Entertainment
Bhanupriya

ഭാനുപ്രിയ

Entertainment

ഓര്‍മ്മക്കുറവുണ്ട്, സിനിമാ സെറ്റില്‍ വച്ച് ഡയലോഗുകള്‍ പോലും മറന്നു; ആരോഗ്യാവസ്ഥയെക്കുറിച്ച് നടി ഭാനുപ്രിയ

Web Desk
|
6 Feb 2023 7:34 AM GMT

'രണ്ടു വര്‍ഷം മുന്‍പാണ് ഭര്‍ത്താവ് മരിക്കുന്നത്

ഹൈദരാബാദ്: ഒരു കാലത്ത് തെന്നിന്ത്യയില്‍ നിറഞ്ഞുനിന്ന അഭിനേത്രിയായിരുന്നു ഭാനുപ്രിയ. ആന്ധ്ര സ്വദേശിയായ താരം കുച്ചിപ്പുടി നര്‍ത്തകിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ്. തെലുങ്ക്, തമിഴ്,കന്നഡ,മലയാളം,ഹിന്ദി ഭാഷകളിലായി 155 ഓളം ചിത്രങ്ങളില്‍ ഭാനുപ്രിയ വേഷമിട്ടിട്ടുണ്ട്. മോഹന്‍ലാലിന്‍റെ നായികയായി അഭിനയിച്ച രാജശില്‍പി എന്ന ഒറ്റചിത്രം മാത്രം മതി ഭാനുപ്രിയയിലെ നര്‍ത്തകിയെ അറിയാന്‍. ഇപ്പോഴിതാ തന്‍റെ ആരോഗ്യാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. തെലുങ്ക് യുട്യൂബ് ചാനലായ 'തെലുങ്ക് വണിന്' നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍.


ഈയിടെയായി തനിക്ക് ഓര്‍മക്കുറവ് അനുഭവപ്പെടുന്നുണ്ടെന്നാണ് നടി പറഞ്ഞത്. ഇതു തനിക്ക് വളരെയധികം പ്രശ്നമുണ്ടാക്കുന്നുണ്ടെന്നും ഭാനുപ്രിയ വ്യക്തമാക്കി. ''രണ്ടു വര്‍ഷം മുന്‍പാണ് ഭര്‍ത്താവ് മരിക്കുന്നത്. അതിനു ശേഷം കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ട് നേരിടുകയാണ്. ഷൂട്ടിംഗ് സമയത്ത് കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ എനിക്ക് കഴിയുന്നില്ല. ഒരിക്കല്‍ ഡയലോഗ് പോലും ഞാന്‍ മറന്നു. മൂന്നു വര്‍ഷം മുന്‍പ് എന്‍റെ ആരോഗ്യനില മോശമാണെന്ന വാര്‍ത്തകള്‍ കേട്ടപ്പോള്‍ നടി രാധ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ എന്‍റെ വീട്ടില്‍ വന്നിരുന്നു. ഞാനും ഭർത്താവും വിവാഹമോചിതരായിരുന്നില്ല.ഇതേ കുറിച്ച് നിരവധി കിംവദന്തികൾ പ്രചരിക്കുന്നുണ്ട്, എന്നാൽ ആ വ്യക്തി ഇല്ലാതായതിനാൽ ഇപ്പോൾ അവയെക്കുറിച്ച് സംസാരിക്കാന്‍ ഞാൻ ആഗ്രഹിക്കുന്നില്ല.80കളിലെ അഭിനേതാക്കളുടെയും നടിമാരുടെയും ഒത്തുചേരലുകളുടെ ഭാഗമാകാൻ തന്നെ ക്ഷണിച്ചിട്ടില്ലെന്നും'' ഭാനുപ്രിയ കൂട്ടിച്ചേർത്തു.

ലളിത ജീവിതം നയിക്കാനാണ് തനിക്കിഷ്ടമെന്നും വീട്ടിലിരുന്ന് സമയം ചെലവഴിക്കാനും വായിക്കാനും പാട്ട് കേൾക്കാനും ജോലികൾ ചെയ്യാനും ഇഷ്ടപ്പെടുന്ന ഒരാളാണ് താനെന്നും ഭാനുപ്രിയ പറയുന്നു. 20 കാരിയായ അഭിനയ ഏകമകളാണ്. ലണ്ടനിലെ ലോഫ്ബോ സര്‍വകലാശാലയില്‍ നാച്ചുറല്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ് അഭിനയ. സന്ധ്യാ രാജുവിന്‍റെ 'നാട്യം' എന്ന നൃത്തത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിലാണ് ഭാനുപ്രിയ അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ നായികയുടെ അമ്മയായിട്ടാണ് ഭാനുപ്രിയ അഭിനയിച്ചത്. ഈ ചിത്രത്തിനു ശേഷം അത്തരം വേഷങ്ങൾ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ആരാധകരും അഭ്യുദയകാംക്ഷികളും തനിക്ക് വാട്ട്‌സ്ആപ്പിൽ സന്ദേശമയച്ചതായും പറഞ്ഞു.

1983ല്‍ മെല്ല പേശുങ്കള്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഭാനുപ്രിയ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്നങ്ങോട്ട് ഭാനുപ്രിയക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നന്ദി അവാര്‍ഡ്, തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, ഫിലിംഫെയര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നടിക്ക് ലഭിച്ചു. മലയാളത്തില്‍ രാജശില്‍പി, ഹൈവേ,അഴകിയ രാവണന്‍,കുലം, ഋഷിശ്യംഗന്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, മഞ്ഞുപോലൊരു പെണ്‍കുട്ടി,ഹൃദയത്തില്‍ സൂക്ഷിക്കാന്‍,രാത്രിമഴ തുടങ്ങിയ ചിത്രങ്ങളിലാണ് വേഷമിട്ടത്.

Similar Posts