Entertainment
കലോത്സവങ്ങളിൽ പോലും പങ്കെടുക്കാറില്ല. കാരണം ചോദിച്ചപ്പോൾ വേദന നിറഞ്ഞ പുഞ്ചിരി ആയിരുന്നു മറുപടി; കുട്ടി പുലിമുരുകന്‍റെ ഇപ്പോഴത്തെ അവസ്ഥ
Entertainment

'കലോത്സവങ്ങളിൽ പോലും പങ്കെടുക്കാറില്ല. കാരണം ചോദിച്ചപ്പോൾ വേദന നിറഞ്ഞ പുഞ്ചിരി ആയിരുന്നു മറുപടി'; കുട്ടി പുലിമുരുകന്‍റെ ഇപ്പോഴത്തെ അവസ്ഥ

Web Desk
|
4 Feb 2023 3:57 AM GMT

മിനി ഉണ്ണി എന്ന ഫേസ്ബുക്ക് ഐ.ഡിയിൽ നിന്നും വേൾഡ് മലയാളി സർക്കിൾ എന്ന ഗ്രൂപ്പിൽ പങ്കുവെച്ചതോടെയാണ് താരത്തെ കുറിച്ചുള്ള ഇപ്പോഴത്തെ അവസ്ഥ പ്രേക്ഷകർ അറിയുന്നത്

കൊച്ചി: പുലിമുരുകൻ എന്ന സിനിമയിൽ 'പുലിയെ കൊല്ലണം', എന്ന തീക്ഷതയോടെ പറയുന്ന കുഞ്ഞു പുലിമുരുകനെ പ്രേക്ഷകർ അത്ര വേഗം മറക്കാനിടയില്ല. കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂർ സ്വദേശിയായ അജാസാണ് പുലിമുരുകനായി പ്രേക്ഷകകർക്കു മുന്നിലെത്തിയത്. ടെലിവിഷൻ റിയാലിറ്റിഷോയിലൂടെയാണ് അജാസ് ആദ്യമായി കാമറക്ക് മുന്നിലെത്തിയത്. പുലിമുരുകൻ കുടാതെ കമ്മാരസംഭവം, ഡാൻസ് ഡാൻസ് തുടങ്ങിയ ചിത്രങ്ങളിലും അജാസ് അഭിനയിച്ചു.

എന്നാൽ പിന്നീട് അജാസ് സ്‌ക്രീനിൽ നിന്നും പെട്ടെന്ന് അപ്രത്യക്ഷമായി. ഇപ്പോഴിതാ അജാസിനെ കുറിച്ചുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്. എം.എം മഠത്തിൽ എന്നയാളുടെ കുറിപ്പ് മിനി ഉണ്ണി എന്ന ഫേസ്ബുക്ക് ഐ.ഡിയിൽ നിന്നും വേൾഡ് മലയാളി സർക്കിൾ എന്ന ഗ്രൂപ്പിൽ പങ്കുവെച്ചതോടെയാണ് അജാസിനെ കുറിച്ചുള്ള ഇപ്പോഴത്തെ അവസ്ഥ പ്രേക്ഷകർ അറിയുന്നത്. ആദിച്ചനല്ലൂർ ഹയർസെക്കന്ററി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണിപ്പോൾ അജാസ്. സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും മാറി സ്‌കൂൾ കാലം ആസ്വദിക്കുകയാണ് താരം.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

