Entertainment
ആദ്യം ചേട്ടന്‍, പിന്നെ അമ്മ, ഇപ്പോള്‍ അച്ഛനും; കുടുംബാംഗങ്ങളുടെ വേര്‍പാടില്‍ ഹൃദയം തകര്‍ന്ന് മഹേഷ് ബാബു
Entertainment

ആദ്യം ചേട്ടന്‍, പിന്നെ അമ്മ, ഇപ്പോള്‍ അച്ഛനും; കുടുംബാംഗങ്ങളുടെ വേര്‍പാടില്‍ ഹൃദയം തകര്‍ന്ന് മഹേഷ് ബാബു

Web Desk
|
15 Nov 2022 11:22 AM GMT

മഹേഷിന്‍റെ സഹോദരനും നടനും നിര്‍മാതാവുമായ രമേഷ് ബാബു കഴിഞ്ഞ ജനുവരിയിലാണ് അന്തരിച്ചത്

ഹൈദരാബാദ്: ഒരു കാലത്ത് തെലുങ്ക് സിനിമയെ അടക്കിവാണിരുന്ന താരമായ കൃഷ്ണയുടെ മരണം സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. അഞ്ച് പതിറ്റാണ്ട് നീണ്ടുനിന്ന തന്‍റെ അഭിനയജീവിതത്തില്‍ 350ലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമകള്‍ നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. നടന്‍ മഹേഷ് ബാബുവിന്‍റെ പിതാവ് കൂടിയാണ് കൃഷ്ണ. മഹേഷ് ബാബുവിനെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷം നഷ്ടങ്ങളുടെ വര്‍ഷമാണ്. ചേട്ടനും അമ്മക്കും പിന്നാലെ ഇപ്പോള്‍ അച്ഛനും ഈ ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്.

മഹേഷിന്‍റെ സഹോദരനും നടനും നിര്‍മാതാവുമായ രമേഷ് ബാബു കഴിഞ്ഞ ജനുവരിയിലാണ് അന്തരിച്ചത്. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു 56കാരനായ രമേഷിന്‍റെ മരണം. ബാലതാരമായി സിനിമയിലെത്തിയ രമേഷ് 15ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മഹേഷ് ബാബുവിനെ നായകനാക്കി അര്‍ജുന്‍, അതിഥി എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചത് കൃഷ്ണയായിരുന്നു.'നിങ്ങള്‍ എന്റെ പ്രചോദനമായിരുന്നു, നിങ്ങളായിരുന്നു എന്‍റെ ശക്തി. നിങ്ങളായിരുന്നു എന്റെ ധൈര്യം, നിങ്ങള്‍ എന്റെ എല്ലാം ആയിരുന്നു, നിങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍, ഞാന്‍ ഇന്ന് കാണുന്നതിന്‍റെ പകുതി പോലും ആകില്ലായിരുന്നു. നിങ്ങള്‍ എനിക്കായി ചെയ്ത എല്ലാത്തിനും നന്ദി. ഇനി വിശ്രമിക്കുക...വിശ്രമിക്കുക...ഈ ജീവിതത്തിലും എനിക്ക് മറ്റൊരു ജീവിതമുണ്ടെങ്കില്‍ അതിലും നിങ്ങള്‍ എന്നും എന്റെ സഹോദരനായിരിക്കും. എന്നെന്നും നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു'. എന്നായിരുന്നു സഹോദരന്‍റെ വിയോഗത്തിനു പിന്നാലെ മഹേഷ് ബാബു പങ്കുവച്ച കുറിപ്പ്.

ചേട്ടന്‍ പോയതിന്‍റെ മുറിവുണങ്ങും മുന്‍പെ ആയിരുന്നു അമ്മ ഇന്ദിരദേവിയുടെ മരണം. സെപ്തംബറിലായിരുന്നു ഇന്ദിരയുടെ അന്ത്യം. അസുഖബാധിതയായി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇന്ദിരാ ദേവി.അമ്മയെക്കുറിച്ചുള്ള വിശേഷങ്ങള്‍ മഹേഷ് ബാബു എപ്പോഴും സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. എല്ലാം ജന്‍മദിനത്തിലും അമ്മയ്ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.

അമ്മ മരിച്ച് രണ്ടു മാസം തികയും മുന്‍പെ ഇപ്പോള്‍ അച്ഛനും വിട പറഞ്ഞു. ഒരു വര്‍ഷത്തിനിടയില്‍ ജീവിതത്തിലെ മൂന്ന് പ്രധാനപ്പെട്ട വ്യക്തികളെയാണ് മഹേഷ് ബാബുവിന് നഷ്ടപ്പെട്ടത്. പ്രിയപ്പെട്ടവരുടെ വേര്‍പാട് താരത്തെ തളര്‍ത്തിയിരിക്കുകയാണ്. ''അമ്മയെയും സഹോദരനെയും ഇപ്പോള്‍ അച്ഛനെയും നഷ്ടപ്പെട്ടതിന്‍റെയും ആഘാതം മഹേഷ് ബാബുവിന് സഹിക്കേണ്ടി വരുന്നു. പ്രിയ മഹേഷ് ഗാരുവിനോട് എന്‍റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു'' നടന്‍ കമല്‍ഹാസന്‍ കുറിച്ചു. മാതാപിതാക്കളോട് അത്യധികം സ്നേഹമുള്ള മഹേഷ് ബാബുവിന് ഈ വിയോഗം താങ്ങാനുള്ള ശക്തി ലഭിക്കട്ടെ എന്ന പ്രാര്‍ഥനയിലാണ് ആരാധകര്‍.


Similar Posts