സെനഗല്‍ നിരയും ചില വംശീയ യാഥാര്‍ത്ഥ്യങ്ങളും
|ഈ ലോകകപ്പിലെ ഏക കറുത്ത വര്‍ഗക്കാരനായ കോച്ചാണ് സിസ്. ‘ഭൂലോകമാമാങ്കം’ എന്നറിയപ്പെടുന്ന ഫുട്ബാള്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ഇങ്ങനെ പടനയിക്കുന്ന ഒമ്പതാമത്തെ കറുത്ത വര്ഗക്കാരനായിരിക്കാം അദ്ദേഹം...
സെനഗലും പോളണ്ടും തമ്മിലുള്ള മത്സരം അരങ്ങേറിയ ദിവസം സ്റ്റേഡിയത്തില്‍ എവിടെ നോക്കിയാലും പോളിഷ് ആരാധകരെ മാത്രമാണ് കാണാന്‍ സാധിക്കുമായിരുന്നുള്ളൂ. അവര്‍ ധരിച്ച കടുംചുവപ്പും വെള്ളയും ജേഴ്സികള്‍ ചുവപ്പ് സീറ്റുകളുള്ള സ്പാര്‍ടക് സ്റ്റേഡിയത്തെ കൂടുതല്‍ ചുവപ്പിലാഴ്ത്തി. 44,000ലധികം വന്ന ആള്‍ക്കൂട്ടത്തിനിടയില്‍ ചിലയിടങ്ങളില്‍ മാത്രമാണ് പോളണ്ടുകാരെ കാണാന്‍ സാധിക്കാതിരുന്നത്.
ആതിഥേയരായ രാജ്യം പങ്കെടുക്കാത്ത ഒരു മത്സരത്തില്‍ ഇങ്ങനെയൊരു കാഴ്ച വിചിത്രമായിരുന്നു. എന്നാല്‍ ലോകകപ്പ് ഒരിക്കലും ആളുകളെ തുല്യരാക്കുന്ന ഒരു ശക്തിയല്ല.
സ്വന്തം രാജ്യം കളിക്കുന്നുണ്ടെങ്കിലും ലോകകപ്പ് വേദിയില്‍ പോയി കാണുക എന്നത് മിക്ക പൗരന്മാരുടെയും കഴിവിനപ്പുറമാണ്. പോളണ്ട് താരതമ്യേന അടുത്തു നില്ക്കുന്ന രാജ്യമായതിനാലും യാത്രാചെലവ് കുറവായതിനാലും അവര്‍ക്ക് കൂട്ടത്തോടെ പങ്കെടുക്കാന്‍ സാധിച്ചു. മറ്റേയറ്റത്ത് സെനഗളില്‍ നിന്ന് വന്ന ആരാധകര്‍ ആയിരമെങ്കിലും വരുമോ എന്ന് സംശയമാണ്.
അതുകൊണ്ടു തന്നെ പോളണ്ടിന്റെ ദേശീയഗാനം മുഴങ്ങിയപ്പോള്‍ സ്റ്റേഡിയത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ആരാധകര്‍ അത് ആവേശത്തോടെ ഏറ്റു പാടി. എന്നാല്‍ സെനഗളിന്റെ ദേശീയഗാനം പോളിഷുകാരുടെ കൂട്ടകൈയടിയില് മുങ്ങിപ്പോവുകയായിരുന്നു. അവരുടെ വീര്യം ചോര്‍ത്താന്‍ വേണ്ടിയാണിത് ചെയ്തതെങ്കില്‍ അതൊട്ടും ഫലം കണ്ടില്ല നല്ലൊരു വിജയത്തോടു കൂടിയാണ് സെനഗള്‍ തങ്ങളുടെ ലോകകപ്പ് യാത്ര ആരംഭിച്ചത്.
പതിനാറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയ വിഖ്യാതമായ ലോകകപ്പിന് ശേഷം സെനഗല്‍ ഇതാദ്യമായാണ് ലോകകപ്പ് വേദിയിലേക്ക് തിരിച്ചെത്തുന്നത്. ഫുട്ബാള്‍ ഭൂപടത്തില്‍ സെനഗല്‍ എന്ന രാജ്യത്തെയും 'തെരാങ്കയിലെ സിംഹങ്ങള്‍' എന്നറിയപ്പെടുന്ന കളിക്കാരെയും അടയാളപ്പെടുത്തിയ വര്‍ഷമായിരുന്നു അത്. 2002ല്‍ മത്സരത്തിന്റെ ആദ്യ ദിവസം തന്നെ നിലവിലെ ജേതാക്കളായ ഫ്രാന്‍സിനെ അട്ടിമറിച്ചു കൊണ്ടു നടത്തിയ തുടക്കം ഫുട്ബാള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഞെട്ടിപ്പിക്കുന്ന നിമിഷങ്ങളിലൊന്നായിരുന്നു.
അന്നത്തെ മത്സരവുമായി പോളണ്ടുമായുള്ള മത്സരത്തെ താരതമ്യപ്പെടുത്താന്‍ ചില ശ്രമങ്ങള്‍ നടന്നെങ്കിലും കോച്ചായ അലിയു സിസ് ഇതംഗീകരിക്കുന്നില്ല. വിജയത്തുടക്കം ലഭിക്കുന്നത് പ്രധാനമാണെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും സിസെ വിരല്‍ചൂണ്ടുന്നത് ചരിത്രത്തിലേക്കാണ്. 'ഇത് രണ്ടും ഒന്നല്ല. ഫ്രാന്‍സും സെനഗലും തമ്മിലൊരു ചരിത്രമുണ്ട്. ഫ്രാന്‍സ് സെനഗലിനെ കോളനിവത്കരിച്ച രാജ്യമായതിനാല്‍ ആദ്യത്തെ മത്സരത്തില്‍ തന്നെ അവരെ നേരിടുക എന്നത് ഞങ്ങളെ സംബന്ധിച്ച് ഒരു പ്രത്യേക നിമിഷമായിരുന്നു. ഞങ്ങള്‍ അഭയാര്‍ത്ഥികളായിരുന്നു. പലരും (23 കളിക്കാരില്‍ 21 പേര്) ഫ്രാന്‍സില്‍ കളിച്ചിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.
സെനഗള്‍ കളിക്കുന്നില്ലായിരുന്നില്ലെങ്കില് അവരില്‍ പലരും ഫ്രാന്‍സിനു വേണ്ടി ജഴ്സിയണിയാന്‍ പോലും സാധ്യതയുണ്ടായിരുന്നു. സിസയടക്കം പലരും ഫ്രാന്‍സില്‍ തങ്ങള്‍ ചെലവിട്ട സമയം ഉപയോഗപ്പെടുത്തിയാണ് അവരുടെ ഫുട്ബോള്‍ ജീവിതം ആരംഭിച്ചത്. അന്നത്തെയും ഇന്നത്തെയും വിജയങ്ങള്‍ ഒരേ തലത്തില്‍ കാണാന്‍ സാധിക്കില്ലെന്ന് 2002ല്‍ ചരിത്രം രചിച്ച സംഘത്തിന്റെ ക്യാപ്റ്റനായിരുന്ന സിസ്സിന് മറ്റാരെക്കാളും നന്നായി അറിയാം.
ചരിത്രത്തിന്റെ മാത്രമല്ല, ചില വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളുടെ കൂടി പ്രതിനിധിയാണ് അലിയു സിസ്. ഈ ലോകകപ്പിലെ ഏക കറുത്ത വര്‍ഗക്കാരനായ കോച്ചാണ് സിസ്. 'ഭൂലോകമാമാങ്കം' എന്നറിയപ്പെടുന്ന ഫുട്ബാള്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ഇങ്ങനെ പടനയിക്കുന്ന ഒമ്പതാമത്തെ കറുത്ത വര്ഗക്കാരനായിരിക്കാം ഇദ്ദേഹം. കറുത്ത വര്‍ഗക്കാരായ കോച്ചുമാരുടെ പ്രത്യേക പട്ടികയില്ലെങ്കിലും അവരുടെ എണ്ണത്തിലെ ദാരിദ്യം ആര്‍ക്കും തള്ളിക്കളയാനാവാത്ത വിധം പ്രകടമാണ്.
