ജര്‍മ്മന്‍ ടീമിന്റെ ഫ്ലക്സുകള്‍ സ്വമേധയാ നീക്കം ചെയ്യണം; ആരാധകരെ ട്രോളി കണ്ണൂര്‍ കലക്ടര്‍
|ആരാധകരെ ട്രോളുന്നതു പോലെയായി കലക്ടര്‍ മീര്‍ മുഹമ്മദ് അലിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ആരാധകരെ കണ്ണീരിലാഴ്ത്തിക്കൊണ്ടായിരുന്നു ലോകചാമ്പ്യന്മാരായ ജര്‍മ്മനി ലോകകപ്പ് ആദ്യ റൌണ്ടില്‍ പുറത്തായത്. ജര്‍മ്മനിയുടെ പരാജയം കേരളത്തിലെ ഫാന്‍സുകാരുടെയും ചങ്കില് കുത്തി. പ്രത്യേകിച്ച് കണ്ണൂരിലെ ആരാധകരുടെ...പക്ഷേ അതിനെക്കാള്‍ വേദനയായിരുന്നു വേറൊരു കുത്തിന്. കാരണം ഈ കുത്ത് കുത്തിയത് കലക്ടറായിരുന്നു. ആരാധകരെ ട്രോളുന്നതു പോലെയായി കലക്ടര്‍ മീര്‍ മുഹമ്മദ് അലിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ജര്‍മ്മനിക്കായി ആരാധകര്‍ വെച്ച എല്ലാം പോസ്റ്ററുകളും സ്വമേധയാ നീക്കം ചെയ്യേണ്ടതാണെന്ന് ഹാസ്യരൂപേണ കലക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
‘കണ്ണൂരിലെ എല്ലാ ജര്‍മ്മന്‍ ആരാധകരും ജര്‍മ്മന്‍ ടീമിന് വേണ്ടി വെച്ച എല്ലാ ഫ്ളക്സുകളും സ്വമേധയാ നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.’ മീര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. കലക്ടറുടെ ട്രോള്‍ പോസ്റ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാവുകയും ചെയ്തു. പോസ്റ്റിന് പിന്നാലെ അനുകൂലവും പ്രതികൂലവുമായ കമന്റുകളും നിറഞ്ഞു. കലക്ടറും ട്രോളുന്നു!!!, പൊര കത്തുമ്പോൾ വാഴ നടുന്ന കണ്ണൂരിന്റെ സ്വന്തം കലക്ടർ ! എന്റെ കലക്ടർ ഇങ്ങനെ ശവത്തിൽ കുത്താമോ ?
പ്ലാസ്റ്റിക്ക് നിരോധനം നല്ലതാണ് സാർ പക്ഷേ അത് ഫുട്ബോളിന്റെ മാത്രമാക്കാതെ വലിയ പണക്കാരുടെ പരസ്യ ഫ്ലക്സ് കൂടി വലിച്ചു കീറി കഴിവു തെളിയിക്കുവെന്നാണ് ഒരുത്തന്റെ കമന്റ്. രാഷ്ട്രീയപാര്‍ട്ടികളുടെ ഫ്ലക്സുകള്‍ക്കെതിരെ എന്ത് നിലപാട് എടുത്തു എന്ന് ചോദിക്കുന്നവരും ഉണ്ട്. Anyway we will be remove all kinds of flexes, സാറിന് ജർമ്മനിയോട് എന്തേലം വിരോധം ഉണ്ടോ സാറെ ജർമ്മനി ആദ്യ റൗണ്ടിൽ പുറത്തായതു സത്യം ആണ് ജർമ്മനിയുടെ തന്നെ ചരിത്രത്തിലെ എറ്റവും മോശം പ്രകടനം ആയിരുന്നു അത് ഞങ്ങൾ അംഗീകരിക്കുന്നു എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
കണ്ണൂരിലെ എല്ലാ ജർമ്മൻ ആരാധകരും ജർമ്മൻ ടീമിന് വേണ്ടി വച്ച എല്ലാ ഫ്ളക്സുകളും സ്വമേധയാ നീക്കം ചെയ്യുമെന്ന്...
Posted by Collector Kannur on Wednesday, June 27, 2018