Entertainment
Why Boycott IC 814: The Kandahar Hijack is trending on social media?, Anubhav Sinha, Netflix web series,
Entertainment

'ഭീകരര്‍ എങ്ങനെ ശങ്കറും ബോലയും ആയി?'-കാണ്ഡഹാർ വെബ് സീരീസിനെതിരെ ബഹിഷ്‌ക്കരണ കാംപയിൻ എന്തിന്?

Web Desk
|
1 Sep 2024 1:30 PM GMT

സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്കു പിന്നാലെ വെബ് സീരീസ് കാസ്റ്റിങ് ഡയരക്ടർ മുകേഷ് ഛബ്രയും വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്

മുംബൈ: 1999ലെ കാണ്ഡഹാർ വിമാന റാഞ്ചലിനെ ആസ്പദമാക്കി അനുഭവ് സിൻഹ സംവിധാനം ചെയ്ത 'ഐ.സി 814: ദി കാണ്ഡഹാർ ഹൈജാക്ക്' വെബ് സീരീസ് കഴിഞ്ഞ ദിവസമാണ് ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്തത്. എന്നാൽ, ബോളിവുഡ് താരം വിജയ് വർമ പ്രധാന വേഷത്തിലെത്തുന്ന സീരീസിനെതിരെ പുറത്തിറങ്ങി ഏതാനും ദിവസങ്ങൾ പിന്നിടുമ്പോഴേക്കും സോഷ്യൽ മീഡിയയിൽ ബഹിഷ്‌ക്കരണാഹ്വാനം ശക്തമാകുകയാണ്. സംഘ്പരിവാർ അനുകൂല ഹാൻഡിലുകളാണു പതിവു സ്വഭാവത്തിൽ നെറ്റ്ഫ്ളിക്സിനും സംവിധായകനും ബോളിവുഡിനുമെതിരെ ഒന്നാകെ കാംപയിൻ ആറംഭിച്ചിരിക്കുന്നത്. ചിത്രത്തിൽ യഥാർഥ സംഭവങ്ങൾ വളച്ചൊടിച്ചൊടിച്ചിരിക്കുകയാണെന്ന ആരോപണമാണ് വിമർശകർ ഉയർത്തുന്നത്.

ഐ.സി 814 എന്ന പേരിൽ അറിയപ്പെടുന്ന ഇന്ത്യൻ എയർലൈൻസ് 814 വിമാനം റാഞ്ചിയ ഭീകരസംഘാംഗങ്ങളുടെ പേരു മാറ്റിയെന്നാണ് പ്രധാനമായും ആരോപണമുയരുന്നത്. പാകിസ്താൻ സ്വദേശികളായ ഇബ്രാഹിം അത്ഹർ, ഷാഹിദ് അക്തർ, സണ്ണി അഹ്മദ് ഖാസി, സഹൂർ മിസ്ത്രി, ഷാക്കിർ എന്നിവർ ചേർന്നാണ് വിമാനം റാഞ്ചിയത്. വെബ് സീരീസിൽ പക്ഷേ ബോല, ശങ്കർ, ഡോക്ടർ, ബർഗർ, ചീഫ് എന്നിങ്ങനെ ഇവരുടെ രഹസ്യനാമങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.

ചരിത്രത്തിൽ നടന്നൊരു സംഭവത്തെ കുറിച്ചു തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് വെബ് സീരീസ് പ്രചരിപ്പിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ സംഘ്പരിവാർ അനുകൂല ഹാൻഡിലുകൾ വാദിക്കുന്നത്. ഭീകരവാദത്തിന് മതമില്ലെങ്കിൽ എന്തിനാണ് ഭീകരവാദികളുടെ പേരുമാറ്റിയതെന്നാണ് ഒരു എക്സ് യൂസർ ചോദിച്ചത്. മുസ്‍ലിം ഭീകരവാദികൾക്ക് ശങ്കർ എന്നും ബോല എന്നും പേരുനൽകിയത് ലജ്ജാകരമാണെന്നും ഇതു ബോധപൂർവമായ വെള്ള പൂശലാണെന്നും മറ്റൊരാൾ വിമർശിക്കുന്നു.

അതേസമയം, വിമാനം റാഞ്ചിയ ഭീകരവാദികൾ പരസ്പരം വിളിച്ചിരുന്ന രഹസ്യനാമങ്ങളാണ് വെബ് സീരീസിലും ഉപയോഗിച്ചിരിക്കുന്നതെന്ന് ഫാക്ട് ചെക്കറായ മുഹമ്മദ് സുബൈർ വിശദീകരിക്കുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രാലയം വെബ്സൈറ്റിലെ സ്‌ക്രീൻഷോട്ടും സുബൈർ പങ്കുവച്ചു.

