പഠാനോട് ഏറ്റുമുട്ടാന്‍ കശ്മീര്‍ ഫയല്‍സ്; വീണ്ടും റിലീസ് പ്രഖ്യാപിച്ച് വിവേക് അഗ്നിഹോത്രി
|ഒരു വര്‍ഷം രണ്ട് തവണയായി റിലീസ് ചെയ്യുന്ന ചിത്രം കൂടിയായി ഇതോടെ കശ്മീര്‍ ഫയല്‍സ്
ഷാരൂഖ് ഖാന്‍ നായകനായ പഠാനോട് ഏറ്റുമുട്ടാന്‍ വിവാദ ചിത്രമായ കശ്മീര്‍ ഫയല്‍സ് വീണ്ടും റിലീസിന് ഒരുങ്ങുന്നു. സംവിധായകന്‍ വിവേക് അഗ്നിഹോത്രിയാണ് ചിത്രത്തിന്‍റെ റീ റിലീസ് കാര്യം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. ജനുവരി 19നാണ് ചിത്രം വീണ്ടും തിയറ്ററുകളിലെത്തുക. ഒരു വര്‍ഷം രണ്ട് തവണയായി റിലീസ് ചെയ്യുന്ന ചിത്രം കൂടിയായി ഇതോടെ കശ്മീര്‍ ഫയല്‍സ്. ജനുവരി 25നാണ് പഠാന്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുക.
വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിർവ്വഹിച്ച കശ്മീര്‍ ഫയല്‍സ് കശ്മീരിൽ നിന്നും പലായനം ചെയ്യുന്ന കശ്മീരി പണ്ഡിറ്റുകളുടെ കഥയാണ് ചിത്രം പറയുന്നത്. അനുപം ഖേർ, മിഥുൻ ചക്രവർത്തി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കശ്മീർ ഫയല്‍സ് സിനിമ സൃഷ്ടിക്കുന്ന വർഗീയ ധ്രുവീകരണത്തിനെതിരെ നിരവധി പേർ രംഗത്തുവന്നിരുന്നു. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങില്‍ ഇസ്രായേലി സിനിമാ സംവിധായകനും ജൂറി ചെയര്‍പേഴ്സണുമായ നദാല്‍ ലാപിഡ് കശ്മീര്‍ ഫയല്‍സിനെ പരസ്യമായി വിമര്‍ശിച്ചിരുന്നു. സിനിമ പ്രൊപഗണ്ടയാണെന്ന് അദ്ദേഹം വിമര്‍ശിച്ചിരുന്നു.
കശ്മീര്‍ ഫയല്‍സിന് ശേഷം 'ദ വാക്സിന്‍ വാര്‍' എന്ന പുതിയ ചിത്രവും വിവേക് അഗ്നിഹോത്രി പ്രഖ്യാപിച്ചിരുന്നു. കോവിഡ് മഹാമാരി സമയത്ത് രാജ്യം നിര്‍മിച്ച വാക്സിനിന്‍റെ കഥയാണ് പറയുന്നത്. ഹിന്ദി, ഇംഗ്ലീഷ്, മലയാളമടക്കം പതിനൊന്ന് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. വിവേക് അഗ്നിഹോത്രിയുടെ ഭാര്യ പല്ലവി ജോഷിയാണ് ചിത്രം നിര്‍മിക്കുന്നത്.