‘നെയ്മറുമായുള്ള പിണക്കം, തമാശയെ തെറ്റിദ്ധരിച്ചത്’ തിയാഗോ സില്‍വ
|കോസ്റ്ററിക്കക്കെതിരായ മത്സരത്തില്‍ മിസ് പാസ് നല്കിയ തിയാഗോ സില്‍വയെ നെയ്മര്‍ അധിക്ഷേപിച്ചെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. നെയ്മറുടെ വാക്കുകള്‍ ദുഖിപ്പിച്ചെന്ന് തിയാഗോ...
സെര്‍ബിയക്കെതിരായ ഗ്രൂപ്പിലെ അവസാനമത്സരത്തില്‍ ബ്രസീലിന്റെ കളിയില്‍ എടുത്ത് പറയേണ്ട കാര്യം അവര്‍ കാണിച്ച ഒത്തിണക്കമാണ്. ഈ കളിക്ക് മുമ്പേ പ്രതിരോധക്കാരന് തിയാഗോ സില്‍വയും സൂപ്പര്‍ താരം നെയ്മറും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് വലിയ തോതില്‍ പ്രചരിച്ചിരുന്നു. കോസ്റ്ററിക്കയുമായുള്ള മത്സരശേഷം തിയാഗോ സില്‍വ നടത്തിയ പരാമര്‍ശമായിരുന്നു എല്ലാത്തിനും പിന്നില്‍.
റഷ്യന്‍ ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ രണ്ടിലും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ടിറ്റെയുടെ കുട്ടികള്‍ പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടിയത്. ജൂലൈ രണ്ടിന് മെക്സിക്കോക്കെതിരെയാണ് ബ്രസീലിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരം. നേരത്തെ കോസ്റ്ററിക്കക്കെതിരായ മത്സരത്തില്‍ മിസ് പാസ് നല്കിയ തിയാഗോ സില്‍വയെ നെയ്മര്‍ അധിക്ഷേപിച്ചെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. നെയ്മറുടെ വാക്കുകള്‍ ദുഖിപ്പിച്ചെന്ന് തിയാഗോ സില്‍വ പറഞ്ഞതോടെ വിഷയം കത്തിയകറി.
എന്നാല്‍ ഇപ്പോള്‍ തിയാഗോ സില്‍വ പറയുന്നത് മറ്റൊന്നാണ്. താന്‍ പറഞ്ഞ ഒരു തമാശയെ അതിന്റെ അര്ഥത്തിലെടുക്കാതെ പ്രചരിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തതെന്നാണ് തിയാഗോ സില്‍വയുടെ വിശദീകരണം. ഫ്രഞ്ച് പത്രമായ ലെ പരിഷിയനോടായിരുന്നു(Le Parisien) തിയാഗോ സില്‍വയുടെ പ്രതികരണം.
''എനിക്ക് നെയ്മറുമായി ഇതുവരെ യാതൊരു കുഴപ്പവുമില്ല. മോശം കാര്യങ്ങള്‍ പ്രചരിപ്പിച്ചവരോട് തമാശയായാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. മാധ്യമങ്ങള്‍ അത് തെറ്റായി പ്രചരിപ്പിക്കുകയായിരുന്നു.
സെര്‍ബിയക്കെതിരെ മനോഹരമായാണ് ഞങ്ങള്‍ കളിച്ചത്. രണ്ടാം പകുതി കടുപ്പമായിരുന്നു. എങ്കിലും ഗോള്‍ വഴങ്ങില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. സന്തുലിതമായ ടീമാണ് ബ്രസീല്‍. ഒരു താരം മുന്നേറുമ്പോള്‍ കൗണ്ടര്‍ അറ്റാക്ക് തടയാനായി മറ്റൊരു താരം കരുതലോടെ നില്ക്കും. അത്തരമുള്ള പരസ്പരധാരണകളാണ് ഞങ്ങളുടെ ശക്തി' തിയാഗോ സില്‍വ പറയുന്നു.