'ഞങ്ങള്‍ നിയമപരമായി നേരിടും'; ആലിയ ഭട്ടിന്‍റെ ചിത്രം പകര്‍ത്തിയതില്‍ റണ്‍ബീര്‍ കപ്പൂര്‍
|മിസ് മാലിനിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റണ്‍ബീര്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തിയത്
ബോളിവുഡ് നടി ആലിയ ഭട്ടിന്‍റെ വീട്ടില്‍ നിന്നുള്ള ചിത്രം അന്യായമായി പകര്‍ത്തിയതില്‍ പ്രതികരണവുമായി ഭര്‍ത്താവും നടനുമായ റണ്‍ബീര്‍ കപ്പൂര്‍. സ്വകാര്യതയെ ലംഘിച്ച് ചിത്രം പകര്‍ത്തിയതായി ആലിയ ഭട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യമായി പരാതിയുമായി രംഗത്ത് വന്നിരുന്നു. ഇതിലാണ് റണ്‍ബീര്‍ കപ്പൂര്‍ പ്രതികരണം അറിയിച്ചത്. ആലിയക്കെതിരായ നടപടിയില്‍ നിയമപരമായി നീങ്ങുമെന്ന് റണ്‍ബീര്‍ അറിയിച്ചു. മിസ് മാലിനിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റണ്‍ബീര്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തിയത്.
"അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായിരുന്നു. എന്‍റെ വീടിനുള്ളിൽ എന്തും സംഭവിക്കാം, നിങ്ങൾക്ക് അവിടെ ചിത്രീകരിക്കാന്‍ അനുമതിയില്ല, അത് എന്‍റെ വീടാണ്. നടന്നത് തികച്ചും അനാവശ്യമായിരുന്നു. ഞങ്ങൾ ഇത് കൈകാര്യം ചെയ്യാന്‍ ശരിയായ നിയമപരമായ വഴികളിലൂടെയാണ് പോകുന്നത്. എനിക്ക് അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ആഗ്രഹമില്ല, പക്ഷേ അത് വളരെ വൃത്തികെട്ട ഒന്നായിരുന്നു'; റണ്‍ബീര്‍ കപ്പൂര്‍ പറഞ്ഞു.
"ഞങ്ങൾ പാപ്പരാസികളെ ബഹുമാനിക്കുന്നു. പാപ്പരാസികൾ നമ്മുടെ ലോകത്തിന്‍റെ ഭാഗമാണെന്നാണ് കരുതുന്നത്. ഇത് പരസ്പരം സഹവര്‍ത്വത്തില്‍ നടക്കുന്നതാണ്. അവർ ഞങ്ങളോടൊപ്പവും ഞങ്ങൾ അവരോടൊപ്പവും പ്രവർത്തിക്കുന്നു. എന്നാൽ ഇതുപോലുള്ള കാര്യങ്ങളില്‍ ലജ്ജ തോന്നുന്നു", റൺബീർ പറഞ്ഞു.
ഫെബ്രുവരി 21നാണ് ആലിയ ഭട്ട് മുംബൈ പൊലീസിനെ ടാഗ് ചെയ്ത് നേരിട്ട പ്രയാസം പരസ്യമാക്കിയത്. ബോളിവുഡ് താരങ്ങളായ അര്‍ജുന്‍ കപ്പൂര്‍, ജാന്‍വി കപ്പൂര്‍, അനുഷ്ക ശര്‍മ്മ എന്നിവര്‍ ആലിയക്ക് പിന്തുണയുമായി രംഗത്തുവന്നിരുന്നു.