Football
കവാനിയുടെ ഇരട്ടഗോള്‍ മികവില്‍ യുറൂഗ്വായ് ക്വാര്‍ട്ടറില്‍  
Football

കവാനിയുടെ ഇരട്ടഗോള്‍ മികവില്‍ യുറൂഗ്വായ് ക്വാര്‍ട്ടറില്‍  

Web Desk
|
1 July 2018 3:13 AM GMT

സുവാരസ് കവാനി സഖ്യം തിളങ്ങിയ മത്സരത്തില്‍ റൊണാള്‍ഡോയെ യുറൂഗ്വ പ്രതിരോധം പൂട്ടിയിടുകയും ചെയ്തു. മെസിക്ക് പിന്നാലെ റൊണാള്‍ഡോയുടേയും ലോകകപ്പ് മോഹങ്ങള്‍ പ്രീ ക്വാര്‍ട്ടറില്‍ അവസാനിച്ചു...

എഡിന്‍സന്‍ കവാനിയുടെ ഇരട്ടഗോള്‍ മികവില്‍ 2-1ന് പോര്‍ച്ചുഗലിനെ മറികടന്ന് യുറൂഗ്വായ് ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍ കടന്നു. പെപ്പെയാണ് പോര്‍ച്ചുഗലിനുവേണ്ടി ഗോള്‍ നേടിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സാണ് യുറൂഗ്വായുടെ എതിരാളികള്‍. ആദ്യ പ്രീ ക്വാര്‍ട്ടറില്‍ മെസിയുടെ അര്‍ജന്‍റീനയാണ് പുറത്തായതെങ്കില്‍ രണ്ടാം പ്രീ ക്വാര്‍ട്ടറില്‍ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനായിരുന്നു അതേ ഗതി വന്നത്. പിഴവേതുമില്ലാത്ത ഹെഡറിലൂടെ കവാനി യുറൂഗ്വായെ മുന്നിലെത്തിച്ചു.

ഇടതുവലത് പാര്‍ശ്വങ്ങളിലൂടെ കവാനിയും സുവാരസും മുന്നേറുകയും പോര്‍ച്ചുഗല്‍ മുന്നേറ്റത്തെ കൂട്ടമായി തടയുകയെന്നതുമായിരുന്നു മത്സരത്തിന്റെ തുടക്കത്തില്‍ യുറുഗ്വേ തന്ത്രം. ആദ്യപകുതിയില്‍ പോര്‍ച്ചുഗല്‍ ടീമിന്റെ താളം തെറ്റിക്കാനും നീക്കങ്ങളുടെ വേഗതകുറയ്ക്കാനും യുറൂഗ്വേക്ക് കഴിഞ്ഞു. എന്നാല്‍ ആദ്യ ഗോള്‍ നേടിയതിന് ശേഷം പ്രതിരോധത്തിലേക്ക് പൂര്‍ണ്ണമായും വലിഞ്ഞ യുറൂഗ്വെ തന്ത്രം രണ്ടാം പകുതിയില്‍ ചെറുതായൊന്നു പിഴച്ചു. അതിന്‍റെ ഫലമായിരുന്നു പെപ്പെയുടെ ഗോള്‍.