ഇതേകാര്യം വിശദീകരിച്ച് വെബ് സീരീസിലെ കാസ്റ്റിങ് ഡയരക്ടർ മുകേഷ് ഛബ്രയും രംഗത്തെത്തി. വിമാനം റാഞ്ചിയവരുടെ പേരുമായി ബന്ധപ്പെട്ട് നിരവധി ട്വീറ്റുകൾ കാണാനിടയായി. കൃത്യമായ ഗവേഷണം നടത്തിയിട്ടുണ്ട് ഞങ്ങൾ. അപരനാമമെന്നോ വ്യാജ നാമമെന്നോ എന്തു തന്നെ നിങ്ങൾ വിളിച്ചാലും വേണ്ടില്ല, ഇതേ പേരിലായിരുന്നു അവർ പരസ്പരം അഭിസംബോധന ചെയ്തിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതായായിലും സീരീസിലെ കാസ്റ്റിങ്ങിനെ മൊത്തത്തിൽ ഇഷ്ടപ്പെട്ടതിന് എല്ലാവരോടും നന്ദിയുണ്ട്. കൂടുതൽ പര്യവേക്ഷണം ചെയ്യാനുള്ള എല്ലാ സ്വാതന്ത്ര്യവും നൽകിയ അനുഭവ് സിൻഹയ്ക്ക് പ്രത്യേകം നന്ദി പറയുന്നുവെന്നും മുകേഷ് എക്സ് പോസ്റ്റിൽ കുറിച്ചു.

1999 ഡിസംബർ 24ന് ഒരു ക്രിസ്മസ് ആഘോഷനാളിലായിരുന്നു കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 176 യാത്രക്കാരും 15 ജീവനക്കാരുമായി ഡൽഹിയിലേക്കു പുറപ്പെട്ട വിമാനം മുഖംമൂടി ധരിച്ച അഞ്ചംഗം സംഘം റാഞ്ചിയത്. ക്യാപ്റ്റൻ ദേവിശരൺ നിയന്ത്രിച്ച വിമാനം ഭീകരരുടെ നിർദേശപ്രകാരം അമൃത്സർ, ലാഹോർ, ദുബൈ എന്നിങ്ങനെ പല കേന്ദ്രങ്ങളിൽ ഇറങ്ങിയ ശേഷം ഒടുവിൽ അഫ്ഗാനിസ്താനിലെ കാണ്ഡഹാർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുകയായിരുന്നു. ഈ സമയത്ത് താലിബാന്റെ നിയന്ത്രണത്തിലായിരുന്നു കാണ്ഡഹാർ ഉൾപ്പെടെ അഫ്ഗാന്റെ മിക്ക പ്രദേശങ്ങളും.

ഇന്ത്യയിൽ ജയിലുകളിൽ കഴിയുന്ന പാക് ഭീകരരായ അഹ്മദ് ഉമർ സഈദ് ശൈഖ്, മസൂദ് അസ്ഹർ, മുഷ്താഖ് അഹ്മദ് സർഗാർ എന്നിവരുടെ മോചനം ആവശ്യപ്പെട്ടായിരുന്നു അഞ്ചംഗ സംഘം വിമാനം റാഞ്ചിയത്. ഒടുവിൽ കടുത്ത സമ്മർദങ്ങൾക്കും നയതന്ത്ര ഇടപെടലുകൾക്കും യാത്രക്കാരുടെ കുടുംബങ്ങൾ ഉയർത്തിയ ശക്തമായ പ്രതിഷേധങ്ങൾക്കുമൊടുവിൽ അന്നത്തെ വാജ്പേയി സർക്കാർ മൂന്നുപേരെയും മോചിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇവരുടെ മോചനത്തിനു പിന്നാലെയാണു ഡിസംബർ 30നു യാത്രക്കാരെ മുഴുവൻ വെറുതെവിട്ടത്.

ക്യാപ്റ്റന്‍ ദേവിശരണും ശ്രിഞ്ജോയ് ചൗധരിയും ചേര്‍ന്നു രചിച്ച 'ഫ്ളൈറ്റ് ഇന്‍ടു ഫിയര്‍' എന്ന പുസ്തകം ആധാരമാക്കിയാണ് അനുഭവ് സിന്‍ഹ വെബ് സീരീസ് ഒരുക്കിയത്. വിജയ് വര്‍മയ്ക്കു പുറമെ നസീറുദ്ദീന്‍ ഷാഹ്, പങ്കജ് കപൂര്‍, അരവിന്ദ് സ്വാമി, ദിയ മിര്‍സ, പൂജ ഗോര്‍, പത്രലേഖ, അമൃത പുരി, കുമുദ് മിശ്ര, മനോജ് പഹ്വ, അനുപം ത്രിപാഠി, കവല്‍ജീത് സിങ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Summary: Why Boycott 'IC 814: The Kandahar Hijack' is trending on social media?

Similar Posts