സര്‍ക്കാര്‍ ഒ.ടി.ടിയും നഷ്ടക്കച്ചവടമാകുമോ? മന്ത്രിയുടെ പ്രതികരണം ഇങ്ങനെ...
|സര്‍ക്കാര്‍ നിയന്ത്രണത്തില്‍ സിനിമാ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമും പരിഗണനയില്‍
തിരുവനന്തപുരം: സംസ്ഥാന സർക്കാര്‍ നിയന്ത്രണത്തില്‍ ഒ.ടി.ടി സംവിധാനം പ്രഖ്യാപിച്ചതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സി സ്പേസ് എന്ന സര്‍ക്കാര്‍ ഒ.ടി.ടി മറ്റു സര്‍ക്കാര്‍ സംരംഭങ്ങളെ പോലെ സാമ്പത്തിക നഷ്ടമാകുമെന്ന വിമര്‍ശനങ്ങളോടാണ് മന്ത്രി പ്രതികരിച്ചത്. ദുർവ്യയം ആണെന്ന വിമർശനങ്ങൾ അതിന്‍റേതായ മെറിറ്റിൽ സ്വീകരിക്കുന്നുവെന്ന് പറഞ്ഞ മന്ത്രി കുത്തക കമ്പനികളോട് മത്സരിക്കുക എന്ന ഉദ്ദേശത്തിൽ അല്ല സർക്കാർ ഇങ്ങനെയൊരു സംവിധാനം ഒരുക്കുന്നതെന്നും വ്യക്തമാക്കി. സർക്കാരിന്‍റേതായി വരുന്ന എല്ലാം മോശമാകും എന്ന മുൻധാരണ മാറ്റിവെച്ചു ശ്രമിച്ചു നോക്കാമെന്നും മന്ത്രി പറഞ്ഞു. അടുത്ത ഘട്ടത്തിൽ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമും പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു. ഫേസ്ബുക്ക് ഗ്രൂപ്പായ സിനിമാ പാരഡൈസോ ക്ലബില്‍ സി സ്പേസ് ഒ.ടി.ടിയുടെ വരവ് അറിയിച്ചുള്ള കുറിപ്പിന് താഴെയാണ് മന്ത്രിയുടെ പ്രതികരണം.
സിനിമകൾക്ക് മുൻകൂട്ടി പണം നൽകി വാങ്ങുന്ന രീതിയല്ല പുതിയ സംവിധാനത്തിലൂടെ സ്വീകരിക്കുന്നത്. പേ പെര്‍ വ്യൂ രീതിയിൽ ആണ് നിർമാതാവിന് പണം ലഭിക്കുന്നത്. അതിനാൽ തന്നെ മുൻകൂട്ടി പണം നൽകി നഷ്ടം വരുന്ന സാഹചര്യം ഉണ്ടാവുകയില്ല. ആദ്യഘട്ടത്തിൽ ഒട്ടേറെ കൊമേഴ്ഷ്യല്‍ ഫിലിംസ് അല്ല നമ്മൾ പ്രതീക്ഷിക്കുന്നത്. നിലവിൽ മറ്റെവിടെയും ലഭ്യമല്ലാത്ത രണ്ടായിരത്തോളം പഴയ മലയാള, മറ്റ് ഭാഷാ ചിത്രങ്ങൾ ഇതിൽ ലഭ്യമാക്കാൻ ശ്രമിക്കുകയാണ്. അതിനൊപ്പം തന്നെ ഐ.എഫ്.എഫ്.കെ യിൽ വരുന്ന മികച്ച ചിത്രങ്ങൾ, ഷോർട്ട് ഫിലിംസ്, ഡോക്യൂമെന്‍ററികള്‍, സമാന്തര സിനിമകൾ, കൊമേഴ്ഷ്യല്‍ ചിത്രങ്ങൾ എന്നിവയും ലഭ്യമാക്കും. സിനിമാ രംഗത്തെ പ്രഗത്ഭരുടെ സേവനം ഉപയോഗിച്ചു കൊണ്ടാകും ഈ തെരഞ്ഞെടുപ്പ് നടത്തുകയെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്‍റെ ഒ.ടി.ടി പ്ലാറ്റ് ഫോം ആയ സി സ്പേസ് കേരള പിറവി ദിനത്തിൽ യാഥാർഥ്യമാകുമെന്നാണ് മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. തിയറ്റർ വ്യവസായത്തിന് വരുമാന നഷ്ട്ടം ഉണ്ടാകാത്ത രീതിയിലായിരിക്കും ഒ.ടി.ടിയുടെ പ്രവർത്തനമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് തന്നെ ആദ്യമായാണ് സർക്കാർ മേഖലയിൽ ഒരു ഒ.ടി.ടി പ്ലാറ്റ്ഫോം ഒരുങ്ങുന്നത്. സീ സ്പേസ് എന്ന പേരിൽ ആരംഭിക്കുന്ന പ്ലാറ്റ്ഫോമിൽ സാങ്കേതിക മികവോടെയുള്ള ലോകോത്തര സിനിമാ ആസ്വാദനത്തിനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തിയറ്റർ റിലീസിംഗിനു ശേഷമാണ് സിനിമകള്‍ ഒ.ടി.ടി.യിലേക്ക് എത്തുക. അതിനാല്‍ തന്നെ ഈ സംവിധാനം കാരണം സംസ്ഥാനത്തെ തിയേറ്റർ വ്യവസായത്തിന് വരുമാന നഷ്ടം സംഭവിക്കുകയില്ല എന്നു മാത്രമല്ല ഓരോ നിർമ്മാതാവിനും എക്കാലവും ഇതിന്മേലുള്ള വരുമാനത്തിന്‍റെ ഒരു ഭാഗം ലഭിക്കുന്നതായിരിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
കലാമൂല്യമുള്ളതും, സംസ്ഥാന ദേശീയ, അന്തർ ദേശീയ പുരസ്‌കാരം നേടിയ ചിത്രങ്ങൾ, ഹ്രസ്വചിത്രങ്ങൾ,ഡോക്യുമെന്‍ററികള്‍ തുടങ്ങിയവും സീ സ്‌പേസിൽ പ്രദർശനത്തിനെത്തും. നവംബർ ഒന്നിന് പ്രവർത്തനം തുടങ്ങുന്ന പ്ലാറ്റ്ഫോമിലേക്ക് ജൂൺ ഒന്ന് മുതൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
Will government OTT also be a loss-maker? The minister responded