'സുരക്ഷ ഉറപ്പാക്കുമെന്ന വാഗ്ദാനങ്ങളുടെ നാല് വർഷം, ഹേമ കമ്മിഷന് റിപ്പോര്‍ട്ട് എവിടെ?' സര്‍ക്കാരിനോട് ഡബ്ല്യു.സി.സി
|നീതിക്കായി ഇനിയും എത്ര നാൾ കാത്തിരിക്കണമെന്നാണ് ഡബ്ല്യു.സി.സിയുടെ ചോദ്യം.
ജസ്റ്റിസ് ഹേമ കമ്മിഷന് റിപ്പോര്‍ട്ടില്‍ എന്തുനടപടിയെടുത്തെന്ന് കേരള സര്‍ക്കാരിനോട് സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി. കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് രണ്ട് വര്‍ഷമായി. നീതിക്കായി ഇനിയും എത്ര നാൾ കാത്തിരിക്കണമെന്നാണ് ഡബ്ല്യു.സി.സിയുടെ ചോദ്യം.
ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് പഠിച്ച് പരിഹാരം നിര്‍ദേശിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം വിമൺ ഇൻ സിനിമ കളക്ടീവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, 2018 മെയ് മാസത്തിലാണ് സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനായി സർക്കാർ മൂന്നംഗ സമിതിയെ നിയമിച്ചത്. ജസ്റ്റിസ് ഹേമ, റിട്ട ഐഎഎസ് ഓഫീസർ കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയതാണ് ജസ്റ്റിസ് ഹേമ കമ്മിഷന്. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് സര്‍ക്കാര്‍ സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചത്. മലയാള സിനിമാ രംഗത്തെ പ്രവര്‍ത്തകരോട് സംസാരിച്ച് സ്ത്രീകളുടെ വേതനം, തൊഴിലിടങ്ങളിലെ അവസ്ഥ, അവര്‍ നേരിടുന്ന ചൂഷണം എന്നീ പ്രശ്നങ്ങൾ പഠിച്ച് 2019 ഡിസംബര്‍ 31നാണ് കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ആ റിപ്പോര്‍ട്ടിന് എന്തുസംഭവിച്ചു എന്നാണ് സര്‍ക്കാരിനോട് ഡബ്ല്യു.സി.സിയുടെ ചോദ്യം-
"ജസ്റ്റിസ് ഹേമ കമ്മിഷന് റിപ്പോർട്ട് ഗവൺമെന്റിന് സമർപ്പിച്ച് ഇന്നേക്ക് രണ്ട് വർഷം!
സുരക്ഷ ഉറപ്പുവരുത്തുമെന്ന വാഗ്ദാനങ്ങളുടെ നാല് വർഷങ്ങൾ!
വ്യവസ്ഥാപിതമായ അടിച്ചമർത്തലിന്റെ നീണ്ട
ചരിത്രം!
നീതിക്ക് വേണ്ടി ഇനിയും എത്ര നാൾ നമ്മൾ കാത്തിരിക്കണം?"
ജസ്റ്റിസ് ഹേമ കമ്മിഷന് റിപ്പോർട്ട് ഗവൺമെന്റിന് സമർപ്പിച്ച് ഇന്നേക്ക് രണ്ട് വർഷം!
സുരക്ഷ ഉറപ്പുവരുത്തുമെന്ന...
Posted by Women in Cinema Collective on Thursday, December 30, 2021