ഗോള്‍ഡന്‍ ബോള്‍ പുരസ്കാരത്തിനായി മോഡ്രിച്ചും ഗ്രീസ്മാനും
|ക്രൊയേഷ്യന്‍ നായകന്‍ ലൂക്ക മോഡ്രിചും ഫ്രാന്‍സിന്റെ അന്റോയിന്‍ ഗ്രീസ്മാനുമാണ് ഗോള്‍ഡന്‍ ബോള്‍ മത്സരത്തില്‍ മുന്നില്‍
ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരത്തിന് വേണ്ടിയുള്ള മത്സരം കൂടിയാകും നാളത്തെ ഫൈനല്‍. ക്രൊയേഷ്യന്‍ നായകന്‍ ലൂക്ക മോഡ്രിചും ഫ്രാന്‍സിന്റെ അന്റോയിന്‍ ഗ്രീസ്മാനുമാണ് ഗോള്‍ഡന്‍ ബോള്‍ മത്സരത്തില്‍ മുന്നില്‍. കണക്കുകളല്ല, കളമാണ് ലൂക്ക മോഡ്രിച് എന്ന ക്രോയേഷ്യന്‍ നായകനെ ഗോള്‍ഡന്‍ പോരാട്ടത്തില്‍ മുന്നില്‍ നിര്‍ത്തുന്നത്.
ഒത്തൊരുമ കൊണ്ട് ഫൈനല്‍ വരെയെത്തിയ ക്രോയേഷ്യയെ മുന്നില്‍ നിന്ന് നയിച്ചത് മോഡ്രിച്ചാണ്. ഡീപ് ലയിങ് മിഡ്ഫീല്‍ഡറായും അറ്റാക്കിങ് മിഡ്ഫീല്‍ഡറായും കളിക്കുന്ന മോഡ്രിച്ച് ആക്രമണത്തെയും പ്രതിരോധത്തെയും ഒരേ സമയം സഹായിക്കുന്നു. രണ്ട് ഗോളും ഒരു അസിസ്റ്റും ക്രൊയേഷ്യന്‍ നായകന്റെ അക്കൌണ്ടിലുണ്ട്. ഈ ലോകകപ്പില്‍ ഏറ്റവുമധികം ദൂരം ഓടിയയാളും മോഡ്രിച്ച് തന്നെ 63 കിലോമീറ്റര്‍.
ഫ്രാന്‍സിന്റെ അന്റോയിന്‍ ഗ്രീസ്മാനാണ് മോഡ്രിച്ചിനൊപ്പമുള്ളയാള്‍. ഹാരി കെയ്ന്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഗോളില്‍ പങ്കാളിയായത് ഗ്രീസ്മാനാണ്. മൂന്ന് ഗോളും രണ്ട് അസിസ്റ്റും. ഫോള്‍സ് നെയന്‍ പൊസിഷനില്‍ കളിക്കുന്ന ഗ്രീസ്മാന്‍ ഒരേസമയം ആക്രമണത്തെയും മധ്യനിരയെയും പ്രതിരോധത്തെയും സഹായിക്കുന്നുണ്ട്. കിലിയന്‍ എബാപ്പെയും ഈഡന്‍ ഹസാര്‍ഡും കെവിന്‍ ഡിബ്രുയ്ണെയുമാണ് പിന്നെ ഗോള്‍ഡന്‍ ബോളിനായി മത്സരിക്കാനുള്ളത്.