പരിക്ക് വില്ലനായി, നെയ്മറിന്റെ നട്ടെല്ല് തകര്‍ത്ത സുനിഗ ബൂട്ടഴിച്ചു
|ബ്രസീല്‍ ആതിഥേയത്വം വഹിച്ച 2014 ലോകകപ്പ് മത്സരത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലും കൊളംബിയയുമായുള്ള മത്സരത്തിനിടെയായിരുന്നു ആ കുപ്രസിദ്ധ ഫൗള്‍ അരങ്ങേറിയത്...
കൊളംബിയന്‍ ഫുട്‌ബോള്‍ താരം യുവാന്‍ കമിലോ സുനിഗ വിരമിക്കല്‍ പ്രഖ്യാപിച്ചു. 2014ലെ ലോകകപ്പില്‍ ബ്രസീലിന്റെ നെയ്മറിനെതിരെ നടത്തിയ ടാക്ലിങ്ങിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്ന കൊളംബിയയുടെ പ്രതിരോധക്കാരനാണ് സുനിഗ. പരിക്ക് തുടര്‍ക്കഥയായതും 32കാരനായ സുനിഗയുടെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.
ബ്രസീല്‍ ആതിഥേയത്വം വഹിച്ച 2014 ലോകകപ്പ് മത്സരത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലും കൊളംബിയയുമായുള്ള മത്സരത്തിനിടെയായിരുന്നു ആ കുപ്രസിദ്ധ ഫൗള്‍ അരങ്ങേറിയത്. സുനിഗയുടെ ക്രൂരമായ ഫൗളില്‍ നെയ്മറിന്റെയും ബ്രസീലിന്‍റേയും ലോകകപ്പ് സ്വപ്‌നങ്ങളാണ് അന്ന് അവസാനിച്ചത്. സുനിഗയുടെ കാല്‍മുട്ട് പ്രയോഗത്തില്‍ നട്ടെല്ലിന് സാരമായി പരിക്കേറ്റ നെയ്മര്‍ മാസങ്ങള്‍ നീണ്ട ചികിത്സക്കൊടുവിലാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്.
നെയ്മറില്ലാതെ സെമി ഫൈനലിനിറങ്ങിയ ബ്രസീല്‍ ജര്‍മനിയോട് 7-1 ന് നാട്ടുകാര്‍ക്കു മുന്നില്‍ അതിദയനീയമായ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. അന്നത്തോടെ ബ്രസീല്‍ ആരാധകരുടെ നോട്ടപ്പുള്ളിയായെങ്കിലും സുനിഗക്കെതിരെ ഫൗള്‍ പോലും ബ്രസീലിനെതിരായ മത്സരത്തില്‍ റഫറി വിളിച്ചിരുന്നില്ല. എങ്കിലും മത്സരശേഷം സുനിഗയുടെ 87ആം മിനുറ്റിലെ കാല്‍പ്രയോഗം വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.
'ഞാനിപ്പോള്‍ ഭാവിയെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഇനിയുള്ള സമയം കുടുംബത്തോടും കുഞ്ഞുങ്ങളോടുമൊപ്പം ചിലവഴിക്കണം. അതിനു വേണ്ടിയാണ് ബൂട്ടഴിക്കുന്നത്' വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് സുനിഗ പറഞ്ഞു. നെയ്മറിനെതിരായ ഫൗളിന്റെ പേരില്‍ കുപ്രസിദ്ധനായ സുനിഗയുടെ ഫുട്‌ബോള്‍ ജീവിതത്തിലും വര്‍ഷങ്ങളോളം പരിക്ക് വില്ലനായി.
അത്‌ലറ്റികോ നാക്കോണിയലിലൂടെ ഫുട്‌ബോള്‍ കരിയര്‍ തുടങ്ങിയ സുനിഗ വിരമിക്കുന്നതും അതേ ക്ലബ്ബില്‍ നിന്ന് തന്നെയാണ്. പക്ഷെ, കരിയറിലെ മിക്കവാറും സമയം അദ്ദേഹം ചിലവഴിച്ചത് ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പോളിയിലാണ്. ഒരു സീസണില്‍ വാറ്റ്‌ഫോഡിന് വേണ്ടി ഇംഗ്ലണ്ടിലും സുനിഗ കളിച്ചിട്ടുണ്ട്.