ഇക്കാര്യത്തില്‍ ഫുട്ബാളിനെ കുറ്റം പറയാന്‍ സിസ് തയ്യാറല്ലെങ്കിലും അദ്ദേഹം തിങ്കളാഴ്ച പത്രസമ്മേളനത്തില്‍ വെച്ചു പറഞ്ഞ കാര്യങ്ങള്‍ പലതും വിളിച്ചോതുന്നുണ്ട്. 'ഈ ലോകകപ്പിലെ ഒരേയൊരു കറുത്ത വര്‍ഗക്കാരനായ കോച്ച് ഞാനാണെന്ന കാര്യം സത്യമാണ്. ഫുട്ബാള്‍ രാജ്യാതിര്ത്തികള്ക്കപ്പുറമാണ്. ഒരു കറുത്ത വര്ഗക്കാരന് ഈ സ്ഥാനത്ത് വരുന്നത് നല്ല കാര്യമാണെങ്കിലും ഫുട്ബാളിന്റെ സത്യങ്ങള്‍ക്കപ്പുറത്ത് ഞങ്ങള്‍ക്കിടയിലും ഗുണമേന്മയുള്ള കോച്ചുകളുണ്ടെന്നാണ് ഇത് കാണിക്കുന്നത്. ആഫ്രിക്കന്‍ ഫുട്ബാളിലും ലോക ഫുട്ബാളിലും സ്വന്തമായി സ്ഥാനമുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന ഒരു പുതുതലമുറയുടെ പ്രതിനിധിയാണ് ഞാന്‍,' അദ്ദേഹം ചൂണ്ടിക്കാട്ടി.
കോച്ചു മാത്രമല്ല, ടീമിന്റെ ബാക്കിയുള്ള സ്റ്റാഫും 'സ്വന്തം വീട്ടില്‍' നിന്നു തന്നെയാണ്. ഇതില്‍ രണ്ടു പേര് ടോണി സില്‍വയും ഒമര്‍ ദാഫും 2002ലെ ടീമിന്റെ ഭാഗമായിരുന്നു. ആഫ്രിക്കന്‍ കഴിവിലുള്ള സിസ്സിന്റെ വിശ്വാസം വെറും സംസാരത്തില്‍ മാത്രമല്ല എന്ന് ഇതില്‍ നിന്ന് വായിച്ചെടുക്കാം.
മാത്രമല്ല, ആഫ്രിക്കന്‍ ഒരുമ എന്നത് കോച്ച് എന്ന നിലയില്‍ സിസെ നടത്തുന്ന പ്രസ്താവനകളില്‍ ആവര്‍ത്തിച്ച് വരുന്ന വിഷയമാണ്. തെരാങ്കയിലെ സിംഹങ്ങള്‍ സ്വന്തം രാജ്യത്തിന്റെ മാത്രമല്ല, മൊത്തം ആഫ്രിക്കയുടെ പ്രതിനിധികളാണെന്ന് സിസെ ഉറപ്പിച്ചു പറയുന്നു. ഭൂഖണ്ഡത്തിലെ ബാക്കി നാല് രാജ്യങ്ങളും തോല്‍വിയോടെയാണ് ആരംഭിച്ചത് എന്ന് കൂടി ശ്രദ്ധിക്കുമ്പോള്‍ സെനഗളിന്റെ ഈ വിജയത്തിന് പ്രത്യേക മഹിമ കൈവരുന്നുണ്ട്.
