യുഎപിഎയും രാജ്യദ്രോഹക്കുറ്റവും ഭരണകൂടം പ്രസാദം പോലെ വിതരണം ചെയ്യുന്നു: സ്വര ഭാസ്കര്‍
|കലാകാരന്മാര്‍ എങ്ങനെ വേട്ടയാടപ്പെടുന്നുവെന്ന് മുനാവര്‍ ഫാറൂഖി ഉള്‍പ്പെടെയുള്ളവരെ ചൂണ്ടിക്കാട്ടി സ്വര ഭാസ്കര്‍
കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് താരം സ്വര ഭാസ്കര്‍. യുഎപിഎ, രാജ്യദ്രോഹക്കുറ്റങ്ങള്‍ പ്രസാദം പോലെ ഭരണകൂടം വിതരണം ചെയ്യുകയാണെന്ന് സ്വര ഭാസ്കര്‍ വിമര്‍ശിച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുത്ത പരിപാടിയിലാണ് സ്വര ഭാസ്കറിന്‍റെ വിമര്‍ശനം.
കലാകാരന്മാര്‍ എങ്ങനെ വേട്ടയാടപ്പെടുന്നുവെന്നും സ്വര ഭാസ്കര്‍ വിശദീകരിച്ചു. കലാകാരന്മാര്‍ക്ക് ജോലി ചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യമാണിവിടെയെന്ന് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനാവര്‍ ഫാറൂഖി ഉള്‍പ്പെടെയുള്ളവരെ ചൂണ്ടിക്കാട്ടി സ്വര ഭാസ്കര്‍ പറഞ്ഞു. ആരോടും ഒന്നിനോടും ഉത്തരവാദിത്വമില്ലാത്ത ആള്‍ക്കൂട്ടത്തിനും യുഎപിഎയും രാജ്യദ്രോഹവും വിതരണം ചെയ്യുന്ന ഭരണകൂടത്തിനും ഇടയിലാണ് ഈ നാട്ടിലെ സാധാരണ ജനങ്ങളെന്നും സ്വര ഭാസ്കര്‍ പറഞ്ഞു.
മുബൈ സന്ദര്‍ശനത്തിനിടെയാണ് മമത ബാനര്‍ജി കലാകാരന്മാരുടെയും ആക്റ്റിവിസ്റ്റുകളുടെയും യോഗം വിളിച്ചത്. ബിജെപി ജനാധിപത്യവിരുദ്ധവും ക്രൂരവുമായ പാര്‍ട്ടിയാണെന്ന് മമത ബാനര്‍ജി പറഞ്ഞു. ഷാരൂഖ് ഖാനെ ബിജെപി വേട്ടയാടിയെന്നും മമത പറഞ്ഞു. രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രവർത്തകരും മുൻ ഹൈക്കോടതി ജഡ്ജിമാരും സെലിബ്രിറ്റികളും ഉൾപ്പെടുന്ന സദസ്സിലാണ് മമതയുടെ പ്രതികരണം. ബിജെപിക്കെതിരെ ഐക്യത്തോടെ മുന്നേറണമെന്ന് പറഞ്ഞ മമത, മുന്നോട്ടുള്ള പോരാട്ടത്തിന് ഉപദേശങ്ങളും മാർഗനിർദേശങ്ങളും തേടുകയും ചെയ്തു.
"ഇന്ത്യ സ്നേഹിക്കുന്നത് ആൾബലത്തെയല്ല, മനുഷ്യ വിഭവശേഷിയെയാണ്. ജനാധിപത്യ വിരുദ്ധ പാർട്ടിയായ ബിജെപിയെയാണ് നമ്മള്‍ നേരിടുന്നത്. ഒരുമിച്ച് നിന്നാൽ നമ്മൾ വിജയിക്കും. മഹേഷ് ജി (സിനിമാ സംവിധായകൻ മഹേഷ് ഭട്ട്), നിങ്ങൾ ഇരയാക്കപ്പെട്ടു, ഷാരൂഖ് ഖാനും ഇരയായി. നമുക്ക് വിജയിക്കണമെങ്കിൽ, കഴിയുന്നിടത്തെല്ലാം പോരാടുകയും ശബ്ദമുയര്‍ത്തുകയും വേണം. നിങ്ങൾ ഞങ്ങളെ നയിക്കുകയും രാഷ്ട്രീയമായ ഉപദേശങ്ങള്‍ നല്‍കുകയും വേണം"- മമത ബാനർജി പറഞ്ഞു.
ബംഗാളിലെ മിന്നുംജയത്തോടെ മമത ദേശീയ തലത്തില്‍ തൃണമൂലിന്‍റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. 2024ൽ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യനിര രൂപപ്പെടുത്തുകയാണ് മമതയുടെ ലക്ഷ്യം. മുൻ ഹൈക്കോടതി ജഡ്ജിമാരായ ഷാഫി പാർക്കർ, അഭയ് തിപ്‌സെ, തുഷാർ ഗാന്ധി, ആക്ടിവിസ്റ്റുകളായ ടീസ്റ്റ സെതൽവാദ്, മേധാ പട്കർ, മുൻ കോൺഗ്രസ് നേതാവ് സഞ്ജയ് ഝാ, സുധീന്ദ്ര കുൽക്കർണി, ശത്രുഘ്നൻ സിൻഹ, എഴുത്തുകാരി ശോഭാ ഡെ, ബോളിവുഡ് താരങ്ങളായ സ്വര ഭാസ്കർ, രാഹുൽ ബോസ്, കൊങ്കണ സെൻ ശർമ തുടങ്ങിയവര്‍ മമതയുടെ ക്ഷണം സ്വീകരിച്ചെത്തി. ശിവസേന നേതാക്കളായ ആദിത്യ താക്കറെ, സഞ്ജയ് റാവത്ത്, എന്‍സിപി നേതാവ് ശരദ് പവാര്‍ എന്നിവരുമായും മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തി.
#Watch| Actress Swara Bhaskar tells #WestBengal CM #MamataBanerjee in the interactive session in Mumbai, "There is a state which is distributing the UAPA and sedition charges as a prasad from a God we don't want to pray to." pic.twitter.com/oG756fiUpw
— Pooja Mehta (@pooja_news) December 1, 2021