ഫ്രാന്‍സോ ക്രൊയേഷ്യയോ? വിശ്വകിരീടത്തിന്റെ പുതിയ അവകാശികളാരെന്ന് ഇന്നറിയാം
|ലുഷ്നിക്കിയുടെ പച്ചപ്പുല്ലില്‍ ഈ രണ്ട് കളി സംഘങ്ങളുടെയും കണ്ണീര് വീഴും. ജേതാക്കളുടെ സന്തോഷ കണ്ണീര്. പരാജിതരുടെ ചുടുകണ്ണീര്. ആ നിമിഷത്തിലേക്ക് ഒരു പകല്‍ ദൂരം മാത്രം.
ഫുട്ബോളിന്റെ വിശ്വവിജയികളെ ഇന്നറിയാം. വിശ്വകിരീടത്തിനായി ഫ്രാന്‍സും ക്രൊയേഷ്യയും തമ്മിലാണ് പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി 8.30ന് മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിലാണ് മത്സരം.
32 ടീമുകള്‍, 63 മത്സരങ്ങള്‍, 30 നാള് നീണ്ട കാല്പന്തിന്റെ മഹാമേളക്ക് തിരശ്ശീല വീഴുകയാണ്. റഷ്യന്‍ ലോകകപ്പ് ഇതുവരെ സമ്മാനിച്ചത് വിവരിക്കാനാകാത്ത ആവേശ നിമിഷങ്ങള്‍. ഇനിയുള്ളത് ലോകഫുട്ബോളിന്റെ പുതിയ രാജാക്കന്മാരുടെ കിരീടധാരണം.
ഇന്ത്യന്‍ സമയം രാത്രി 8.30ന് ലുഷ്നിക്കിയില് പുതിയ ലോക ചാമ്പ്യന്മാരെ കണ്ടെത്താനുള്ള അങ്കത്തിന് കാഹളം മുഴങ്ങും. നേര്‍ക്കുനേര്‍ വരുന്നത് യൂറോപ്യന്‍ ശക്തികളായ ഫ്രാന്‍സും റഷ്യയിലെ കറുത്ത കുതിരകളായി കഴിഞ്ഞ ക്രൊയേഷ്യയും. രണ്ടാം കിരീടം തേടിയാണ് ഫ്രഞ്ച് പടയുടെ വരവ്. ക്രൊയേഷ്യ കളിക്കുന്നത് ആദ്യ ഫൈനല്‍. തേടുന്നത് ചരിത്ര കിരീടം. താരസമ്പന്നമാണ് ഫ്രാന്‍സ്. വേഗതയും കരുത്തും സമ്മേളിക്കുന്ന യുവനിര. ഫൈനലിലേക്കുള്ള മുന്നേറ്റം ആധികാരികം.
ഫുട്ബോള്‍ വിദഗ്ധരുടെ പ്രവചനങ്ങളധികവും സിദാന്റെ പിന്മുറക്കാര്‍ക്കൊപ്പമാണ്. പക്ഷെ, കടലാസിലെയും കണക്കിലെയും കരുത്തിലല്ല കാര്യമെന്ന് തെളിയിച്ചവരാണ് ക്രൊയേഷ്യ. ഈ ലോകകപ്പില്‍ കളിച്ച് തന്നെ ഫൈനലിലെത്തിയവരാണ് ക്രൊയേഷ്യ. കാലുകൊണ്ട് മാത്രമല്ല, ഹൃദയം കൊണ്ടും പന്തുതട്ടിയവര്‍. ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ചവര്‍.
അവസാന അങ്കത്തിനൊടുവില്‍ ലുഷ്നിക്കിയുടെ പച്ചപ്പുല്ലില്‍ ഈ രണ്ട് കളി സംഘങ്ങളുടെയും കണ്ണീര് വീഴും. ജേതാക്കളുടെ സന്തോഷ കണ്ണീര്. പരാജിതരുടെ ചുടുകണ്ണീര്. ആ നിമിഷത്തിലേക്ക് ഒരു പകല്‍ ദൂരം മാത്രം.