Entertainment
ഏത് ശിക്ഷയും സ്വീകരിക്കാൻ തയ്യാര്‍; അക്കാദമിയില്‍ നിന്നും നടന്‍ വില്‍ സ്മിത്ത് രാജിവച്ചു
Click the Play button to hear this message in audio format
Entertainment

ഏത് ശിക്ഷയും സ്വീകരിക്കാൻ തയ്യാര്‍; അക്കാദമിയില്‍ നിന്നും നടന്‍ വില്‍ സ്മിത്ത് രാജിവച്ചു

Web Desk
|
2 April 2022 1:06 AM GMT

അവതാരകന്‍ ക്രിസ് റോക്കിനെ തല്ലിയതിൽ അക്കാദമി അച്ചടക്ക നടപടി ചർച്ച ചെയ്യാനിരിക്കെയാണ് സ്മിത്തിന്റെ നടപടി

ലോസ് ഏഞ്ചല്‍സ്: അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട് ആന്‍റ് സയന്‍സസില്‍ നിന്ന് നടൻ വിൽ സ്മിത്ത് രാജിവെച്ചു. അവതാരകന്‍ ക്രിസ് റോക്കിനെ തല്ലിയതിൽ അക്കാദമി അച്ചടക്ക നടപടി ചർച്ച ചെയ്യാനിരിക്കെയാണ് സ്മിത്തിന്‍റെ നടപടി. ഓസ്കർ വേദിയിലെ പെരുമാറ്റം മാപ്പർഹിക്കാത്തതെന്നും ഏത് ശിക്ഷാവിധിയും സ്വീകരിക്കാൻ തയ്യാറാണെന്നും വിൽ സ്മിത്ത് പറഞ്ഞു. ഭാര്യയെ കളിയാക്കിയതിന് അവതാരകനായ ക്രിസ് റോക്കിന്‍റെ മുഖത്ത് വിൽ സ്മിത്ത് അടിച്ചത് ഏറെ വിവാദത്തിന് വഴിവെച്ചിരുന്നു.


''94-ാമത് അക്കാദമി അവാർഡ് വിതരണച്ചടങ്ങിലെ എന്‍റെ പ്രവൃത്തി ഞെട്ടിപ്പിക്കുന്നതും വേദനാജനകവും ക്ഷമിക്കാനാകാത്തതുമായിരുന്നു. ഞാൻ വേദനിപ്പിച്ചവരുടെ പട്ടിക വളരെ വലുതാണ്, അതിൽ ക്രിസും അദ്ദേഹത്തിന്‍റെ കുടുംബവും എന്‍റെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും സന്നിഹിതരായിരുന്ന എല്ലാവരും, ആഗോള പ്രേക്ഷകർ എന്നിവരും ഉൾപ്പെടുന്നു. ഞാൻ അക്കാദമിയുടെ വിശ്വാസത്തെ വഞ്ചിച്ചു. മറ്റ് കലാകാരന്‍മാരെ അവരുടെ അസാധാരണമായ നേട്ടം ആഘോഷിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി. എന്‍റെ ഹൃദയം തകര്‍ന്നിരിക്കുന്നു. നേട്ടങ്ങൾ അർഹിക്കുന്നവരിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സിനിമയിലെ സർഗാത്മകതയെയും കലാപരതയെയും പിന്തുണയ്ക്കുന്നതിനായി അക്കാദമി ചെയ്യുന്ന അവിശ്വസനീയമായ പ്രവർത്തനത്തിലേക്ക് തിരിച്ചുവരാനും ഞാൻ ആഗ്രഹിക്കുന്നു'' വില്‍ സ്മിത്ത് വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.


നടിയും അവതാരകയും സാമൂഹ്യപ്രവര്‍ത്തകയുമായ ജാഡ പിങ്കറ്റ് സ്മിത്തിനെക്കുറിച്ചുള്ള അവതാരകന്‍ ക്രിസ് റോക്കിന്‍റെ പരാമര്‍ശമായിരുന്നു വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. പിങ്കറ്റ് സ്മിത്ത് തലമുടി കൊഴിഞ്ഞു പോകുന്ന രോഗമായ അലോപേഷ്യ ബാധിതയാണ്. മികച്ച ഡോക്യുമെന്‍റിക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് പറഞ്ഞു. ജിഐ ജെയ്ൻ സിനിമയിലെ ഡെമി മൂറിന്‍റെ ലുക്കാണ് ജാഡക്ക് എന്നായിരുന്നു ക്രിസ് റോക്കിന്‍റെ പരിഹാസം.നിന്‍റെ വൃത്തികെട്ട വായ കൊണ്ട് എന്‍റെ ഭാര്യയെക്കുറിച്ച് പറയരുതെന്ന് ഉറക്കെപ്പറയുകയും ചെയ്തു. തുടര്‍ന്ന് ഓസ്കര്‍ പുരസ്കാര വേദിയില്‍ വച്ചു തന്നെ വില്‍ സ്മിത്ത് പരസ്യമായി മാപ്പു പറഞ്ഞു. തൊട്ടടുത്ത ദിവസം ക്രിസ് റോക്കിനോട് വില്‍ സ്മിത്ത് നേരിട്ട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

Similar Posts