എന്താണ് അലോപേഷ്യ, വില്‍ സ്മിത്തിന്‍റെ ഒറ്റ 'അടി'യിലൂടെ ലോകം തിരഞ്ഞ രോഗത്തെ കുറിച്ചെല്ലാം...
|2018ല്‍ റെഡ് ടേബിള്‍ ടോക്ക് എന്ന അഭിമുഖ പരമ്പരയിലൂടെ ജാദ അലോപേഷ്യ അവസ്ഥയെ കുറിച്ച് മനസ്സുതുറന്നിരുന്നു
ഓസ്കര്‍ പുരസ്കാര പ്രഖ്യാപനത്തിനിടെ നടന്‍ വില്‍ സ്മിത്ത് അവതാരകന്‍റെ മുഖത്തടിച്ചത് ഏവരെയും ഞെട്ടിപ്പിച്ച സംഭവമായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ സഹതാരങ്ങളടക്കം സ്തബ്ധരായിരുന്നു. ഭാര്യയ്ക്ക് മുടിയില്ലാത്തതിനെ പരിഹസിച്ചുള്ള അവതാരകന്‍റെ കമന്‍റാണ് വില്‍ സ്മിത്തിനെ പ്രകോപിപ്പിച്ചത്. ജി.ഐ ജെയ്ൻ എന്ന ചിത്രത്തിലെ ഡെമി മൂറിന്‍റെ രൂപവുമായാണ് വില്‍ സ്മിത്തിന്‍റെ ഭാര്യ ജാദയെ ക്രിസ് റോക്ക് താരതമ്യപ്പെടുത്തിയത്. ഉടന്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ വില്‍ സ്മിത്ത് വേദിയിലെത്തി ക്രിസ് റോക്കിന്‍റെ മുഖത്തടിക്കുകയായിരുന്നു.
ക്രിസ് റോക്ക് പരിഹസിച്ച വില്‍ സ്മിത്തിന്‍റെ ഭാര്യ ജാദ അലോപേഷ്യ രോഗത്തിന്‍റെ പിടിയിലാണ്. 2018ല്‍ റെഡ് ടേബിള്‍ ടോക്ക് എന്ന അഭിമുഖ പരമ്പരയിലൂടെ ജാദ ഈ അവസ്ഥയെ കുറിച്ച് മനസ്സുതുറന്നിരുന്നു. 2021 ജൂലൈ മുതലാണ് ജാദ തലമുടി മൊട്ടയടിച്ച് പരസ്യമായി പ്രത്യക്ഷപ്പെടുന്നത്. 1997–ലാണ് വില്‍ സ്മിത്തും ജാദയും വിവാഹിതരാവുന്നത്. ഇവര്‍ക്കു ജേഡന്‍, വില്ലോ എന്നീ മക്കളുമുണ്ട്. പർസ്യൂട്ട് ഓഫ് ഹാപ്പിനസ്സ്, കരാട്ടെ കിഡ് എന്നീ സിനിമകളില്‍ ജേഡന്‍ അഭിനയിച്ചിട്ടുണ്ട്.
എന്താണ് അലോപേഷ്യ ഏരിയേറ്റ?
അസാധാരണമായി ശരീരത്തിലെ മുടി കൊഴിഞ്ഞുപോകുന്ന അവസ്ഥയാണ് അലോപേഷ്യ ഏരിയേറ്റ(Alopecia areata). രോഗപ്രതിരോധ സംവിധാനത്തിലെ തകരാറുകള്‍ ഹെയര്‍ ഫോളിക്കുകളെ ബാധിക്കുകയും മുടികൊഴിച്ചിലിന് കാരണമാവുകയും ചെയ്യുന്നതാണ് ഈ രോഗം. തലമുടിക്ക് പുറമേ കണ്‍പീലി, പുരികം ശരീരത്തിലെ മറ്റുഭാഗങ്ങളില്‍ എന്നിവ അലോപേഷ്യ ബാധിച്ച് മുടിയെല്ലാം കൊഴിഞ്ഞുപോകാറുണ്ട്. അസുഖത്തിന്‍റെ തീവ്രത വ്യക്തികള്‍ക്കനുസരിച്ച് വ്യത്യാസപ്പെടാം. ചിലര്‍ക്ക് പെട്ടെന്നും മറ്റു ചിലരില്‍ സമയമെടുത്തുമാണ് മുടി കൊഴിച്ചില്‍ അനുഭവപ്പെടാറ്. യഥാര്‍ത്ഥത്തില്‍ ഒരു രോഗപ്രതിരോധ സംവിധാനമാണ് അലോപേഷ്യ ഏരിയേറ്റ എന്നും പറയാം. രോഗപ്രതിരോധ സംവിധാനത്തില്‍ തകരാറുകള്‍ സംഭവിക്കുകയും നല്ല കോശങ്ങളെ ബാധിക്കുകയും ചെയ്യുന്നതിലൂടെയാണ് ഈ രോഗാവസ്ഥ തീവ്രമാവുക.
രോഗ ലക്ഷണങ്ങള്‍:
തലയിലെ രോമങ്ങള്‍ വട്ടത്തില്‍ കൊഴിയുക, താടിയിലെ രോമങ്ങള്‍ കൊഴിയുക, കണ്‍പീലികളും പുരികങ്ങളും കൊഴിയുക, നഖങ്ങളില്‍ ചുവപ്പ് നിറം പ്രത്യക്ഷമാവുക, നഖങ്ങള്‍ പെട്ടെന്ന് പൊട്ടിയടരുക എന്നിവയാണ് അലോപേഷ്യ ഏരിയേറ്റയുടെ രോഗ ലക്ഷണങ്ങള്‍.
ചികിത്സ:
അലോപേഷ്യ ഏരിയേറ്റ ഭേദമാക്കുന്നതിന് പ്രത്യേക ചികിത്സാ സംവിധാനങ്ങള്‍ ഒന്നും തന്നെയില്ല. ഭാവിയില്‍ മുടികൊഴിച്ചില്‍ കുറക്കാനും മുടിയുടെ വളര്‍ച്ച കൂട്ടാനും ഉപകരിക്കുന്ന ടോപ്പിക്കല്‍ ഏജന്‍റ്സ്(മുടിയുടെ വളര്‍ച്ച ഉത്തേജിപ്പിക്കുന്ന മരുന്നുകള്‍), സ്റ്റിറോയ്ഡ് ഇന്‍ജക്ഷന്‍സ്, ഗുളികകള്‍, ലൈറ്റ് തെറാപ്പി എന്നിവ ചികിത്സക്കായി ഉപയോഗിക്കാറുണ്ട്. അനാവശ്യമായി മുടി കൊഴിച്ചില്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ വിദഗ്ധ ഡോക്ടറെ സമീപിക്കാവുന്നതാണ്.
All About Alopecia Areata