Football
റഷ്യന്‍ ലോകകപ്പില്‍ നിന്ന് ജര്‍മ്മനി പുറത്ത്; മെക്‌സിക്കോയും സ്വീഡനും പ്രീക്വാര്‍ട്ടറില്‍ 
Football

റഷ്യന്‍ ലോകകപ്പില്‍ നിന്ന് ജര്‍മ്മനി പുറത്ത്; മെക്‌സിക്കോയും സ്വീഡനും പ്രീക്വാര്‍ട്ടറില്‍ 

Web Desk
|
27 Jun 2018 4:11 PM GMT

ചാമ്പ്യന്മാരായ ജര്‍മ്മനി റഷ്യന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്ത്  

നിലവിലെ ചാമ്പ്യന്മാരായ ജര്‍മ്മനി റഷ്യന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. ഗ്രൂപ്പ് എഫിലെ അതിനിര്‍ണാക മത്സരത്തില്‍ ദക്ഷിണകൊറിയയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റതിനെ തുടര്‍ന്നാണ് ജര്‍മ്മനിക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. ഇതെ ഗ്രൂപ്പിലെ മെക്‌സിക്കോയും സ്വീഡനും തമ്മിലെ മത്സരത്തില്‍ സ്വീഡന്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ജയിച്ചതോടെ ജര്‍മ്മനിയുടെ വഴി പൂര്‍ണമായും അടഞ്ഞു. ഇതോടെ ഗ്രൂപ്പില്‍ നിന്ന് ആറു പോയിന്റുള്ള മെക്‌സിക്കോയും സ്വീഡനും പ്രീക്വാര്‍ട്ടറിലെത്തി. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിലായിരുന്നു കൊറിയയുടെ ഗോളുകള്‍.

ജയമല്ലാതെ മറ്റൊന്നും ജര്‍മ്മനിക്ക് മുന്നിലില്ലായിരുന്നു. കഴിഞ്ഞ കളിയിലെ വിജയടീമില്‍ നിന്ന് മാറ്റങ്ങളോടെയാണ് ജര്‍മ്മനി കളത്തിലെത്തിയത്. ദക്ഷിണകൊറിയന്‍ ബോക്‌സില്‍ നിരന്തരം ജര്‍മ്മന്‍ മുന്നേറ്റം എത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. നീക്കങ്ങളിലധികവും കൊറിയന്‍ പ്രതിരോധം തടുത്തിട്ടു. ചിലത് ഗോളിയും. എന്നാല്‍ ദക്ഷിണകൊറിയ വിട്ടുകൊടുക്കാന്‍ ഒട്ടും തയ്യാറല്ലായിരുന്നു. അവരും പൊരുതി. കൌണ്ടര്‍ അറ്റാക്കിലൂടെ വിറപ്പിച്ചു. ജര്‍മ്മന്‍ പ്രതിരോധത്തെ മാത്രമല്ല ഗോളിയേയും കൊറിയക്ക് മറികടക്കേണ്ടതായിരുന്നു. പക്ഷേ രണ്ടിനും ഇഞ്ച്വറി ടൈമിന്റെ അവസാനം വരെ കഴിഞ്ഞില്ല. എന്നാല്‍ കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ കൊറിയയുടെ ഗോളുകള്‍ എത്തി. ഇതോടെ ചാമ്പ്യന്മാര്‍ പുറത്തായി.

അതേസമയം എണ്ണംപറഞ്ഞ മൂന്ന് ഗോളുകള്‍ക്കാണ് മെക്‌സിക്കോയെ സ്വീഡന്‍ തോല്‍പിച്ചുവിട്ടത്. രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും. 50,62,74 എന്നീ മിനിറ്റുകളിലായിരുന്നു സ്വീഡന്റെ ഗോളുകള്‍. ഇതില്‍ 62ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെയും 74ാം മിനുറ്റിലേത് സെല്‍ഫ് ഗോളിലൂടെയുമാണ് സ്വീഡന് ലീഡ് ലഭിച്ചത്.

Similar Posts