എന്താ പറയേണ്ടത് എന്റെ ഇന്നസെന്റ്, വേർപാടിന്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും?: മോഹൻലാൽ
|'പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്‌കളങ്ക ചിരിയും സ്‌നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും'
ഇന്നസെന്റിന്റെ മരണത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ. വേർപാടിന്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കുമെന്ന് അറിയില്ലെന്നും പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ് പറയുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മോഹൻലാലിന്റെ വാക്കുകൾ
എന്താ പറയേണ്ടത് എന്റെ ഇന്നസെന്റ് ... ആ പേരുപോലെ തന്നെ നിഷ്‌കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്‌നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിന്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്‌കളങ്ക ചിരിയും സ്‌നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും...
ന്യൂമോണിയ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് ഇന്നസെന്റ് അന്തരിച്ചത്. ആദ്യ ദിവസങ്ങളിൽ മരുന്നിനോട് പ്രതികരിച്ചിരുന്നെങ്കിലും പിന്നീട് സ്ഥിതി ഗുരുതരമായി. മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഒരാഴ്ചയോളം ജീവൻ നിലനിർത്തിയത്. അപ്പോഴും പ്രതീക്ഷയോടെ ആരാധക ലോകം കാത്തിരുന്നു. എന്നാൽ ആശുപത്രിയിൽ നിന്നും വന്ന വാർത്തകൾ ശുഭസൂചകമായിരുന്നില്ല. രാത്രി ചേർന്ന മെഡിക്കൽ ബോർഡ് യോഗം ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്ന് വിലയിരുത്തി. മന്ത്രിമാരും ചലച്ചിത്ര മേഖലയിലെ പ്രമുഖരും രാത്രി തന്നെ ആശുപത്രിയിലെത്തിയിരുന്നു. പ്രതീക്ഷയോടെ ആരാധകരും ആശുപത്രിക്ക് മുന്നിൽ കാവൽ നിന്നു. രാത്രി പത്തേമുക്കാലോടെ മന്ത്രി പി. രാജീവ് മഹാനടന്റെ വിയോഗ വാർത്തയറിയിച്ചു
മൃതദേഹം രാവിലെ എട്ട് മണിയോടെ കൊച്ചി കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെക്കും. ഒരുമണിയോടെ വിലാപയാത്രയായി ജന്മനാട്ടിലേക്ക്. മൂന്ന് മണി മുതൽ ഇരിങ്ങാലക്കുടയിലെ വീട്ടിൽ പൊതുദർശനം. നാളെ രാവിലെ പത്ത്മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാകും സംസ്‌കാരം.