FIFA World Cup
കളം നിറഞ്ഞും വല നിറച്ചും വലൻസിയ; ഖത്തറിനെ തകർത്ത് ഇക്വഡോർ
FIFA World Cup

കളം നിറഞ്ഞും വല നിറച്ചും വലൻസിയ; ഖത്തറിനെ തകർത്ത് ഇക്വഡോർ

Web Desk
|
20 Nov 2022 6:06 PM GMT

ലോകകപ്പില്‍ അഞ്ച് ഗോളുകള്‍ നേടുന്ന ആദ്യ ഇക്വഡോര്‍ താരമെന്ന നേട്ടം എന്നെര്‍ വലന്‍സിയ സ്വന്തമാക്കി

ദോഹ: ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഗ്രൂപ്പ് എയിലെ പോരാട്ടത്തിൽ ആതിഥേയരായ ഖത്തറിനെ രണ്ട് ഗോളിന് തകർത്ത് ഇക്വഡോർ. ക്യാപ്റ്റൻ എന്നർ വലൻസിയയാണ് രണ്ട് ഗോളും സ്‌കോർ ചെയ്തത്. കളം നിറഞ്ഞ് കളിച്ച ഇക്വഡോർ ക്യാപ്റ്റന്റെ കാലുകളിൽ തന്നെയായിരുന്നു കളിയുടെ നിയന്ത്രണം. ഇക്വഡോർ നീക്കങ്ങളെ പ്രതിരോധിക്കാനായിരുന്നു ഖത്തർ താരങ്ങൾ സമയം കണ്ടെത്തിയത്. കളിയുടെ പല ഘട്ടങ്ങളിലും വലൻസിയെ ഖത്തർ ബോക്‌സിൽ തലവേദന സൃഷ്ട്ച്ചു കൊണ്ടേയിരുന്നു.

കളിയുടെ തുടക്കത്തിൽ തന്നെ ആക്രമിച്ചു തുടങ്ങുകയായിരുന്നു ഇക്വഡോർ. മത്സരം ആരംഭിച്ച് മൂന്നാം മിനുട്ടിൽ തന്നെ ഇക്വഡോർ മുന്നിലെത്തിയിരുന്നു. ഒരു ഫ്രീകിക്കിൽ നിന്ന് പിറന്ന അവസരം വലൻസിയ ഗോളാക്കി മാറ്റി തുടർന്ന് ആഹ്ലാദവും നടന്നു. എന്നാൽ ഓഫ് സൈഡ് ഉണ്ടെന്ന് വാർ കണ്ടെത്തിയതോടെ ആ ഗോൾ നിഷേധിക്കപ്പെട്ടു. വീണ്ടും വലൻസിയയുടെ ഊഴം. 16-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് ക്യാപ്റ്റൻ ഇക്വഡോറിനെ മുന്നിലെത്തിച്ചു. വലൻസിയയെ ബോക്സിൽ വീഴ്ത്തിയ ഖത്തർ ഗോൾകീപ്പർ സാദ് അൽ ഷീബിന്റെ നടപടിയാണ് പെനാൽറ്റിക്ക് കാരണമായത്.

31-ആം മിനുട്ടിൽ വലൻസിയ വീണ്ടും വല കണ്ടെത്തി. ഇത്തവണ പ്രെസിയാഡോ നൽകിയ ക്രോസ് തലവെച്ച് വലൻസിയ വലയിൽ എത്തിക്കുക ആയിരുന്നു. ഇതോടെ ലോകകപ്പില്‍ അഞ്ച് ഗോളുകള്‍ നേടുന്ന ആദ്യ ഇക്വഡോര്‍ താരമെന്ന നേട്ടം എന്നെര്‍ വലന്‍സിയ സ്വന്തമാക്കി. ആദ്യ പകുതിയിൽ ഒരു ഘട്ടത്തിൽ ഒരിക്കലും പോലും ഖത്തറിന് ഒരു അവസരവും സൃഷ്ടിക്കാനായില്ല. അധിക സമയത്ത് ഖത്തർ താരം അലിക്ക് കിട്ടിയ അവസരം മുതലാക്കാനുമായില്ല.

അതേസമയം ആക്രമണം തുടര്‍ന്ന ഇക്വഡോര്‍, ഖത്തര്‍ ബോക്‌സില്‍ അപകടം സൃഷ്ടിച്ചുകൊണ്ടേയിരുന്നു. മോയ്‌സസ് കായ്‌സെഡോയും ഏയ്ഞ്ചലോ പ്രെസിയാഡോയും ചേര്‍ന്ന് നിരന്തരം ഖത്തര്‍ ബോക്‌സിലേക്ക് പന്തുകള്‍ എത്തിച്ചുകൊണ്ടേയിരുന്നു. ബോക്‌സില്‍ വലന്‍സിയ ഖത്തര്‍ പ്രതിരോധത്തിന് നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.

രണ്ടാം പകുതിയിൽ ഗോൾ തിരിച്ചടിക്കുമെന്ന വാശിയിൽ തന്നെയാണ് ഖത്തർ താരങ്ങൾ പന്തു തട്ടിയത്. 54-ാം മിനിറ്റിൽ അക്രം ആഫിഫിന്റെ ഷോട്ട് ഇക്വഡോർ ഗോൾ വലയ്ക്കടുത്തൂകൂടെ കടന്നുപോയി. 78-ാം മിനിറ്റിൽ മികച്ച അവസരം ഇക്വഡറിന് ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. എന്നാൽ 85-ാം മിനിറ്റിൽ ഖത്തർ താരം അൽമോസ് അലി തൊടുത്ത് വിട്ട പന്ത് ഗോളായെന്ന് ഉറപ്പിച്ചെങ്കിലും ബാറിന് തൊട്ടു മുകളിലൂടെ ആ സ്വപ്‌നം അസ്തമിച്ചു.

ഖത്തർ ടീം: സാദ് അൽഷീബ്; പെഡ്രോ മിഗുവേൽ, ബൗലേം ഖൗഖി, ബാസം ഹിഷാം, അബ്ദുൽകരീം ഹസ്സൻ, ഹമാം അഹമ്മദ്; അബ്ദുൽ അസീസ് ഹാതം, ഹസ്സൻ അൽഹൈദോസ്, കരീം ബൗദിയാഫ്; അക്രം അഫീഫ്, അൽമോസ് അലി.

ഇക്വഡോര്‍ ടീം ഇ: ഗലിൻഡസ്; പ്രെസിയാഡോ, ടോറസ്, ഹിൻകാപ്പി, എസ്റ്റുപിനാൻ; പ്ലാറ്റ, മെൻഡെസ്, കൈസെഡോ, ഇബാര; വലെൻസിയ, എസ്ട്രാഡ.

ഫിഫ റാങ്കിംഗിൽ ഇക്വഡോർ 44-ാം സ്ഥാനത്താണെങ്കിൽ ഖത്തർ 50-ാം സ്ഥാനത്താണ്. ചരിത്രത്തിൽ ആദ്യമായാണ് ഖത്തർ ലോകകപ്പിൽ പന്ത് തട്ടുന്നത്.

Similar Posts