മെസ്സിയോ റോണോയോ? ഇഷ്ടതാരത്തെ കുറിച്ചു റജബ് ത്വയ്യിബ് ഉർദുഗാൻ
|രാഷ്ട്രീയമാണ് കളരിയെങ്കിലും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമുണ്ട് ഫുട്ബോൾ കമ്പം.
രാഷ്ട്രീയമാണ് കളരിയെങ്കിലും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമുണ്ട് ഫുട്ബോൾ കമ്പം. കാൽപന്ത് കളിയെ പ്രേമിക്കുന്നു എന്ന് മാത്രമല്ല, ഇഷ്ട താരവുമുണ്ട് അദ്ദേഹത്തിന്. തിങ്കളാഴ്ച തുർക്കിഷ് ഏറോസ്പേസ് ഇൻഡസ്ട്രീസ് സംഘടിപ്പിച്ച യൂത്ത് ആൻഡ് ടെക്നോളജി മീറ്റിങ്ങിലാണ് തന്റെ ഫുട്ബോൾ പ്രേമത്തെ കുറിച്ചു അദ്ദേഹം മനസ്സ് തുറന്നത്.
മെസ്സിയാണോ റൊണാൾഡോ ആണോ ഇഷ്ടതാരം എന്ന ചോദ്യത്തിന് ഉർദുഗാൻ പറഞ്ഞ മറുപടി ഇങ്ങനെ; "ഞാനൊരു റൊണാൾഡോ ആരാധകനാണ്. ലോകകപ്പിൽ സ്പെയിനുമായുള്ള ആദ്യ മത്സരത്തിൽ അദ്ദേഹം നേടിയ ഹാട്രിക്ക് തീർത്തും നിർണ്ണായകമാണ്."
"കളിക്കളത്തിൽ റോണോ കാഴ്ചവെക്കുന്ന പ്രകടനം, അദ്ദേഹത്തിന്റെ വ്യക്തിത്വം, ആത്മവിശ്വാസം, എല്ലാത്തിലുമുപരി ഫലസ്തീൻ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ നിലപാട്, എല്ലാം റോണോയെ എനിക്ക് പ്രിയപ്പെട്ടവനാക്കുന്നു," റൊണാള്‍ഡോയോടുള്ള ഇഷ്ടത്തെക്കുറിച്ചു ഉർദുഗാൻ വാചാലനാവുന്നു.
റഷ്യ ലോകകപ്പിലെ വമ്പന്‍ ടീമുകളുടെ ആദ്യ മത്സരങ്ങളെ കുറിച്ചും ഉർദുഗാൻ സംസാരിച്ചു. "ജര്‍മനിയായിരിക്കും ജേതാക്കൾ എന്നാണ് ഞാൻ ആദ്യം കരുതിയിരുന്നത്. എന്നാൽ എന്റെ ധാരണ തെറ്റായിരുന്നു. ആദ്യ കളിയിൽ തന്നെ അവർ പരാജയപ്പെട്ടു. ഇനിയുള്ള കളികൾ ജർമ്മനിക്ക് നിർണ്ണായകമാണ്. വമ്പന്മാരെല്ലാം ആദ്യ കളികളിൽ പരാജയം നേരിടുകയാണ്. അവർക്കു നിലവിലെ പ്രകടനവുമായി മുന്നോട്ട് പോകാനാവുമോ എന്നത് പ്രവചനാതീതമാണ്", ഉർദുഗാൻ പറഞ്ഞു.
2018 ഫിഫ ലോകകപ്പിന് കഴിഞ്ഞ ആഴ്ചയാണ് റഷ്യയിൽ വിസിൽ മുഴങ്ങിയത്. ലോക ജനതയെ മുഴുവൻ ഒരു തുകൽ പന്തിലേക്ക് തിരിച്ച ഫുട്ബോൾ മാമാങ്കത്തിന് ജൂലൈ 15 ന് തിരശീല വീഴും.