മാഷെറാനോ വിരമിച്ചു
|ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെതിരെ 4-3ന് അര്‍ജന്റീന തോറ്റതിന് പിന്നാലെയാണ് മാഷെറാനോ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
അര്‍ജന്റീനയുടെ പ്രതിരോധ താരം ഹാവിയര്‍ മാഷെറാനോ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ചു. ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെതിരെ 4-3ന് അര്‍ജന്റീന തോറ്റതിന് പിന്നാലെയാണ് മാഷെറാനോ വിരമിക്കല്‍ പ്രഖ്യാപിച്ചത്. അര്‍ജന്റീനയെ തോല്‍പ്പിച്ച ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറിലെത്തി.
'അവസാന നിമിഷം വരെ ഞങ്ങള്‍ പോരാടി. തുടക്കത്തിലേ ഞങ്ങള്ക്ക്പിഴച്ചു. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവന്നുവെന്ന് തോന്നി. എന്നാല്‍ ഗോളടിക്കാനായില്ല. ഈ തിരിച്ചടി മറികടന്ന് ഞങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കും. ഇനി മുതല്‍ ഞാന്‍ അര്‍ജന്റീനയുടെ ആരാധകന് മാത്രമാണ്' മാഷെറാനോ വിടവാങ്ങല്‍ സന്ദേശത്തില്‍ പറഞ്ഞു. റഷ്യന്‍ ലോകകപ്പിന് ശേഷം അര്‍ജന്റീന ദേശീയ ടീമില്‍ നിന്നും വിരമിക്കുമെന്ന് നേരത്തെ തന്നെ മാഷെറാനോ പ്രഖ്യാപിച്ചിരുന്നു.
2003ല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ ഉറുഗ്വായ്ക്കെതിരായ സൗഹൃദ മത്സരത്തിലൂടെ അരങ്ങേറിയ മാഷെറാനോ 147 മത്സരങ്ങളില്‍ അര്‍ജന്റീന ജേഴ്സിയണിഞ്ഞിട്ടുണ്ട്. ഇതുവരെ മൂന്നു ഗോളുകളാണ് ഈ പ്രതിരോധ താരം നേടിയത്. 2004ലും 2008ലും നേടിയ ഒളിപിക്സ് സ്വര്‍ണ്ണമെഡലുകള്‍ മാത്രമാണ് ടൂര്‍ണ്ണമെന്റുകളില്‍ അദ്ദേഹത്തിന്റെ നേട്ടം. ജര്‍മ്മനി ചാമ്പ്യന്മാരായ കഴിഞ്ഞ ലോകകപ്പില്‍ ഫൈനലിലെത്താന്‍ മാഷെറാനോയുടെ അര്‍ജന്റീനക്ക് കഴിഞ്ഞിരുന്നു. 2015ലും 2016ലും കോപ അമേരിക്ക ഫൈനലില്‍ അര്‍ജന്റീനക്കുവേണ്ടി കളിച്ചിട്ടുണ്ട്.
അതേസമയം ക്ലബ് താരമെന്ന നിലയില്‍ സ്പാനിഷ് ലീഗ് അഞ്ച് തവണയും ചാമ്പ്യന്‍സ് ലീഗ് കിരീടം രണ്ട് തവണയും നേടിയിട്ടുണ്ട്. 2003ല്‍ റിവര്‍ പ്ലേറ്റിന്റെ താരമായാണ് തുടങ്ങിയത്. പിന്നീട് കൊറിന്തിയന്‍സ്, ലിവര്‍പൂള്‍, ബാഴ്സലോണ തുടങ്ങിയ പ്രമുഖ ക്ലബുകള്‍ക്കുവേണ്ടി പന്തു തട്ടി. ഇതില്‍ ബാഴ്സലോണക്കുവേണ്ടി 2010-18 കാലഘട്ടത്തില്‍ 203 മത്സരങ്ങള്‍ കളിച്ചു. കഴിഞ്ഞ ജനുവരിയില്‍ ബാഴ്സയില്‍ നിന്നും ചൈനീസ് സൂപ്പര്‍ ലീഗിലെ ഹെബെയ് ചൈന ഫോര്‍ച്യൂണ്‍ ടീമിലേക്ക് മാഷെറാനോ മാറിയിരുന്നു.