Entertainment
മോഹന്‍ലാലിന് കിട്ടുന്ന ഇളവ് സാധാരണക്കാരന് കിട്ടുമോ?; ആനക്കൊമ്പ് കേസില്‍ ഹൈക്കോടതി
Entertainment

'മോഹന്‍ലാലിന് കിട്ടുന്ന ഇളവ് സാധാരണക്കാരന് കിട്ടുമോ?'; ആനക്കൊമ്പ് കേസില്‍ ഹൈക്കോടതി

Web Desk
|
6 Dec 2022 2:14 PM GMT

മോഹന്‍ലാലിന്‍റെ സ്ഥാനത്ത് സാധാരണക്കാരന്‍ ആയിരുന്നെങ്കില്‍ ഇപ്പോൾ ജയിലിൽ ആയേനെയെന്ന് ഹൈക്കോടതി

കൊച്ചി: മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആനക്കൊമ്പ് കേസില്‍ മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന സർക്കാർ വാദത്തിലാണ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്. ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.

മോഹന്‍ലാലിന് കിട്ടുന്ന ഇളവ് സാധാരണക്കാരന് കിട്ടുമോ എന്ന് ഹൈക്കോടതി ചോദിച്ചു. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, മോഹന്‍ലാലിന്‍റെ സ്ഥാനത്ത് സാധാരണക്കാരന്‍ ആയിരുന്നെങ്കില്‍ ഇപ്പോൾ ജയിലിൽ ആയേനെയെന്നും കൂട്ടിച്ചേര്‍ത്തു. ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്ന് മോഹൻലാൽ കോടതിയെ അറിയിച്ചു. ഇത് വൈൽഡ് ലൈഫ് ആക്ടിന്‍റെ പരിധിയിൽ വരില്ലെന്നും മോഹന്‍ലാല്‍ വാദിച്ചു. ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള പ്രോസിക്യൂഷന്‍ ഹര്‍ജി തള്ളിയത് ചോദ്യം ചെയ്താണ് മോഹന്‍ലാല്‍ കോടതിയെ സമീപിച്ചത്.

2012 ജൂണിൽ ആദായനികുതി വിഭാഗം മോഹൻലാലിന്‍റെ തേവരയിലുള്ള വീട്ടിൽ നടത്തിയ റെയ്ഡിലായിരുന്നു ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. നാല് ആനക്കൊമ്പുകളായിരുന്നു ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. ആനക്കൊമ്പ് കൈവശം വെച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.

Related Tags :
Similar Posts