ക്രൊയേഷ്യക്ക് തിരിച്ചടിയായി പെരിസിച്ചിന്റെ പരിക്ക്
|സെമിഫൈനല്‍ മത്സത്തിലെ താരമായി ഫിഫ തെരഞ്ഞെടുത്തതും പെരിസിച്ചിനെയായിരുന്നു.
ലോകകപ്പ് ഫൈനലിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ക്രൊയേഷ്യക്ക് തിരിച്ചടിയായി ഇവാന് പെരിസിച്ചിന്റെ പരിക്ക്. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിനിടെ തുടക്ക് പരിക്കേറ്റ പെരിസിച്ച് മത്സര ശേഷം സ്കാനിംഗിന് വിധേയനായെന്നും ഫൈനലില്‍ കളിക്കുന്ന കാര്യം സംശയത്തിലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഇംഗ്ലണ്ടിനെതിരെ സെമിഫൈനലില്‍ ആദ്യ പകുതിയിലെ മോശം പ്രകടനത്തിന് ശേഷം രണ്ടാം പകുതിയില്‍ ക്രൊയേഷ്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ട് വന്നത് ഇവാന് പെരിസിച്ചിന്റെ പ്രകടനമായിരുന്നു. ഇടത് വിങ്ങില്‍ ഇംഗ്ലീഷ് പ്രതിരോധത്തിന് നിരന്തരം അപകടം വിതച്ച പെരിസിച്ച് നിര്‍ണ്ണായകമായ സമനില ഗോള്‍ നേടുകയും, വിജയ ഗോളിനുള്ള പാസ്സ് നല്‍കുകയും ചെയ്തു. സെമിഫൈനല്‍ മത്സത്തിലെ താരമായി ഫിഫ തെരഞ്ഞെടുത്തതും പെരിസിച്ചിനെയായിരുന്നു. പക്ഷെ ഫൈനലില്‍ ഫ്രാന്‍സിനെതിരെ പെരിസിച്ചിന് കളിക്കാനാകുമോ എന്ന ആശങ്കയിലാണ് ക്രൊയേഷ്യ. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും 120 മിനുട്ട് വീതം കളിച്ച ക്രൊയേഷ്യന്‍ താരങ്ങളില്‍ പലരും പരിക്കിന്റെയും തളര്‍ച്ചയുടെയും ഭീഷണിയിലാണ്. അതില്‍ ഇവാന് പെരിസിച്ചിന് സെമി ഫൈനലില്‍ തുടക്ക് പരിക്കേറ്റിരുന്നു. മത്സരത്തിന് ശേഷം താരം മോസ്കോയിലെ ആശുപത്രിയിലെത്തി സ്കാനിംഗിന് വിധേയനായി. പരിക്ക് ഗുരുതരമല്ലെങ്കിലും ഫൈനലിന് മുമ്പ് താരത്തിന് പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കാനാകുമോയെന്ന് ഉറപ്പില്ല. മോഡ്രിച്ച്, റാക്കറ്റിച്ച്, മന്ഡ്സൂക്കിച്ച് എന്നിവര്‍ക്കൊപ്പം ഈ ലോകകപ്പിലെ ക്രൊയേഷ്യന്‍ മുന്നേറ്റത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരമാണ് പെരിസിച്ച്. ലോകകപ്പ് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്റര്മിലാന് താരമായ പെരിസിച്ചിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉള്‍പ്പെടെയുള്ള വമ്പന്‍ ക്ലബ്ലുകളില്‍ നിന്ന് ഓഫറുകളും വന്ന് കഴിഞ്ഞു. അങ്ങനെയുള്ള ഒരു താരത്തിന് ഫൈനലില്‍ കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ക്രൊയേഷ്യക്ക് വന്‍ തിരിച്ചടിയാകും.