തുടക്കത്തില്‍ തന്നെ ഓരോ രാജ്യത്തിന്റെയും നിലവാരം തീര്‍ച്ചപ്പെടുത്തുക പ്രയാസമാണ്. എന്നിട്ടു പോലും ഫുട്ബാളിനെ പൊതിയുന്ന യൂറോകേന്ദ്രീകൃത കാഴ്ചപ്പാടുകള്‍ ഓരോ തവണ ആഫ്രിക്കന്‍ രാജ്യങ്ങളുടെ പ്രകടനത്തില്‍ വീഴ്ച വരുമ്പോഴും അവരുടെ 'ഗുണനിലവാരത്തെ' ചോദ്യം ചെയ്യാന്‍ തിടുക്കം കൂട്ടുന്നു. ഫുട്ബാള്‍ ലോകത്ത് നിലനില്‍ക്കുന്ന അധികാര ഘടനയില്‍ നിന്നാണ് ഈ അവലോകനങ്ങള്‍ വരുന്നതെന്ന് വ്യക്തം. ഫുട്ബാള്‍ തങ്ങള്‍ക്ക് സ്വന്തമാണെന്നും നാലു വര്‍ഷത്തിലൊരിക്കല്‍ തങ്ങള്‍ നടത്തുന്ന ഒരു പരിപാടിയിലെ അതിഥികള്‍ മാത്രമാണ് ബാക്കിയുള്ളവരെന്നുമുള്ള തരത്തിലുള്ള ഒരു കാഴ്ചപ്പാട് യൂറോപ്പില്‍, പ്രത്യേകിച്ച് പടിഞ്ഞാറന്‍ യൂറോപ്പില്‍, നിലനില്‍ക്കുന്നുണ്ട്.
സെനഗല്‍ ഈ ആശയത്തിനെതിരെ മുഷ്ടിയുയര്ത്തുന്നുണ്ട്. 2002ല്‍ തങ്ങളുടെ ആദ്യ ലോകകപ്പില്‍ അവര്‍ ഫ്രാന്‍സിനെയും സ്വീഡനെയും പുറത്താക്കി. 16 വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ അവര്‍ പോളണ്ടിനെ തോല്പിച്ചിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്ന് എന്ന നിലയില്‍ അതിശയിപ്പിക്കുന്ന ഒരു നേട്ടമാണിത്. മടിയന്മാരും അച്ചടക്കമില്ലാത്തവരുമായ ആഫ്രിക്കക്കാര്‍ എന്ന മറ്റൊരു വംശീയ കാഴ്ചപ്പാടിനെയും ആദ്യ മത്സരത്തില്‍ തന്നെ സെനഗളീസ് ഭാഗം വലിച്ചുകീറി കുപ്പയിലേക്കെറിഞ്ഞു.
യൂറോപ്പിലെ മുന്‍നിര ക്ലബുകളില്‍ ഇന്ന് സെനഗലീസ് കളിക്കാരുടെ സാന്നിധ്യമുണ്ടെന്നുള്ളതും ഈ ഫലത്തെ ബാധിച്ചിരിക്കാം. ലിവര്‍പൂളിലെ സാഡിയോ മൈനും നപ്പോളിയിലെ കാലിഡോ കൂലിബലിയും എവര്ടണിലെ ഇദ്രിസ ഘാന ഗെയിയും ലോകത്തിലെ മികച്ച താരങ്ങളുമായി നിരന്തരം മാറ്റുരക്കുന്നവരാണ്. 2002ലെ പ്രകടനം ആവര്‍ത്തിക്കാന്‍ സാധിച്ചില്ലെങ്കിലും മികച്ച ഈ അരങ്ങേറ്റം തന്നെ സെനഗളീസ് ഫുട്ബാളിന് പല നേട്ടങ്ങളും നല്‍കുമെന്ന കാര്യം തീര്‍ച്ചയാണ്.