''ഈ പോസ്റ്റിലെ ആദ്യത്തെ ഫോട്ടോ എല്ലാവർക്കും പരിചിതം ആയിരിയ്ക്കും.. ജൂനിയർ പുലിമുരുകൻ.. എന്നാൽ രണ്ടാമത്തെ ഫോട്ടോ പരിചിതം ആകാനിടയില്ല. ട്രാൻസ്ഫർ കിട്ടി പുതിയ സ്‌കൂളിൽ ജോയിൻ ചെയ്യാൻ ചെല്ലുമ്പോൾ അവിടെ ഇങ്ങനെ ഒരത്ഭുതം കാത്തിരിയ്ക്കുന്നുണ്ട് എന്നറിഞ്ഞില്ല.. പ്രശസ്തിയുടെ വെള്ളിവെളിച്ചം ഒന്നുമില്ലാതെ തീർത്തും സാധാരണക്കാരനായി ഒരു സാധാരണ ഗ്രാമത്തിലെ ഗവണ്മെന്റ് സ്‌കൂളിൽ plus two കോമേഴ്സ് വിദ്യാർത്ഥിയായി പുലിമുരുകൻ ഉണ്ടാവുമെന്ന് ഒരിയ്ക്കലും കരുതിയില്ല.. മലയാളത്തിന്റെ സിനിമാ ചരിത്രത്തിലെ ആദ്യ 150 കോടി ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം താരജാഡകൾ ഒന്നുമില്ലാതെ, കൗമാരത്തിന്റെ പൊലിമയോ തന്നിഷ്ടങ്ങളോ സൗഹൃദവേദികളോ ഇല്ലാതെ ഇങ്ങനെ ശാന്തനായി ഒതുങ്ങി ജീവിയ്ക്കുന്ന കാഴ്ച വിശ്വസിക്കുവാൻ കഴിഞ്ഞില്ല... അതേ.. പുലിമുരുകൻ എന്ന സിനിമയിൽ ജൂനിയർ പുലിമുരുകൻ ആയി അഭിനയിച്ച കൊല്ലം അജാസിനെ പറ്റിയാണ് ഈ ചെറുകുറിപ്പ്..കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂർ പഞ്ചായത്ത് ഹയർ സെക്കന്ററി സ്‌കൂളിന്റെ വരാന്തയിലൂടെ താരപ്പൊലിമയുടെ മഞ്ഞവെളിച്ചം ഇല്ലാതെ, ക്യാമറക്കണ്ണിന്റെ തുറിച്ചു നോട്ടം ഇല്ലാതെ ഒരു രാജകുമാരൻ നടന്നു നീങ്ങുന്ന കാഴ്ച അതിശയവും വേദനയും സമ്മാനിച്ചു.. ഇന്നവന്റെ കണ്ണുകളിൽ 'പുലിയെ കൊല്ലണം' 'എന്ന തീഷ്ണത ഇല്ല.. പകരം അകന്നുമാറി നിൽക്കേണ്ടി വന്നവന്റെ നിസ്സഹായത ആണ്.. എല്ലാ ബഹളങ്ങളിൽ നിന്നും അകന്ന്.. സ്‌കൂൾ വിട്ടാൽ ഗ്രൗണ്ട് വിട്ട് വീട്ടിലേക്ക് ഓടുന്ന ആദ്യ വിദ്യാർഥിയായ് അവൻ മാറിയിരിക്കുന്നു..അവനെ ഒന്ന് കാണാൻ വേണ്ടി കൊല്ലം രമ്യ തിയേറ്ററിൽ അവന്റെ പുറകെ ഓടിയത് അന്നേരമൊക്കെ ഞാനോർത്തു.. ആദിച്ചനല്ലൂരിലെ വിളച്ചിക്കാല ആണ് അവന്റെ സ്വദേശം.. സ്‌കൂൾ കലോത്സവങ്ങളിൽ പോലും പങ്കെടുക്കാറില്ല.. കാരണം ചോദിച്ചപ്പോൾ വേദന നിറഞ്ഞ പുഞ്ചിരി ആയിരുന്നു മറുപടി.. ഇന്ന് സ്‌കൂളിൽ വാർഷികം ആയിരുന്നു.. അവന് സ്‌കൂൾ വകയായി ഒരു മൊമെന്റോ compliment ആയി നൽകി.. വളരെ നിർബന്ധിച്ചപ്പോൾ ഒരു ഡാൻസ് ചെയ്തു.. അവനിലെ അനായാസ നർത്തകനെ കണ്ട് കണ്ണു നിറഞ്ഞു.. ഈ കുറിപ്പ് ഇവിടെ ഇടാൻ കാരണം ഇത് ലോകമലയാളികളുടെ ഇടമല്ലേ.. പുലിമുരുകൻ നമ്മുടെ മനസ്സിൽ ഇടംപിടിച്ചവൻ അല്ലേ.. അവന് ഗോഡ്ഫാദർമാരില്ല.. ഒരു സാധാരണ കുടുംബാംഗം.. നമ്മുടെ ഇടയിൽ സിനിമാക്കാരും സിനിമാപ്രവർത്തകരും ധാരാളം ഉണ്ടാവുമല്ലോ.. അവർ ആരെങ്കിലും വിചാരിച്ചാൽ അവനെ കൈപിടിച്ചുയർത്താൻ കഴിയില്ലേ.. ഒറ്റ സിനിമയിലൂടെ മലയാളിമനസ്സിൽ ഇടം പിടിച്ച, വിസ്മയ നർത്തകനായ അജാസും അവന്റെ സ്വപ്നങ്ങൾ നേടട്ടെ.. അവൻ പ്ലസ്ടു എക്‌സാം എഴുതാൻ പോവുകയാണ്..നിങ്ങളുടെ പ്രാർത്ഥന ഉണ്ടാകണം.. നിങ്ങളുടെ ഷെയർ ഏതെങ്കിലും സിനിമാക്കാരിൽ എത്തട്ടെ.. അവന്റെ ലോകം വിശാലമാകട്ടെ''

എം. എം. മഠത്തിൽ

Similar Posts