Football
ഈ ടീമുകള്‍ റഷ്യന്‍ ലോകകപ്പില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്ത് 
Football

ഈ ടീമുകള്‍ റഷ്യന്‍ ലോകകപ്പില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്ത് 

Web Desk
|
21 Jun 2018 3:37 AM GMT

ആകെ ആറ് ഗോളുകള്‍ വഴങ്ങി. ഒരു ഗോള്‍ പോലും മടക്കിയതുമില്ല. ഇതായിരുന്നു സൗദിക്ക് തിരിച്ചടിയായത്.

റഷ്യന്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഏതാനും ടീമുകള്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഗ്രൂപ്പ് എയില്‍ നിന്ന് സൗദി അറേബ്യയും ഈജിപ്തുമാണ് ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായവര്‍. യുറഗ്വയോട് സൗദി തോറ്റതോടെയാണ് ഇരു ടീമുകളുടെയും പ്രതീക്ഷകള്‍ അവസാനിച്ചത്. ഗ്രൂപ്പ് ബിയില്‍ മൊറോക്കോക്കും പ്രീ ക്വാര്‍ട്ടര്‍ കടക്കാനായില്ല. ഇൌ ഗ്രൂപ്പില്‍ നാല് പോയിന്‍റുമായി സ്പെയിനും പോര്‍ച്ചുഗലുമുണ്ട്. മൂന്ന് പോയിന്റുമായി ഇറാന്‍ മൂന്നാമതാണ്.

ആകെ ആറ് ഗോളുകള്‍ വഴങ്ങി. ഒരു ഗോള്‍ പോലും മടക്കിയതുമില്ല. ഇതായിരുന്നു സൗദിക്ക് തിരിച്ചടിയായത്. ജയമോ സമനിലയോ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇല്ല. റഷ്യ അഞ്ച് തവണയാണ് സൗദി വലയില്‍ പന്തെത്തിച്ചത്. യുറുഗ്വെ ഒരു തവണയും. യുറുഗ്വെയ്ക്കെതിരെ ജയമോ, സമനിലയോ നേടണമായിരുന്നു. മൂന്നാം മത്സരത്തില്‍ ഈജിപ്തിനെ തോല്‍പ്പിക്കുകയും യുറോഗ്വായ്ക്കെതിരെ റഷ്യ ജയം നേടുകയും ചെയ്തിരുന്നെങ്കില്‍ സൗദിക്ക് പ്രതീക്ഷ വെക്കാമായിരുന്നു.

സലാഹ്

പക്ഷെ യുറുഗ്വെയോട് തോല്‍വി വഴങ്ങിയതോടെ പുറത്തേക്കുള്ള വഴി തുറന്നു. ഈജിപ്തിനുണ്ടായിരുന്ന നേരിയ പ്രതീക്ഷ യുറുഗ്വെയ്ക്കെതിരെ സൌദിയുടെ വിജയത്തിലായിരുന്നു. അങ്ങനെയെങ്കില്‍ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ മികച്ച മാര്‍ജിനില്‍ സൗദിയെ തോല്‍പ്പിക്കുകയും യുറുഗ്വെയ്ക്കെതിരെ റഷ്യ വിജയം നേടുകയും ചെയ്താല്‍ ഈജിപ്തിന് പ്രീ ക്വാര്‍ട്ടറില്‍ കടക്കാമായിരുന്നു. എന്നാല്‍ കണക്കിലെ കളികളും ഭാഗ്യവും ഈ രണ്ട് ടീമിനെയും തുണച്ചില്ല. മുഹമ്മദ് സലാഹ് എന്ന മികച്ച താരത്തിന്റെ സാന്നിധ്യം ഇനി കണ്ടേക്കുക ഒരു കളിയില്‍ മാത്രം.

ഗ്രൂപ്പ് ബിയില്‍ ഇറാനോടും പോര്‍ച്ചുഗലിനോടും തോറ്റ മൊറോക്കോക്കും ഇനി അവസാന പതിനാറില്‍ എത്താനാകില്ല. അവശേഷിക്കുന്ന മത്സരത്തില്‍ നേരിടേണ്ടത് ശക്തരായ സ്പെയിനെയും. മറ്റു ഗ്രൂപ്പുകളില്‍ ടീമുകളുടെ രണ്ടാം മത്സരങ്ങള്‍ ഇന്ന് തുടങ്ങുകയാണ്. രണ്ട് മത്സരങ്ങള്‍ കഴിഞ്ഞാല്‍ ഏകദേശ ചിത്രം വ്യക്തമാവും.

Similar Posts