ഹാരി കെയ്ന് ഹാട്രിക്; പനാമയെ ഗോളില്‍ മുക്കി ഇംഗ്ലണ്ട്
|അഞ്ച് ഗോളുകമായി കെയ്ന്‍ ഗോള്‍വേട്ടക്കാരില്‍ ഒന്നാമത് എത്തി
പനാമയെ ഗോളില്‍ മുക്കി ഇംഗ്ലണ്ടിന്റെ കുതിപ്പ് തുടരുന്നു. നായകന്‍ ഹാരി കെയ്ന് ഹാട്രിക് നേടിയ മത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഇംഗ്ലീഷ് പടക്ക് മുമ്പില്‍ പനാമ തോറ്റമ്പിയത്. ഇരുവട്ടം സ്റ്റോണസും മറ്റൊന്ന് ലിങ്‌സാര്‍ഡിന്റെയും വകയായിരുന്നു ഗോളുകള്‍. കെയ്ന്‍ രണ്ടുവട്ടം പെനല്‍റ്റിയിലൂടെയാണ് ലക്ഷ്യം കണ്ടത്. ഇതോടെ അഞ്ച് ഗോളുകളുമായി കെയ്ന്‍ ഗോള്‍വേട്ടക്കാരില്‍ ഒന്നാമത് എത്തി. വെറും രണ്ട് മത്സരങ്ങളില്‍ നിന്നാണ് കെയ്ന്‍ അഞ്ച് വട്ടം വലകുലുക്കുന്നത്.
പനാമയുടെ ആശ്വാസ ഗോള്‍ 78ാം മിനുറ്റില്‍ ബലോയ് യുടെ വകയായിരുന്നു. ലോകകപ്പ് ചരിത്രത്തിലെതന്നെ അവരുടെ ആദ്യത്തെ ഗോളായിരുന്നു ബലോയ് യുടേത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് മുന്നിലായിരുന്നു. മത്സരം തുടങ്ങിയത് മുതല്‍ അക്രമിച്ച് കളിച്ച ഇംഗ്ലണ്ടിന് എട്ടാം മിനുട്ടില്‍ ലഭിച്ച കോര്‍ണര്‍ കിക്കിനൊടുവില്‍ മികച്ചൊരു ഹെഡറിലൂടെ സ്‌റ്റോണ്‍സ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു.
22ാം മിനുട്ടില്‍ ഹാരി കെയ്ന്‍ പെനാല്‍ട്ടിയിലൂടെ രണ്ടാം ഗോളും നേടി. ലിംഗാര്‍ഡ് (36), സ്‌റ്റോണ്‍സ് (40) എന്നിവര്‍ ലീഡുയര്‍ത്തിയപ്പോള്‍ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് വീണ്ടും ഇംഗ്ലണ്ടിന് പെനാല്‍ട്ടി. ഇത്തവണയും കിക്കെടുത്ത ക്യാപ്റ്റന്‍ കെയ്‌ന് പിഴച്ചില്ല. ഇംഗ്ലണ്ട് ആദ്യ പകുതിയില്‍ അഞ്ചു ഗോളിന് മുന്നിലെത്തുകയായിരുന്നു. 62ാം മിനുറ്റില്‍ കെയ്ന്‍ വീണ്ടും ഗോള്‍ നേടി. ജയത്തോടെ ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചപ്പോള്‍ തോറ്റ പനാമ പുറത്തായി.