നടി വഹീദ റഹ്മാന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം
|കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് പുരസ്കാരം പ്രഖ്യാപിച്ചത്
മുംബൈ: കഴിഞ്ഞ വര്‍ഷത്തെ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരത്തിന് ബോളിവുഡ് നടി വഹീദ റഹ്മാന്‍ അര്‍ഹയായി. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഗൈഡ്, പ്യാസ, കാഗസ് കെ ഫൂൽ, ചൗധ്‍വി കാ ചാന്ദ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ആരാധകരുടെ മനം കവര്‍ന്ന വഹീദയെ രാജ്യം പത്മഭൂഷണ്‍,പത്മശ്രീ പുരസ്കാരങ്ങളുംനല്‍കി ആദരിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും വഹീദ സ്വന്തമാക്കിയിട്ടുണ്ട്.
തമിഴ്നാട്ടിലെ ചെങ്കല്‍പേട്ട് എന്ന സ്ഥലത്ത് ഒരു സാധാരണ മുസ്‍ലിം കുടുംബത്തിലാണ് വഹീദ ജനിച്ചത്. പിതാവ് ഒരു ജില്ല മജിസ്ട്രേറ്റ് ആയിരുന്നു. ആദ്യ കാലത്ത് ഡോക്ടറാകണമെന്നായിരുന്നു വഹീദയുടെ ആഗ്രഹം. പക്ഷേ, മതിയായ വിദ്യാഭ്യാസം ലഭിക്കാതിരുന്നതിനാൽ ഇതു സാധിച്ചില്ല. മികച്ച ഭരതനാട്യം നര്‍ത്തകി കൂടിയായ വഹീദയുടെ ജീവിതം മാറ്റിമറിച്ചത് സിനിമയായിരുന്നു. റോജ്‍ലു മറായി എന്ന തെലുഗ് ചിത്രത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. 1956 ൽ രാജ് ഘോസ്ല സംവിധാനം ചെയ്ത സി.ഐ.ഡി-യിലൂടെ ബോളിവുഡിലുമെത്തി. 60-70 കാലഘട്ടത്തില്‍ ബോളിവുഡില്‍ നിറഞ്ഞുനിന്ന നായികയായിരുന്നു വഹീദ.
''ഇന്ത്യൻ സിനിമയ്ക്ക് നൽകിയ മഹത്തായ സംഭാവനകൾക്ക് വഹീദ റഹ്മാൻ ജിക്ക് ഈ വർഷം ദാദാസാഹിബ് ഫാൽക്കെ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ് നൽകുന്നുവെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് വലിയ സന്തോഷവും ബഹുമാനവും തോന്നുന്നുവെന്ന്'' അനുരാഗ് താക്കൂര്‍ എക്സില്‍ കുറിച്ചു. ഈ വർഷം അവസാനം നടക്കുന്ന ചടങ്ങിൽ വഹീദ റഹ്മാൻ പുരസ്‌കാരം ഏറ്റുവാങ്ങും. 2020ല്‍ നടിയും സംവിധായികയുമായ ആശാ പരേഖിനാണ് പുരസ്കാരം ലഭിച്ചത്.ഇന്ത്യൻ ചലച്ചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ സമ്മാനിക്കുന്ന പുരസ്കാരമാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം.