'യു.പിയിലേക്ക് വരൂ': ബോളിവുഡ് സെലിബ്രിറ്റികളുമായി യോഗി ആദിത്യനാഥിന്റെ കൂടിക്കാഴ്ച
|യു.പി ചലച്ചിത്ര സൗഹൃദ സംസ്ഥാനമാണെന്ന് യോഗി ആദിത്യനാഥ്
മുംബൈ: സിനിമാ ചിത്രീകരണത്തിന് ബോളിവുഡ് താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും ഉത്തര്‍പ്രദേശിലേക്ക് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യു.പി ചലച്ചിത്ര സൗഹൃദ സംസ്ഥാനമാണെന്ന് ബോളിവുഡ് താരങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.
''നിങ്ങളുടെ സിനിമാ മേഖലയില്‍ നിന്ന് രണ്ടു പേരെ ഞങ്ങള്‍ എം.പിമാരാക്കി. നിങ്ങൾ നേരിടുന്ന പ്രശ്നങ്ങള്‍ എന്തെല്ലാമാണെന്നും എന്താണ് ചെയ്യേണ്ടതെന്നും ഞങ്ങൾക്കറിയാം. സമൂഹത്തെ ഒന്നിപ്പിക്കുന്നതിലും രാജ്യത്തിന്റെ ഐക്യവും പരമാധികാരവും സംരക്ഷിക്കുന്നതിലും സിനിമ നിർണായക പങ്കുവഹിക്കുന്നു"- ബോളിവുഡ് താരങ്ങളും അണിയറ പ്രവര്‍ത്തകരുമായി മുംബൈയില്‍ സംവദിക്കവേ യോഗി ആദിത്യനാഥ് പറഞ്ഞു.
അടുത്ത മാസം ലഖ്നൗവിൽ നടക്കുന്ന നിക്ഷേപക ഉച്ചകോടിയുടെ പ്രചാരണത്തിനായി മുംബൈയില്‍ എത്തിയതായിരുന്നു യോഗി ആദിത്യനാഥ്. ഉത്തർപ്രദേശ് ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി ഉയർന്നെന്നും ദേശീയ ചലച്ചിത്ര അവാർഡുകളിലും അന്താരാഷ്ട്ര ചലച്ചിത്രമേളയിലും (ഐഎഫ്എഫ്ഐ) അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ സിനിമാ ഷൂട്ടിങ്ങിന് സുരക്ഷിതമായ അന്തരീക്ഷവും ആനുകൂല്യങ്ങളും ഉറപ്പാക്കുമെന്ന് യോഗി ആദിത്യനാഥ് വാഗ്ദാനം ചെയ്തു. തന്റെ സർക്കാരിന്റെ ചലച്ചിത്ര നയമനുസരിച്ച് യു.പിയിൽ ഒരു വെബ് സീരീസ് ചിത്രീകരിക്കുകയാണെങ്കിൽ 50 ശതമാനം സബ്സിഡി ലഭിക്കും. സ്റ്റുഡിയോകളും ഫിലിം ലാബുകളും സ്ഥാപിക്കുന്നതിന് 25 ശതമാനം സബ്സിഡി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
നടൻ സുനിൽ ഷെട്ടി, നിർമാതാവ് ബോണി കപൂർ, ഗോരഖ്പൂർ ലോക്സഭാ എംപിയും നടനുമായ രവി കിഷൻ, ഭോജ്പുരി നടൻ ദിനേഷ് ലാൽ നിർഹുവ, പിന്നണി ഗായകരായ സോനു നിഗം, കൈലാഷ് ഖേർ, സംവിധായകരായ ചന്ദ്രപ്രകാശ് ദ്വിവേദി, മധുര് ഭണ്ഡാർക്കർ, രാജ്കുമാർ സന്തോഷി തുടങ്ങിയവര്‍ യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.