ്. തിയറ്റര്‍ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ദ വാക്സിൻ വാര്‍ ഡിസ്‍നി പ്ലസ്‍ ഹോട്‍സ്റ്റാറില്‍ സ്‍ട്രീമിംഗ് തുടങ്ങുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ദ കശ്‍മിര്‍ ഫയല്‍സ് എന്ന ചിത്രത്തിലൂടെ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിക്കാൻ വിവേക് അഗ്നിഹോത്രിക്ക് ആയതിനാല്‍ അടുത്ത ചിത്രവും വലിയ പ്രതീക്ഷയോടെയാണ് തിയറ്ററില്‍ എത്തിയത്. കശ്മീർ ഫയല്‍സ് ബോക്സ് ഓഫീസില്‍ വന്‍കുതിപ്പ് നടത്തിയിരുന്നു.

Similar Posts