കരഞ്ഞും കരയിച്ചും കൊളംബിയയുടെ ഗോള്‍ഡന്‍ ബോയ്
|പരിക്ക് മൂലം ഗ്യാലറിയിലിരുന്ന റോഡ്രിഗസ് മത്സരത്തിലുടനീളം കൊളംബിയക്ക് ആവേശം നല്കിക്കൊണ്ടിരുന്നു. മത്സരശേഷം കരഞ്ഞ് കൊണ്ടാണ് കൊളംബിയന്‍ ഗോള്‍ഡന്‍ ബോയ് മൈതാനം വിട്ടത്.
ഇംഗ്ലണ്ടുമായുള്ള മത്സരത്തിന് ഇറങ്ങിയില്ലെങ്കിലും ആരാധകരുടെ കണ്ണ് നിറച്ചാണ് കൊളംബിയന്‍ സൂപ്പര്‍ താരം ഹാമിഷ് റോഡ്രിഗസിന്റെ മടക്കം. പരിക്ക് മൂലം ഗ്യാലറിയിലിരുന്ന റോഡ്രിഗസ് മത്സരത്തിലുടനീളം കൊളംബിയക്ക് ആവേശം നല്കിക്കൊണ്ടിരുന്നു. മത്സരശേഷം കരഞ്ഞ് കൊണ്ടാണ് കൊളംബിയന്‍ ഗോള്‍ഡന്‍ ബോയ് മൈതാനം വിട്ടത്.
2014 ലോകകപ്പിന്റെ കണ്ടുപിടിത്തമായിരുന്നു കൊളംബിയക്കാരന്‍ ഹാമിഷ് റോഡ്രിഗസ്. ആറ് ഗോളുമായി ടൂര്‍ണമെന്റിന്റെ ടോപ് സ്കോറര്‍. ഗോള്‍ നേടിയത് കൊണ്ട് മാത്രമല്ല, മനോഹരമായി കളിക്കുക കൂടി ചെയ്തതോടെ മറ്റ് ടീമുകളുടെ ആരാധകര്‍ പോലും റോഡ്രിഗസിന്റെ ആരാധകരായി. ക്വാര്‍ട്ടറില്‍ ബ്രസീലിനോട് കൊളംബിയ തോറ്റപ്പോള്‍ കരഞ്ഞ് കൊണ്ട് മൈതാനം വിട്ടതാണ് റോഡ്രിഗസ്
പന്തും കപ്പും റഷ്യയിലെത്തിയപ്പോള്‍ എല്ലാവരും കാത്തിരുന്നു. എന്നാല്‍ പരിക്ക് റോഡ്രിഗസിനെ വലച്ചു. പോളണ്ടിനെതിരായ ഒറ്റ മത്സരത്തില്‍ മാത്രം മുഴുവന്‍ സമയം കളിച്ചു. രണ്ട് അസിസ്റ്റുകളോടെ ആ മത്സരത്തിന്റെ താരവുമായി. ഇന്നലെ ഇംഗ്ലണ്ടിനെതിരെ കൊളംബിയന്‍ നിരയില്‍ റോഡ്രിഗസിന്റെ വിടവ് വ്യക്തമായിരുന്നു. ആ കുറവ് ഗ്യാലറിയിലിരുന്ന് നികത്തി റോഡ്രിഗസ്. കൊളംബിയയുടെ ഓരോ നീക്കങ്ങളെയും കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. കോച്ചിനെ പോലെ നിര്‍ദേശങ്ങള്‍ നല്കി. അവസരങ്ങള്‍ നഷ്ടമായപ്പോള്‍ നിരാശനായി.
കൊളംബിയ ഗോളടിച്ചപ്പോള്‍ എല്ലാവരും ശ്രദ്ധിച്ചത് ഗോള്‍ഡന്‍ ബോയിയുടെ ആവേശമാണ്. ഒടുവില്‍ കളി തോറ്റതോടെ കരയുകയല്ലാതെ വേറെ വഴിയില്ലായിരുന്നു അയാള്‍ക്ക്. നാല് വര്‍ഷം മുന്‍പ് കണ്ട അതേ മുഖം. അതേ കരച്ചില്. പ്രായം 26 മാത്രമാണ്. ഇനിയും അവസരമുണ്ട്. ഉറപ്പായും ഫുട്ബോള്‍ ആരാധകര്‍ കാത്തിരിക്കും ഹാമിഷ് റോഡ്രിഗസിനും അയാളുടെ ഇടംകാലിനുമായി.