'പൂജയ്ക്ക് അമ്പലത്തിൽ കയറാത്തത് എന്താണ്?'; ധ്യാൻ ശ്രീനിവാസന്റെ രസികൻ മറുപടി ഇങ്ങനെ
|ഇടപ്പള്ളി ശ്രീഅഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തിൽ വെച്ചാണ് ധ്യാൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ പൂജാ കർമ്മങ്ങൾ നടന്നത്
അഭിമുഖങ്ങളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന നടനാണ് സാക്ഷാൽ ധ്യാൻ ശ്രീനിവാസൻ. താരത്തിന്റെ അഭിമുഖങ്ങൾക്ക് കാഴ്ച്ചക്കാരേറെയുണ്ട്. അഭിമുഖങ്ങളിലെ അവതാരകരുടെ ചോദ്യത്തിന് കലക്കൻ മറുപടിയാണ് ധ്യാൻ പലപ്പോഴും നൽകാറുള്ളത്. തന്റെ മുൻകാല ജീവിതാനുഭവങ്ങളും വീട്ടുകാര്യങ്ങളും ധ്യാൻ രസകരമായി തന്നെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ പൂജയ്ക്ക് അമ്പലത്തിൽ കയറാത്തത് എന്താണെന്ന് ചോദിച്ച മാധ്യമപ്രവർത്തകന് രസികൻ മറുപടി നൽകിയിരിക്കുകയാണ് താരം.
''ആവശ്യങ്ങൾക്ക് വേണ്ടി മാത്രം അമ്പലത്തിൽ കയറേണ്ടതില്ലായെന്ന് വിചാരിക്കുന്നയാളാണ്, ഞാൻ വിശ്വാസിയാണ്, പെട്ടെന്ന് ഒരു ആവശ്യത്തിന് വേണ്ടി മാത്രം വന്ന് തൊഴുതില്ലെന്നേയുള്ളൂ, വേറെ ഒന്നുമില്ല,''_ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. അഖിൽ കാവുങ്കൽ രചനയും സംവിധാനവും നിർവഹിക്കുന്ന 'ജോയ് ഫുൾ എൻജോയ്' എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞിറങ്ങിയ ഉടനെയാണ് താരത്തിന്റെ പ്രതികരണം. ചിത്രത്തിൽ ഇന്ദ്രൻസ്, അപർണ ദാസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇടപ്പള്ളി ശ്രീഅഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തിൽ വെച്ചാണ് ചിത്രത്തിന്റെ പൂജാ കർമ്മങ്ങൾ നടന്നത്. നിർമ്മൽ പാലാഴി, ബിജു സോപാനം, കലാഭവൻ നവാസ്, വിജയകൃഷ്ണൻ, മീര നായർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഏക്താ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമർ പ്രേം, സുശീൽ വാഴപ്പിള്ളി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റോജോ തോമസ് നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം- സുകേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ- നിജിൽ ദിവാകരൻ, മേക്കപ്പ്- രാജീവ് അങ്കമാലി, സഹനിർമ്മാണം- നൗഫൽ പുനത്തിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ശരത് കെ.എസ്., അനൂപ് ഇ., എഡിറ്റർ- രാകേഷ് അശോക, സംഗീതം- ഗിരീശൻ എ.സി., കല- മുരളി ബേപ്പൂർ, സ്റ്റിൽസ് -റിഷാജ് മുഹമ്മദ്, പോസ്റ്റർ ഡിസൈൻ- മനു ഡാവിഞ്ചി. ജനുവരി 20ന് കോഴിക്കോട് ചിത്രീകരണം ആരംഭിക്കും. പി.ആർ.ഒ.- എ.എസ്. ദിനേശ്.