തുടര്‍ച്ചയായ പ്രത്യാക്രമണത്തിന്റെ ഫലമായി അമ്പത്തിയഞ്ചാം മിനുറ്റിലായിരുന്നു പോര്‍ച്ചുഗലിന്റെ മറുപടി ഗോള്‍ പിറന്നത്. ഗുറോറെയുടെ കോര്‍ണറില്‍ പെപ്പെയുടെ ഹെഡറില്‍ നിന്നായിരുന്നു പോര്‍ച്ചുഗലിന്റെ മറുപടി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ യുറൂഗ്വെ പ്രതിരോധക്കാര്‍ വളഞ്ഞപ്പോള്‍ സ്വതന്ത്രനായി നിന്ന പെപ്പെ റഷ്യന്‍ ലോകകപ്പിലെ ആദ്യ ഗോളാണ് യുറൂഗ്വെക്കെതിരെ നേടിയത്. നീണ്ട 608 മിനുറ്റുകള്‍ക്ക് ശേഷം യുറൂഗ്വെ പ്രതിരോധം വഴങ്ങിയ ആദ്യ ഗോളായിരുന്നു പെപ്പെ നേടിയത്. റഷ്യന്‍ ലോകകപ്പിലെ ഏറ്റവും മികച്ച പ്രതിരോധമാണ് തങ്ങളുടേതെന്ന് യുറൂഗ്വെ ആവര്‍ത്തിച്ചു പറഞ്ഞ മത്സരം കൂടിയാണ് കഴിഞ്ഞത്.

പ്രതിരോധം കൊണ്ട് ജയിക്കില്ലെന്ന തിരിച്ചറിവ് വന്നതോടെ യുറൂഗ്വ വീണ്ടും ആക്രമിച്ചു കയറി. സമനില ഗോള്‍ വന്ന് ഏറെ വൈകാതെ അറുപത്തിരണ്ടാം മിനുറ്റില്‍ വീണ്ടും കവാനിയിലൂടെ യുറൂഗ്വെയ് മുന്നിലെത്തി. ഇത്തവണ ബോക്‌സിന്റെ അതിര്‍ത്തിയില്‍ നിന്നും കവാനിയുടെ വലംകാല്‍ ഷോട്ട് പോര്‍ച്ചുഗീസ് ഗോളി റൂയി പട്രീഷ്യോയേയും കീഴടക്കി ഗോള്‍ വല കുലുക്കി. ഇതോടെ റഷ്യന്‍ ലോകകപ്പില്‍ കവാനിയുടെ മൂന്നാം ഗോളായിരുന്നു അത്.

അറുപത്തിയൊമ്പതാം മിനുറ്റില്‍ ഗോളിയില്ലാത്ത പോസ്റ്റിലേക്ക് പന്തടിച്ചുകയറ്റാന്‍ ലഭിച്ച ഓപ്പണ്‍ ചാന്‍സ് പോര്‍ച്ചുഗല്‍ താരം ബെര്‍ണാഡോ സില്‍വ നഷ്ടപ്പെടുത്തി. മുസ്ലേരയില്‍ നിന്ന് പന്ത് തട്ടിയെടുത്ത് ബെര്‍ണാഡോ സില്‍വ ഉതിര്‍ത്ത ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

എഴുപതാം മിനുറ്റില്‍ പരിക്കേറ്റ കവാനിക്ക് പുറത്തുപോകേണ്ടി വന്നു. പോര്‍ച്ചുഗീസ് നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മുടന്തി നീങ്ങിയ കവാനിയെ താങ്ങിക്കൊണ്ട് കുമ്മായവരെ വരെ നീങ്ങിയത് ലോകകപ്പിലെ തന്നെ സുന്ദര നിമിഷമായി മാറി. അവസാന വിസില്‍ വരെ പോര്‍ച്ചുഗല്‍ ടീം ഗോള്‍ നേടാന്‍ ശ്രമിച്ചെങ്കിലും യുറൂഗ്വെന്‍ പ്രതിരോധം ഭേദിക്കാനായില്ല. അവസാന മിനുറ്റുകളുടെ സമ്മര്‍ദ്ദത്തില്‍ റഫറിയോട് തര്‍ക്കിച്ച റൊണാള്‍ഡോക്ക് മഞ്ഞക്കാര്‍ഡ് ലഭിക്കുകയും ചെയ്തു. ജൂലൈ ആറിന് ഇന്ത്യന്‍ സമയം രാത്രി 07.30നാണ് ഫ്രാന്‍സ് യുറൂഗ്വായ് ക്വാര്‍ട്ടര്‍ മത്സരം.

Similar Posts