Entertainment
Navya Nair, നവ്യ നായര്‍, ആന്തരികാവയവങ്ങളൊക്കെ പുറത്തെടുത്ത് കഴുകി വൃത്തിയാക്കിവെക്കുമായിരുന്നു, ഓജസ് ഈഴവന്‍
Entertainment

'പറഞ്ഞത് പുസ്തകത്തില്‍ വായിച്ചത്, അശാസ്ത്രീയതയില്ല'; വിവാദ പരാമര്‍ശത്തില്‍ നവ്യ നായര്‍

Web Desk
|
30 April 2023 1:41 PM GMT

ഭാരതത്തിലെ സന്യാസിമാർ മനുഷ്യരുടെ ആന്തരികാവയവങ്ങളൊക്കെ പുറത്തെടുത്ത് കഴുകി വൃത്തിയാക്കിവെക്കുമായിരുന്നു എന്നായിരുന്നു നവ്യയുടെ വിവാദ പരാമര്‍ശം

ഭാരതത്തിലെ സന്യാസിമാർ മനുഷ്യരുടെ ആന്തരികാവയവങ്ങളൊക്കെ പുറത്തെടുത്ത് കഴുകി വൃത്തിയാക്കിവെക്കുമായിരുന്നു എന്ന വിവാദ പരാമർശത്തില്‍ പ്രതികരണവുമായി നവ്യ നായര്‍. ടെലിവിഷന്‍ പരിപാടിയിലെ പരാമര്‍ശം ഒരു പുസ്തകത്തില്‍ നിന്നുള്ളതാണെന്നും പറഞ്ഞതില്‍ അശാസ്ത്രീയതയൊന്നുമില്ലെന്നും നവ്യ നായര്‍ പറഞ്ഞു. തനിക്കെതിരായ വിമര്‍ശനങ്ങള്‍ കാണാറില്ലെന്നും കമന്‍റ് ബോക്സ് നോക്കാറേയില്ലെന്നും നവ്യ മീഡിയവണ്‍ ഓണ്‍ലൈനിനോട് പറഞ്ഞു.

'അന്ന് പറഞ്ഞ പരാമര്‍ശം പുസ്തകത്തില്‍ പറഞ്ഞതാണ്. പുസ്തകം ഇവിടെ കൊണ്ടുവന്ന് വായിച്ചുകേള്‍പ്പിക്കാം. അശാസ്ത്രീയതയൊന്നുമില്ല. വിമര്‍ശനങ്ങള്‍ കാണാറില്ല. കമന്‍റ് ബോക്സ് നോക്കാറില്ല. സോഷ്യല്‍ മീഡിയ അധികം ഉപയോഗിക്കുന്ന ആളല്ല. സിനിമകള്‍ പ്രമോട്ട് ചെയ്യുന്നതിന് വേണ്ടിയാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. ജനങ്ങള്‍ക്ക് പല അഭിപ്രായങ്ങളും കാണും. അതിന് തെറ്റ് പറയാന്‍ പറ്റില്ല. ഇതിന്‍റെ ആധികാരികതയോ സത്യസന്ധതയോ അറിയില്ലായെന്ന് പറഞ്ഞിട്ടാണ് ആ പരാമര്‍ശം നടത്തിയത്. പുസ്തകത്തില്‍ വായിച്ചിട്ടാണ് പറഞ്ഞത്, ആ പുസ്തകം പിന്നീട് കൊണ്ടുവന്ന് വായിപ്പിച്ചു കേള്‍പ്പിച്ചു. എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടി പറയുകയെന്നത് എന്‍റെ ജോലിയല്ല'; നവ്യ പറഞ്ഞു.

ഭാരതത്തിലെ സന്യാസിമാർ മനുഷ്യരുടെ ആന്തരികാവയവങ്ങളൊക്കെ പുറത്തെടുത്ത് കഴുകി വൃത്തിയാക്കിവെക്കുമായിരുന്നു എന്ന പരാമർശമാണ് നവ്യയെ ട്രോളിനിരയാക്കിയത്. തൊട്ടുപിന്നാലെ തമാശ രൂപേണ നടൻ മുകേഷ് നടത്തിയ പ്രതികരണവും ആരാധകരിൽ ചിരിപടർത്തി. 'ഉണ്ട് ഉണ്ട്.. ഞാൻ കണ്ടിട്ടുണ്ട്. ഞാൻ ഒരു ദിവസം സെക്കൻഡ് ഷോ കഴിഞ്ഞ് കൊല്ലത്ത്‌നിന്ന് വഴിയിൽ കൂടി ഇങ്ങനെ വന്നപ്പോ മൂന്ന് സന്യാസിമാര്.. വെളിയിൽ കഴുകി കൊണ്ടിരിക്കുന്നു. സത്യമാ...' എന്നാണ് മുകേഷിന്റെ കൗണ്ടർ. ട്രോളുമായി ബന്ധപ്പെട്ട് ചോദ്യമുന്നയിച്ച അവതാരകയോട് കഴുകിവെച്ച ഓർഗൻസ് എല്ലാം ഉണങ്ങി, ഇനി അത് ചോദിക്കരുതെന്നായിരുന്നു നവ്യയുടെ മറുപടി.

''കഴുകാനിട്ട എല്ലാ ഓർഗൻസും ഉണക്കി, എല്ലാം അലമാരയിൽ ഭദ്രമായി വെച്ചിട്ടുണ്ട്, ട്രോൾ വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, നമ്മൾ പ്രതീക്ഷിക്കാതെ കിട്ടുന്ന അടിയാണല്ലോ ട്രോൾ'' നവ്യാ നായർ പറഞ്ഞു. അന്നേരം മുകേഷ് നടത്തിയ പ്രതികരണമാണ് ട്രോളുകള്‍ ഹിറ്റാവാൻ കാരണമെന്നും നടി വ്യക്തമാക്കി. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും താരം വിട്ടുനിൽക്കുകയായിരുന്നു. വർഷങ്ങൾക്കുശേഷം 2022ൽ ഒരുത്തി എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലേക്ക് താരം തിരിച്ചെത്തുകയും ചെയ്തു.

Related Tags :
Similar Posts