കറുത്ത വര്‍ഗക്കാരായ കോച്ചുകളെ തെരഞ്ഞെടുക്കുന്നതിനെതിരെ നിലനില്‍ക്കുന്ന മുന്‍വിധികളെ മാറ്റാനും ഇത് സഹായിച്ചേക്കാം. പല തലങ്ങളിലായി അരങ്ങേറിക്കൊണ്ടിരിക്കുന്ന ഒരു ചര്‍ച്ചയാണിത്. ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ക്ക് അവസരങ്ങള്‍ നല്കാന് കുറഞ്ഞത് അത്തരത്തിലുള്ള ഒരാളെയെങ്കിലും കോച്ചിന്റെ സ്ഥാനത്തേക്ക് അഭിമുഖം ചെയ്യണമെന്ന നിയമം (റഗ്ബി രീതിയിലുള്ള) അമേരിക്കന്‍ ഫുട്ബാളില്‍ നിലനില്‍ക്കുന്നുണ്ട്. 'റൂണി റൂള്‍' എന്ന് വിളിക്കുന്ന ഈ നിയമം യൂറോപ്യന്‍ ഫുട്ബാളിലും കൊണ്ടുവരണമെന്ന് ആവശ്യങ്ങളുയരുന്നുണ്ട്. കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് ഫുട്ബാള്‍ ലീഗിലുണ്ടായിരുന്ന 92 കോച്ചുമാരില്‍ വെറും എട്ട് പേര് മാത്രമാണ് ന്യൂനപക്ഷ വിഭാഗക്കാരുണ്ടായിരുന്നത്. ഇതില്‍ ഏഷ്യക്കാരും ആഫ്രിക്കക്കാരും പെടും.
വെള്ളക്കാരായ കോച്ചുകളോടുള്ള താത്പര്യം വളരെക്കാലമായി ആഫ്രിക്കന്‍ ഫുട്ബാളിലും നിലനില്‍ക്കുന്നുണ്ടെങ്കിലും നൈജീരിയയുടെ സ്ടീഫന്‍ കെശിയുടെയും കോങ്ഗോയുടെ ഫ്ലോര്‍ ഇബെങ്കെയുടെയും സിസ്സിന്റെയും വിജയഗാഥകള്‍ ഈ കാഴ്ചപ്പാടുകളെ മാറ്റിമറിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ലോകകപ്പ് ആരംഭിക്കുന്നതിന് മുന്‍പ് പല തരത്തിലുള്ള വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന സിസ്സിന് റഷ്യയില്‍ നല്ല പ്രകടനങ്ങള്‍ കാഴ്ച വെക്കാന്‍ സാധിച്ചാല്‍ മാറ്റത്തിന്റെ പുതിയൊരധ്യായം രചിക്കാനാകും.
ലോകകപ്പിനു മുന്‍പ് ഗാര്ഡിയന് പത്രത്തിന് നല്കിയ അഭിമുഖത്തില്‍ ലിവര്‍പൂള്‍ താരം സ്റ്റാന്‍ കോളിമൂര് ഫുട്ബാളില്‍ കറുത്ത വര്‍ഗക്കാരായ കോച്ചുകള്‍ നേരിടുന്ന അവഗണനയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. 'തുറന്നടിച്ച് സംസാരിക്കുന്ന കറുത്തവനാണ് വെള്ളക്കാരന്റെ ഏറ്റവും വലിയ ഭയം' എന്നാണ് കോളിമൂര് അഭിപ്രായപ്പെട്ടത്. സിസ്സിന്റെ ശാന്തമായ ആത്മവിശ്വാസം ചിലപ്പോള്‍ ഈ കളിയ്ക്ക് കീഴിലുള്ള അനീതിയുടെ അടിത്തറയെ ഇളക്കിയേക്കാം. ഒരു എതിര്‍പ്പും തങ്ങളെ കുലുക്കില്ലെന്ന് ഈ കോച്ചിന്റെയും അയാളുടെ കളിക്കാരുടെയും ആത്മവിശ്വാസത്തില്‍ നിന്ന് പ്രകടമാണ്. നല്ല ഈ തുടക്കം തുടരാനായാല്‍ ആ യാത്രയില്‍ പല മിഥ്യാധാരണകളെയും തകര്‍ത്തെറിയാന്‍ അവര്‍ക്ക് സാധിക്കുമെന്ന് നിശ്ചയം.
കടപ്പാട് ദ വയര്‍