Entertainment
അന്ന് സഹതപിച്ചതും കണ്ണീരൊഴുക്കിയതും ഇതിനായിരുന്നോ? ജസ്റ്റിസ് ഹേമ കമ്മീഷനെതിരെ പാര്‍വതി
Entertainment

അന്ന് സഹതപിച്ചതും കണ്ണീരൊഴുക്കിയതും ഇതിനായിരുന്നോ? ജസ്റ്റിസ് ഹേമ കമ്മീഷനെതിരെ പാര്‍വതി

Web Desk
|
11 Jan 2022 4:54 AM GMT

ഇങ്ങനെ പറയണമെങ്കില്‍ പ്രത്യേക ഹൃദയമില്ലായ്മയും ക്രൂരതയും വേണം

മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാത്തത് വലിയ വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്. അതിനു പിന്നാലെ റിപ്പോർട്ട് പുറത്തുവിടില്ലെന്നും രഹസ്യമാക്കി വയ്ക്കുമെന്നും ജസ്റ്റിസ് ഹേമ പറഞ്ഞിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. തന്‍റെ അനുഭവം പറഞ്ഞപ്പോൾ കണ്ണീർവാർത്തത് ഇതിനായിരുന്നോ എന്ന് പാർവതി ട്വിറ്ററിൽ കുറിച്ചു.

പാര്‍വതിയുടെ കുറിപ്പ്

ജസ്റ്റിസ് ഹേമയും അവരുടെ കമ്മിറ്റിയിലെ മറ്റ് അംഗങ്ങളും ഞാന്‍ അവര്‍ക്കു മുന്‍പില്‍ ഇരുന്ന് എനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുമ്പോള്‍ കണ്ണീര്‍രൊഴുക്കിയതും സഹതാപിച്ചും എത്ര ദാരുണം എന്ന് വിലപിച്ചു, ഇപ്പോള്‍ ഇങ്ങനെ പറയാന്‍ വേണ്ടിയായിരുന്നോ അത് എന്നാണ് പാർവതി ചോദിക്കുന്നത്. റിപ്പോര്‍ട്ട് രഹസ്യമാക്കി വയ്ക്കുമെന്നാണ് ജസ്റ്റിസ് ഹേമ പറയുന്നത്. അത് വേട്ടക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയല്ലേ. പീഡനങ്ങളെക്കുറിച്ച് തങ്ങളോട് വെളിപ്പെടുത്തലുകള്‍ നടത്തിയ സത്രീകള്‍ പൊതുസമൂഹത്തോട് അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ തയ്യാറാണെങ്കില്‍ അങ്ങനെ ചെയ്യാമെന്നാണ് പറയുന്നത്. ഇങ്ങനെ പറയണമെങ്കില്‍ പ്രത്യേക ഹൃദയമില്ലായ്മയും ക്രൂരതയും വേണം- പാര്‍വതി കുറിച്ചു.

റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതികരണവുമായി സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയും രംഗത്തെത്തിയിരുന്നു. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് രണ്ട് വര്‍ഷമായെന്നും നീതിക്ക് വേണ്ടി ഇനിയും എത്ര നാൾ കാത്തിരിക്കണമെന്നുമായിരുന്നു ഡബ്ല്യൂ.സി.സിയുടെ ചോദ്യം. ജസ്റ്റിസ് ഹേമ, റിട്ട ഐഎഎസ് ഓഫീസർ കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയതാണ് ജസ്റ്റിസ്‌ ഹേമ കമ്മീഷന്‍. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് സര്‍ക്കാര്‍ സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചത്. മലയാള സിനിമാ രംഗത്തെ പ്രവര്‍ത്തകരോട് സംസാരിച്ച് സ്ത്രീകളുടെ വേതനം, തൊഴിലിടങ്ങളിലെ അവസ്ഥ, അവര്‍ നേരിടുന്ന ചൂഷണം തുടങ്ങിയ പ്രശ്നങ്ങൾ പഠിച്ച് 2019 ഡിസംബര്‍ 31നാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Similar Posts