വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്രൊയേഷ്യ
|ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഐസ്ലന്ഡിനെതിരെ ക്രൊയേഷ്യക്ക് ജയം
ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഐസ്ലന്ഡിനെതിരെ ക്രൊയേഷ്യക്ക് ജയം. അമ്പത്തിമൂന്നാം മിനിറ്റില്‍ മിലന് ബഡേല്ജ് ആണ് ഗോള്‍ നേടിയത്. മോഡ്രിക്കിന്റെ പാസ് മിലന് ബഡേല്ജ് തന്ത്രപരമായി കാലുകളിലൊതുക്കി ഉതിര്‍ത്ത ഷോട്ട് ഐസ്ലന്ഡ് ഗോളി ആല്ഡേസനെ മറികടന്ന് ഗോള്‍ വലയം ചലിപ്പിക്കുകയായിരുന്നു. പക്ഷെ സിര്ഗ്ഗേഴ്സന് പെനാല്‍ട്ടിയിലൂടെ ഐസ്ലന്ഡ് തിരിച്ചടിച്ചു. ഓരോ നിമിഷവും ഇഞ്ചോടിഞ്ച് പോരാട്ടം മുറുകുന്ന നേരം തൊണ്ണൂറാം മിനിറ്റില്‍ ഇവാന് പെറിഷിന്റെ ഗോളിലൂടെ ക്രൊയേഷ്യ മുന്നിലെത്തി. ഇതോടെ മൂന്ന് കളികളും ജയിച്ച് ക്രൊയേഷ്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാട്ടറിലേക്ക് പ്രവേശിപ്പിച്ചു. പ്രീ ക്വാട്ടറില്‍ ഡെന്മാര്ക്കാണ് ക്രൊയേഷ്യയുടെ എതിരാളികള്‍.
ഐസ്ലന്‍ഡിനെതിരേ ക്രൊയേഷ്യയുടെ രണ്ടാം നിരയെയാണ് ഇറക്കിയത്. അര്‍ജന്റീനക്കെതിരായ മത്സരത്തില്‍ നിന്ന് ഗോള്‍കീപ്പറെ അടക്കം ഒമ്പത് മാറ്റങ്ങളുമായാണ് ക്രൊയേഷ്യ കളിക്കുന്നത്. അര്‍ജന്റീനക്കെതിരേ കളിച്ച പെരിസിച്ചിനേയും മോഡ്രിച്ചിനേയും മാത്രമാണ് ക്രൊയേഷ്യ ടീമില്‍ നിലനിര്‍ത്തിയിരിക്കുന്നത്. ലിവാക്കോവിച്ചിനെ മാറ്റി രണ്ടാം ഗോള്‍കീപ്പര്‍ ലവ്റെ കാലിനിച്ചിനെയാണ് ക്രൊയേഷ്യ പരീക്ഷിക്കുന്നത്. അര്‍ജന്റീനക്കെതിരേ ഗോളടിച്ച റെബിച്ചും റാക്കിറ്റിച്ചും സ്ട്രൈക്കര്‍ മന്‍സൂക്കിച്ചും ഫൈനല്‍ ഇലവനിലുണ്ടായിരുന്നില്ല. നിലവില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുള്ള ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു കഴിഞ്ഞു. ഇതാണ് രണ്ടാം നിരയെ പരീക്ഷിക്കാന്‍ പ്രേരിപ്പിച്ചത്.