Football
റൊണാള്‍ഡോ യുവന്റസിലേക്ക്, പകരം ആര്?
Football

റൊണാള്‍ഡോ യുവന്റസിലേക്ക്, പകരം ആര്?

Web Desk
|
6 July 2018 10:48 AM GMT

പ്രതീക്ഷിച്ച പ്രതിഫലം ലഭിക്കാത്തതാണ് തീരുമാനത്തിന് പിന്നില്‍. നാല് താരങ്ങളെയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പകരക്കാരനായി റയല്‍ മാഡ്രിഡ് ലക്ഷ്യം വെക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്...

പോര്‍ച്ചുഗലിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍മാഡ്രിഡ് വിടുന്നു. ഇറ്റാലിയന്‍ ക്ലബായ യുവന്റസിലേക്കാണ് റൊണാള്‍ഡോ മാറുന്നതെന്ന് സ്പാനിഷ് പത്രമായ മാര്‍ക്ക റിപ്പോര്‍ട്ടു ചെയ്തു. നാല് യുവതാരങ്ങളെയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പകരക്കാരനായി റയല്‍ മാഡ്രിഡ് ലക്ഷ്യം വെക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

റയല്‍മാഡ്രിഡില്‍ നിന്നും ലഭിക്കുന്ന പ്രതിഫലത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തൃപ്തനായിരുന്നില്ല. നെയ്മറും മെസിയും കൂടുതല്‍ പ്രതിഫലം വാങ്ങുന്നതും റൊണാള്‍ഡോയുടെ തീരുമാനത്തെ സ്വാധീനിച്ചു. നിലവില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് കളിയില്‍ നിന്നും പ്രതിവര്‍ഷം 61 മില്യണ്‍ യൂറോയാണ് ആകെ പ്രതിഫലമായി ലഭിക്കുന്നത്. പരസ്യത്തിലൂടെ 47 മില്യണും റൊണാള്‍ഡോ സമ്പാദിക്കുന്നു. എന്നാല്‍ റയലില്‍ നിന്നും പരമാവധി 30 മില്യണാണ് റയല്‍ മാഡ്രിഡ് ക്രിസ്റ്റ്യാനോക്ക് കൊടുക്കുന്നതെന്നാണ് മാര്‍ക്ക റിപ്പോര്‍ട്ടു ചെയ്യുന്നത്. ബാഴ്‌സലോണയില്‍ നിന്നും പിഎസ്ജിയിലേക്ക് നെയ്മര്‍ മാറിയത് 222 മില്യണ്‍ യൂറോയുടെ റെക്കോഡ് തുകക്കായിരുന്നു.

ക്രിസ്റ്റിയാനോ ക്ലബ് മാറുകയാണെങ്കില്‍ റയല്‍ മാഡ്രിഡിന് എതിര്‍ ക്ലബ് നല്‍കേണ്ട നഷ്ടപരിഹാര തുക 1000 മില്യണ്‍ യൂറോയില്‍ നിന്നും 100 മില്യണ്‍യൂറോയാക്കി റയല്‍ മാഡ്രിഡ് വെട്ടിക്കുറച്ചിരുന്നു. റൊണാള്‍ഡോയെ അപമാനിക്കുന്നതിന് തുല്യമായി ഈ നീക്കം അതോടെയാണ് ക്രിസ്റ്റിയാനോ ക്ലബ് മാറാനുള്ള നടപടികള്‍ വേഗത്തിലാക്കിയതെന്നാണ് സൂചന.

റൊണാള്‍ഡോ ക്ലബ് മാറുന്നതോടെ സ്പാനിഷ് സൂപ്പര്‍ ക്ലബായ റയല്‍മാഡ്രിഡ് പകരം താരത്തെ കൊണ്ടുവരുമെന്ന് ഉറപ്പാണ്. അതാരാണെന്നതില്‍ മാത്രമേ സംശയങ്ങളുള്ളൂ. എല്ലാക്കാലത്തും പണമെറിഞ്ഞ് താരങ്ങളെ റയല്‍മാഡ്രിഡ് വരുതിയിലാക്കിയിട്ടുമുണ്ട്. കെയ്‌ലിയന്‍ എംബാപെ, നെയ്മര്‍, ഹാരി കെയ്ന്‍, റോബര്‍ട്ട് ലെവന്‍ഡോസ്‌കി എന്നിവരെയായിരിക്കും ക്ലബ് ഉന്നമിടുന്നതെന്നാണ് സൂചന.

ഈ നാല് താരങ്ങളിലൊരാളെ കൈവശപ്പെടുത്തണമെങ്കില്‍ റയല്‍ മാഡ്രിഡിന് ചെറുതല്ലാത്ത തുക മുടക്കേണ്ടി വരുമെന്നുറപ്പ്. കാരണം ഈ താരങ്ങളിലാരെയും വിട്ടുകൊടുക്കാന്‍ അതത് ക്ലബുകള്‍ എളുപ്പത്തില്‍ വഴങ്ങില്ലെന്നതു തന്നെ. തങ്ങളുടെ താരത്തെ വിട്ടുകൊടുക്കാന്‍ തയ്യാറില്ലെന്ന് ഹാരി കെയ്‌ന്റെ ഉടമകളായ ടോട്ടെന്‍ഹാം വ്യക്തമാക്കി കഴിഞ്ഞു. പൊന്നുംവിലക്കു വാങ്ങിയ നെയ്മറിനെ വില്‍ക്കുന്നതിനെക്കുറിച്ച് ഒരു വര്‍ഷത്തേക്ക് പിഎസ്ജിയും ചിന്തിക്കില്ല.

നിലവില്‍ മൊണാക്കോയില്‍ നിന്നും വായ്പയിലാണ് എംബാപെ പിഎസ്ജിയില്‍ കളിക്കുന്നത്. താരവുമായുള്ള കരാര്‍ 160 മില്യണ്‍ യൂറോ നല്‍കി സ്ഥിരപ്പെടുത്താന്‍ പിഎസ്ജി നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഈ പട്ടികയിലെ നാലാമനായ ലെവന്‍ഡോസ്‌കി മാത്രമാണ് താരതമ്യേന റയലിന് എളുപ്പത്തില്‍ തരപ്പെടുത്താവുന്ന താരം. അപ്പോഴും തുകയുടെ കാര്യത്തില്‍ കുറവുണ്ടാകില്ല.

Similar Posts