Entertainment
നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയ പാട്ട് 100 വര്‍ഷം പഠിച്ചാലും പാടാന്‍ പറ്റില്ല; വിവാദങ്ങളില്‍ അല്‍ഫോണ്‍സ് ജോസഫ്
Entertainment

'നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയ പാട്ട് 100 വര്‍ഷം പഠിച്ചാലും പാടാന്‍ പറ്റില്ല'; വിവാദങ്ങളില്‍ അല്‍ഫോണ്‍സ് ജോസഫ്

ijas
|
24 July 2022 6:15 AM GMT

'വർഷങ്ങളുടെ പരിശീലനമോ പഠനമോ അല്ല, നിങ്ങളുടെ ഹൃദയം കൊണ്ടും ആത്മാവ് കൊണ്ടും മനസുകൊണ്ടും നിങ്ങളെന്ത് നൽകിയെന്നതാണ് കാര്യം'

ദേശീയ പുരസ്കാരം ലഭിച്ച നഞ്ചിയമ്മക്കെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ്. അയ്യപ്പനും കോശിയും സിനിമയില്‍ നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയ പാട്ട് 100 വര്‍ഷം പഠിച്ചാലും പാടാന്‍ സാധിക്കില്ലെന്ന് അല്‍ഫോണ്‍സ് ജോസഫ് പറഞ്ഞു. താന്‍ നഞ്ചിയമ്മയെ പിന്തുണയ്ക്കുന്നതായും അല്‍ഫോണ്‍സ് പ്രതികരിച്ചു. നഞ്ചിയമ്മയെ വിമർശിച്ച് സംഗീതജ്ഞൻ ലിനുലാൽ തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ കമൻ്റായാണ് അദ്ദേഹം തൻ്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

'ഞാൻ നഞ്ചിയമ്മയ്ക്കൊപ്പമാണ്. ദേശീയ പുരസ്കാര സമിതി കാണിച്ച മഹത്തായ ഈ മാതൃകയിൽ ഞാനവരെ പിന്തുണയ്ക്കുന്നു. കാരണം പഠനമോ പരിശീലനമോ ഇല്ലാതെ നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് 100 വർഷങ്ങളെടുത്ത് പഠിച്ചാലും സാധിക്കില്ലെങ്കിൽ ഞാൻ പഠിക്കാൻ തയ്യാറല്ല. വർഷങ്ങളുടെ പരിശീലനമോ പഠനമോ അല്ല, നിങ്ങളുടെ ഹൃദയം കൊണ്ടും ആത്മാവ് കൊണ്ടും മനസുകൊണ്ടും നിങ്ങളെന്ത് നൽകിയെന്നതാണ് കാര്യം. ഇതാണ് എൻ്റെ അഭിപ്രായം.'- അൽഫോൺസ് ജോസഫ് പറഞ്ഞു.

ഒരു മാസം കൊടുത്താലും സാധാരണ ഒരു ഗാനം പഠിച്ചു പാടാൻ നഞ്ചിയമ്മയ്ക്ക് സാധിക്കില്ലെന്നാണ് ഡ്രമ്മറും സംഗീതഞ്ജനുമായ ലിനുലാൽ ഫേസ്ബുക്ക് വീഡിയോയിലൂടെ വിമര്‍ശിക്കുന്നത്. നഞ്ചിയമ്മയ്ക്ക് അവാർഡ് നൽകാനുള്ള തീരുമാനം സംഗീതത്തെ ജീവിതമായി കാണുന്നവർക്ക് ഇൻസൽട്ടായി തോന്നുമെന്നും അയ്യപ്പനും കോശിയും സിനിമയിലെ ഗാനത്തിന് പ്രത്യേക ജൂറി പരാമർശമായിരുന്നു നൽകേണ്ടിയിരുന്നതെന്നും ലിനു പറയുന്നു. നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നൽകിയത് സംഗീതത്തെ ജീവിതമായി കാണുന്നവർക്ക് അപമാനമായി തോന്നുമെന്നും ലിനു വിമര്‍ശിച്ചു.

അയ്യപ്പനും കോശിയും ' എന്ന ചിത്രത്തിലെ 'കെലക്കാത്ത സന്ദനമരം വെഗാ വെഗാ പൂത്തിറിക്ക്‌...''എന്ന ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചത്. 2020 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പുരസ്കാരം നഞ്ചിയമ്മ നേടിയിരുന്നു. ആദിവാസി സമൂഹത്തിലെ ഇരുള സമുദായത്തിൽ നിന്നുള്ള നഞ്ചിയമ്മ കുടുംബത്തോടൊപ്പം പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ നക്കുപതി പിരിവ് ഊരിൽ ആണ് താമസിക്കുന്നത്.

Similar Posts