'ബോളിവുഡ് ഖാന്മാർ എന്തുകൊണ്ട് രാഷ്ട്രീയം സംസാരിക്കുന്നില്ല'; മറുപടിയുമായി നസിറുദ്ധീൻ ഷാ
|ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ മയക്കുമരുന്നു കേസിൽ അറസ്റ്റിലായത് ചൂണ്ടിക്കാട്ടിയാണ് താരങ്ങളുടെ മൗനത്തെക്കുറിച്ച് നസിറുദ്ദീൻ ഷാ കൂടുതൽ വിശദമാക്കിയത്
ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അമീർ ഖാൻ തുടങ്ങിയ ബോളിവുഡ് താരങ്ങൾ എന്തുകൊണ്ട് പൊതു വിഷയങ്ങളിൽ ഇടപെടുകയോ രാഷ്ട്രീയം സംസാരിക്കുകയോ ചെയ്യുന്നില്ലെന്ന ചോദ്യത്തിന് മറുപടിയുമായി നടൻ നസിറുദ്ധീൻ ഷാ. രാഷ്ട്രീയം സംസാരിക്കുകയാണെങ്കിൽ അവർക്കൊക്കെ ഒരുപാട് നഷ്ടപ്പെടാനുണ്ടെന്നായിരുന്നു നസിറുദ്ധീൻ ഷായുടെ മറുപടി. എൻ.ഡി.ടി.വിക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം തുറന്ന് പറയുന്ന അപൂർവം ബോളിവുഡ് അഭിനേതാക്കളിൽ ഒരാളാണ് നസിറുദ്ദീൻ ഷാ. ഭരിക്കുന്ന പാർട്ടിയാണെന്ന് നോക്കിയോ കൊടിയുടെ നിറം നോക്കിയോ അല്ല അദ്ദേഹം പലപ്പോഴും തന്റെ വിമർശനങ്ങൾ പങ്കുവെക്കാറുള്ളത്. ബോളിവുഡ് താരങ്ങളിൽ പലരും പൊതു വിഷയങ്ങളിൽ ഇടപെടുകയോ രാഷ്ട്രീയം പറയുകയോ ചെയ്യുന്നില്ലെന്ന വിമർശനം ഏറെ കാലങ്ങളായുള്ളതാണ്.
''എനിക്ക് അവർക്ക് വേണ്ടി സംസാരിക്കാൻ കഴിയില്ല. അവർ നിൽക്കുന്നിടത്തല്ല ഞാൻ നിൽക്കുന്നത്. വളരെ അപകടം പിടിച്ചതാണെന്ന് തോന്നിയിട്ടായിരിക്കണം. പക്ഷേ സ്വന്തം മനസാക്ഷിയെ അവർ എങ്ങിനെ പറഞ്ഞു മനസ്സിലാക്കുമെന്ന് എനിക്കറിയില്ല. അവർക്ക് ഒരുപാട് നഷ്ടപ്പെടാനുണ്ട്. അതുകൊണ്ടായിരിക്കണം, അവർ രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയാത്തത്ത'', ബോളിവുഡ് ഖാൻമാരെ ലക്ഷ്യംവെച്ച് നസിറുദ്ധീൻ ഷാ വ്യക്തമാക്കി.
ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ മയക്കുമരുന്നു കേസിൽ അറസ്റ്റിലായത് ചൂണ്ടിക്കാട്ടിയാണ് താരങ്ങളുടെ മൗനത്തെക്കുറിച്ച് നസിറുദ്ദീൻ ഷാ കൂടുതൽ വിശദമാക്കിയത്. ''ഷാരൂഖ് ഖാന് സംഭവിച്ചതും എത്ര മാന്യമായാണ് അദ്ദേഹം അതിനെ നേരിട്ടതെന്നും നമ്മൾ കണ്ടതാണ്. അതൊരു വേട്ടയായിരുന്നു. ഷാരൂഖ് ഒന്നും സംസാരിച്ചതേയില്ല. സോനു സൂദിനും റെയ്ഡ് നേരിടേണ്ടി വന്നു. ആരും അതെക്കുറിച്ച് പ്രസ്താവനകൾ ഇറക്കിയില്ല. എനിക്കറിയില്ല, അടുത്തയാൾ ഞാൻ ആയിരിക്കാം''- നസിറുദ്ദീൻ ഷാ പറഞ്ഞു.