ലോകകപ്പ് സെമി പോരാട്ടങ്ങള്‍ ചൊവ്വാഴ്ച്ച മുതല്‍
|ആദ്യ സെമിയില്‍ ഫ്രാന്‍സ് ബെല്‍ജിയത്തെ നേരിടും. ബുധനാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ ഇംഗ്ലണ്ടും ക്രൊയേഷ്യയും ഏറ്റുമുട്ടും
ലോകകപ്പിലെ സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് ചൊവ്വാഴ്ച തുടക്കമാകും. ആദ്യ സെമിയില്‍ ഫ്രാന്‍സ് ബെല്‍ജിയത്തെ നേരിടും. ബുധനാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ ഇംഗ്ലണ്ടും ക്രൊയേഷ്യയും ഏറ്റുമുട്ടും.
അവസാന നാലിലേക്ക് ചുരുങ്ങുകയാണ് റഷ്യ. അവശേഷിക്കുന്നത് നാല് യൂറോപ്യന്‍ ടീമുകള്‍. രണ്ട് മുന്‍ചാമ്പ്യന്‍മാരും ലോകകപ്പ് ഫൈനല്‍ പോലും കളിക്കാത്ത രണ്ട് സംഘങ്ങളും. നാലിലൊരു ടീമെങ്കിലും സെമി കണ്ടിട്ട് നാല് ലോകകപ്പ് കഴിഞ്ഞു. ചൊവ്വാഴ്ച രാത്രി പതിനൊന്നരക്ക് നടക്കുന്ന ആദ്യ സെമിയില്‍ ഫ്രാന്‍സ് ബെല്‍ജിയത്തെ നേരിടും. യുറൂഗ്വെയെ തോല്‍പ്പിച്ചാണ് ഫ്രാന്‍സിന്റെ സെമി പ്രവേശനമെങ്കില്‍ ബ്രസീലിനെ നാട്ടിലേക്ക് തിരിച്ചയച്ചാണ് ബെല്‍ജിയം തയ്യാറെടുക്കുന്നത്.
രണ്ട് സംഘങ്ങളും തോല്‍വിയറിയാത്തവര്‍. രണ്ടാം സെമി ബുധനാഴ്ചയാണ്. രാത്രി പതിനൊന്നരക്ക് നടക്കുന്ന മത്സത്തില്‍ ക്രൊയേഷ്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. ടൂര്‍ണമെന്റില്‍ തോല്‍വിയെന്തെന്ന് ഇത് വരെ ക്രൊയേഷ്യ അറിഞ്ഞിട്ടില്ല. ഇംഗ്ലണ്ട് ഗ്രൂപ്പ് ഘട്ടത്തില്‍ ബെല്‍ജിയത്തോട് തോറ്റു. എന്തായാലും ബുധനാഴ്ച രാത്രിയോടെ റഷ്യന്‍ ലോകകപ്പിന്റെ കലാശപ്പോരിന് ബൂട്ട് കെട്ടുന്നവര്‍ ആരൊക്കെയെന്ന് അറിയാം.