Football
ത്രില്ലറില്‍ ബെല്‍ജിയം ക്വാര്‍ട്ടറില്‍; ജപ്പാന്‍ പൊരുതിത്തോറ്റു
Football

ത്രില്ലറില്‍ ബെല്‍ജിയം ക്വാര്‍ട്ടറില്‍; ജപ്പാന്‍ പൊരുതിത്തോറ്റു

Web Desk
|
2 July 2018 8:44 PM GMT

ക്വാര്‍ട്ടറില്‍ ബെല്‍ജിയം ബ്രസീലിനെ നേരിടും 

ഈ ലോകകപ്പിലെ മികച്ച തിരിച്ചുവരവ് കണ്ട മത്സരത്തില്‍ ജപ്പാനെ മറികടന്ന് ബെല്‍ജിയം ക്വാര്‍ട്ടറില്‍. രണ്ട് ഗോളിന് പിന്നില്‍ നിന്നതിന് ശേഷം മൂന്ന് ഗോള്‍ തിരിച്ചടിച്ചായിരുന്നു ബെല്‍ജിയത്തിന്‍റെ ജയം. ക്വാര്‍ട്ടറില്‍ ബെല്‍ജിയം ബ്രസീലിനെ നേരിടും. ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് മൽസരത്തിലെ അഞ്ചു ഗോളുകളും പിറന്നത്. 48–ാം മിനിറ്റഇൽ ഹരഗൂച്ചിയും 52–ാം മിനിറ്റിൽ ഇനൂയിയും നേടിയ ഗോളിൽ മുന്നിൽക്കയറിയ ജപ്പാനെ വെർട്ടോംഗൻ (69), മൊറെയ്ൻ ഫെല്ലെയ്നി (74), ചാ‌ഡ്‍ലി (90+4) എന്നിവർ നേടിയ ഗോളുകളിലാണ് ബൽജിയം വീഴ്ത്തിയത്.

രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റിനുള്ളില്‍ ജപ്പാന്‍ ആദ്യ ഗോള്‍ നേടി. മധ്യനിരയില്‍ നിന്ന് ഷിബാസാക്കി ബെല്‍ജിയന്‍ പ്രതിരോധത്തിന്റെ വിള്ളലിലൂടെ കൊടുത്ത ബുദ്ധിപരമായ ത്രൂപാസ് പിടിച്ചാണ് ഹരാഗുച്ചി ഗോളിയെ തോല്‍പിച്ച് വലയിലാക്കിയത്. ഷിബാസാക്കിയുടെ പാസ് തടയുന്നതില്‍ സെന്റര്‍ ബാക്ക് വെര്‍ട്ടോഗന്‍ വരുത്തിയ ഗുരുതരമായ പിഴവാണ് ഹരാഗുച്ചിക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത്.

ഗോള്‍ വീണ അടുത്ത ക്ഷണത്തില്‍ തന്നെ ബെല്‍ജിയം ഒന്നാന്തരം പ്രത്യാക്രമണം നടത്തി. ഗോള്‍ മടക്കുമെന്ന് ദൃഢനിശ്ചയത്തോടെയായിരുന്നു അവരുടെ അടുത്ത നീക്കങ്ങള്‍. എന്നാല്‍, സംഭവിച്ചത് ഒരു ആന്റി ക്ലൈമാക്‌സ്. നാല് മിനിറ്റിനുള്ളില്‍ ജപ്പാന്‍ വീണ്ടും വല കുലുക്കി. തകാഷി ഇനുയിയാണ് സ്‌കോറര്‍. കഗാവ കൊടുത്ത കൊടുത്ത പന്ത് ബോക്‌സിന് മുകളറ്റത്ത് വച്ച് സമയമെടുത്ത് ഇന്യുയി നിറയൊഴിച്ചപ്പോള്‍ വെറുതെ ഡൈവ് ചെയ്യാനേ ഗോളിക്ക് കഴിഞ്ഞുള്ളൂ. പന്തില്‍ കാലില്‍ വച്ച് ഉന്നം പിടിക്കാനുള്ള സമയം യഥേഷ്ടം അനുവദിച്ചു ബെല്‍ജിയന്‍ പ്രതിരോധക്കാര്‍.

69ാം മിനിറ്റില്‍ വെര്‍ട്ടോന്‍ഗെന്‍ ഹെഡറിലൂടെ ബെല്‍ജിയത്തിനായി ഒരു ഗോള്‍ തിരിച്ചടിച്ചു. 74ാം മിനിറ്റില്‍ ഫെല്ലാനിയാണ് ഹെഡറിലൂടെ ടീമിനെ സമനിലയില്‍ എത്തിച്ചത്.

90 മിനുട്ടും കഴിഞ്ഞ് കളിയുടെ അധികസമയവും അവസാനിക്കാനിരിക്കെ ചാദ്‌ലി ബെല്‍ജിയത്തിന്റെ രക്ഷകനായി ജപ്പാന്‍ വല കുലുക്കി.

Similar Posts