Entertainment
Vivek Agnihotri, boycott call, Pathans huge success, entertainment news
Entertainment

ബഹിഷ്കരാണാഹ്വാനവുമായി എത്തിവര്‍ക്കും പഠാന്‍റെ വന്‍ വിജയത്തില്‍ പങ്കുണ്ട്: വിവേക് അഗ്നിഹോത്രി

Web Desk
|
15 Feb 2023 11:12 AM GMT

ജനുവരി 25-ന് റിലീസായ ചിത്രം 1000 കോടിയെന്ന നാഴികക്കല്ല് പിന്നിടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ

മുംബൈ: ഏറെ വിവാദങ്ങളോടെ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ഷാറൂഖ് ഖാൻ നായകനായെത്തിയ പഠാൻ. ഒട്ടേറെ ആരോപണങ്ങൾ കേട്ട ചിത്രം പക്ഷേ ഹിന്ദി സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കളക്ഷനാണ് നേടിയത്. ഇപ്പോഴിതാ പഠാനേയും അണിയറപ്രവർത്തകരേയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി. പഠാന്റെ വമ്പൻ വിജയത്തിന് പിന്നിൽ ആരാധകർക്ക് വ്യക്തമായ പങ്കുണ്ട്. ഷാറൂഖ് ഖാന്റെ വ്യക്തിപ്രഭാവവും ചിത്രത്തിന്റെ വിജയത്തെ സ്വാധീനിച്ചു. അതോടൊപ്പം തന്നെ ചിത്രത്തിനെതിരെ വിവേക ശൂന്യമായ പ്രസ്താവന നടത്തിയവർക്കും ബഹിഷ്‌കരിക്കാനായി മുന്നിട്ടിറങ്ങിയവർക്കും പഠാന്റെ വിജയത്തിൽ കാര്യമായ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് പഠാനിലൂടെ ഗംഭീരമാക്കിയിരിക്കുകയാണ് ഷാരൂഖ് ഖാൻ. പുറത്തിറങ്ങി ഒരു മാസം പൂർത്തിയാകുന്നതിന് മുന്നേ തന്നെ 924 കോടി രൂപയാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ നിന്നും ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 476.05 കോടി രൂപയാണ് രാജ്യത്ത് നിന്ന് മാത്രം ചിത്രത്തിന് ലഭിച്ചത്. ഓവർ സീസ് കലക്ഷനുകൾ ഇതുവരെ 352 കോടി രൂപയാണ്. നിലവിലുള്ള കലക്ഷൻ റെക്കോർഡുകളെല്ലാം തകർത്തുള്ള പഠാൻറെ ജൈത്രയാത്ര ബോളിവുഡിന് നൽകുന്നത് വലിയ ഊർജമാണ്.

ജനുവരി 25-ന് റിലീസായ ചിത്രം 1000 കോടിയെന്ന നാഴികക്കല്ല് പിന്നിടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഷാരൂഖ് ഖാൻറെ കരിയറിലെ ഏറ്റവും മികച്ച ആദ്യ ദിന കളക്ഷൻ പഠാൻ നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ ദിനം ഇന്ത്യയിൽ നിന്ന് 44 കോടി നേടിയ ഹാപ്പി ന്യൂ ഇയറിനെയാണ് പഠാൻ പിന്നിലാക്കിയത്.

ഷാരൂഖ് ഖാനും ദീപിക പദുക്കോണിനുമൊപ്പം ജോൺ എബ്രഹാമും മുഖ്യവേഷത്തിലെത്തിയ സിനിമയാണ് പഠാൻ. സിദ്ധാർഥ് ആനന്ദാണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തത്. യഷ് രാജ് ഫിലിംസാണ് നിർമാണം. 2018-ൽ പുറത്തിറങ്ങിയ സീറോയിലാണ് ഷാരൂഖ് അവസാനമായി നായക വേഷത്തിലെത്തിയത്. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ജവാനും രാജ്കുമാർ ഹിരാനി ചിത്രവും ഷാരൂഖിൻറേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Similar Posts