അര്‍ജന്‍റീനക്ക് നൈജീരിയ നല്‍കിയ കച്ചിത്തുരുമ്പ്; മെസിക്കൂട്ടത്തിന് ഇനി കടക്കേണ്ട കടമ്പകള്‍...
|ക്രൊയേഷ്യക്ക് മുമ്പില്‍ തകര്‍ന്നടിഞ്ഞതോടെ അര്‍ജന്‍റീനയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ കൂടിയാണ് ഇല്ലാതായത്. ഇനിയൊരു തിരിച്ചുവരവിന്‍റെ സാധ്യത വിരളമാണെന്ന് വിധിയെഴുതപ്പെട്ടു.
ഗ്രൂപ്പ് ഡിയില്‍ നൈജീരിയയുടെ വിജയത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് അര്‍ജന്‍റീനയാണ്. എല്ലാം അവസാനിച്ചുവെന്ന് കരുതിയ സാഹചര്യത്തില്‍ നിന്നും തിരിച്ച് വരവിന്‍റെ സാധ്യതകളാണ് ഐസ്‍ലന്‍ഡിനെ പരാജയപ്പെടുത്തി നൈജീരിയ തുറന്നിട്ടിരിക്കുന്നത്. പക്ഷെ അവസാന മത്സരത്തില്‍ നൈജീരിയയെ അര്‍ജന്‍റീന പരാജയപ്പെടുത്തണം.
ക്രൊയേഷ്യക്ക് മുമ്പില്‍ തകര്‍ന്നടിഞ്ഞതോടെ അര്‍ജന്‍റീനയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ കൂടിയാണ് ഇല്ലാതായത്. ഇനിയൊരു തിരിച്ചുവരവിന്‍റെ സാധ്യത വിരളമാണെന്ന് വിധിയെഴുതപ്പെട്ടു. പക്ഷെ നൈജീരിയക്കാരന്‍ അഹ്മദ് മൂസയോട് നന്ദി പറയാം, ലോകകപ്പിന്‍റെ നോക്കൌട്ടില്‍ കളിക്കാന്‍ അര്‍ജന്‍റീനക്ക് മുന്നില്‍ വീണ്ടും സാധ്യതകള്‍ തെളിയുകയാണ്. ഇന്നലെ നൈജീരിയയോട് ഐസ്‍ലന്‍ഡ് പരാജയപ്പെട്ട സാഹചര്യത്തില്‍ നൈജീരിയക്കെതിരായ അവസാന മത്സരം ജയിച്ചാല്‍ അര്‍ജന്‍റീന പ്രീക്വാര്‍ട്ടറില്‍ കടക്കും. ഇവിടെയും ചില വഴിത്തിരിവുകള്‍ ഉണ്ട്. ക്രൊയേഷ്യക്കെതിരായ അവസാന മത്സരത്തില്‍ ഐസ്‍ലന്‍ഡ് ജയിച്ചാല്‍ നൈജീരിയക്കെതിരെ അര്‍ജന്‍റീനക്ക് ജയം മാത്രം മതിയാകില്ല. മികച്ച ഗോള്‍ മാര്‍ജിനില്‍ ജയിക്കേണ്ടി വരും.
ക്രൊയേഷ്യയോട് ഐസ്‍ലന്‍ഡ് തോല്‍ക്കുകയോ സമനിലയിലാവുകയോ ചെയ്താല്‍ നൈജീരിയക്കെതിരെ വെറും ജയം മതി മുന്‍ചാമ്പ്യന്‍മാര്‍ക്ക്. ഇതിനെല്ലാമിടയില്‍ ഗ്രൂപ്പില്‍ നൈജീരിയക്കാണ് നോക്കൌട്ട് കടക്കാനുള്ള ഏറ്റവും വ്യക്തമായ സാധ്യതയുള്ളത്. അവസാന മത്സരത്തില്‍ അര്‍ജന്‍റീനയെ സമനിലയില്‍ പിടിച്ചാല്‍ മാത്രം മതി സൂപ്പര്‍ ഈഗിള്‍സിന് നോക്കൌട്ടിലെത്താന്‍. ചുരുക്കത്തില്‍, ചാരത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള സുവര്‍ണാവസരമാണ് അര്‍ജന്‍റീനക്ക് മുന്നിലുള്ളത്. പക്ഷെ, ഐസ്‍ലന്‍ഡിനെതിരെ നൈജീരിയയുടെ പ്രകടനവും, ആദ്യ രണ്ട് കളികളിലെ അര്‍ജന്‍റീനയുടെ പ്രകടനവും വിലയിരുത്തുമ്പോള്‍ ഉയര്‍ത്തെഴുന്നേല്‍പ്പ് എളുപ്പമാകില്ലെന്ന് വ്യക്തം.