സെമി പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം
|ക്വാര്‍ട്ടറില്‍ ബ്രസീലിനെ നാട്ടിലേക്ക് കയറ്റിവിട്ടതിന്റെ ആത്മവിശ്വാസത്തില്‍ ബെല്‍ജിയം. ഹസാര്‍ഡും ലുക്കാക്കുവും കെവിന് ഡിബ്രൂണയുമടങ്ങുന്ന മുന്നേറ്റം ടീമിന് നല്കുന്ന മുന്‍തൂക്കം ചെറുതല്ല.
ലോകകപ്പ് സെമി പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം. രാത്രി 11.30 ന് നടക്കുന്ന ആദ്യ സെമി മത്സരത്തില്‍ ഫ്രാന്‍സ് - ബെല്‍ജിയത്തെ നേരിടും.
ക്വാര്‍ട്ടറില്‍ ബ്രസീലിനെ നാട്ടിലേക്ക് കയറ്റിവിട്ടതിന്റെ ആത്മവിശ്വാസത്തില്‍ ബെല്‍ജിയം. ഹസാര്‍ഡും ലുക്കാക്കുവും കെവിന് ഡിബ്രൂണയുമടങ്ങുന്ന മുന്നേറ്റം ടീമിന് നല്കുന്ന മുന്‍തൂക്കം ചെറുതല്ല. കോച്ച് മാര്‍ട്ടിനെസ് റോബെര്‍ട്ടോയുടെ തന്ത്രങ്ങള്‍ കളിക്കളത്തില്‍ ഫലപ്രദമായി നടപ്പിലാക്കുന്നു അവര്‍. ബ്രസീല്‍ തോറ്റതും ആ തന്ത്രങ്ങള്‍ക്ക് മുന്നിലാണ്. 4 ഗോളടിക്കുകയും ഒരു ഗോളിന് വഴിവെക്കുകയും ചെയ്ത ലുക്കാക്കു, 2 ഗോളടിക്കുകയും 2 ഗോള്‍ അസിസ്റ്റ് ചെയ്യുകയും ചെയ്ത ഈഡന് ഹസാര്‍ഡ്, ബെല്‍ജിയത്തിന്റെ പ്രതീക്ഷകളെ ചുമലിലേറ്റുന്നത് ഇവരാണ്.
മറുവശത്ത് സന്തുലിത ടീമാണ് ഫ്രാന്‍സും. മുന്നേറ്റത്തില്‍ എംബാപെയും ഗ്രീസ്മാനും ജിറൂഡുമടങ്ങിയ പ്രതിഭാധനരായ താരങ്ങള്‍. കരുത്തനായ പോള്‍ പോഗ്ബെ മധ്യനിരയില്‍. 3 ഗോളടിച്ച് ഫ്രാന്‍സിന്റെ ടോപ് സ്കോറര്‍മാരായ ഗ്രീസ്മാന്റെയും പത്തൊമ്പതുകാരനായ എംബാപെയുടേയും നീക്കങ്ങള്‍ സെമി കടത്തുമെന്നാണ് ഫ്രാന്‍സിന്റെ പ്രതീക്ഷ. പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ മൂന്നിനെതിരെ 4 ഗോളുകള്‍ക്കും ക്വാര്‍ട്ടറില്‍ ടൂര്‍ണമെന്റില്‍ ഒരിടത്തും ഗോള്‍ വഴങ്ങാതെയെത്തിയ യൂറുഗ്വായെ എതിരില്ലാത്ത 2 ഗോളുകള്‍ക്കും തോല്‍പ്പിച്ചാണ് ഫ്രാന്‍സിന്റെ സെമി പ്രവേശം.
ബെല്‍ജിയത്തിന്റെ തന്ത്രങ്ങളും ഫ്രാന്‍സിന്റെ യുവത്വവും ഏറ്റുമുട്ടാനൊരുങ്ങുമ്പോള്‍ ചൊവ്വാഴ്ച സെന്റ് പീറ്റേഴ്സ് ബര്‍ഗ് സ്റ്റേഡിയം കാത്തിരിക്കുന്നത് വീറുറ്റ പോരാട്ടം.