റഷ്യന്‍ ലോകകപ്പിലെ 10 മനോഹര ഗോളുകള്‍
|ഗോളുകളാല്‍ സമ്പന്നമായ ലോകകപ്പായിരുന്നു റഷ്യയില്‍ കടന്നുപോയത്. റഷ്യയില്‍ പിറന്ന 169 ഗോളുകളില്‍ നിന്നും തെരഞ്ഞെടുത്ത മികച്ച 10 ഗോളുകള്‍...
ഗോളുകളാല്‍ സമ്പന്നമായ ലോകകപ്പായിരുന്നു റഷ്യയില്‍ കടന്നുപോയത്. 1966ന് ശേഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്നത് (169 എണ്ണം) റഷ്യയില്‍ തന്നെ. അതില്‍ 43 ശതമാനം ഗോളുകളും സെറ്റ് പീസുകളില്‍ നിന്നാണെന്നത്(73) എടുത്തുപറയേണ്ടതാണ്. ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ പെനല്‍റ്റികള്‍ (22) പിറന്നതും റഷ്യയിലായിരുന്നു. വാറിന്റെ കടന്നുവരവോടെ സെറ്റ് പീസുകളുടെ സാധ്യത പരമാവധി മുതലാക്കിയ ഫ്രാന്‍സ് തന്നെ കപ്പടിക്കുകയും ചെയ്തു. റഷ്യന്‍ ലോകകപ്പിനെ കൂടുതല്‍ സുന്ദരമാക്കിയ 10 ഗോളുകള്‍ നോക്കാം.
1. ടോണി ക്രൂസ് (ജര്‍മ്മനി - സ്വീഡന്‍)
സമനിലപോലും മരണമാണെന്ന ഘട്ടത്തിലായിരുന്നു അന്ന് ജര്‍മ്മനി. മത്സരം 95ആം മിനുറ്റിലെത്തിയപ്പോഴും സ്വീഡനെതിരെ ജര്‍മ്മനിയുടെ ഗോള്‍ നില 1-1. ബോക്‌സിന് തൊട്ടു പുറത്തുവെച്ച് ഫ്രീ കിക്ക് ലഭിച്ചതോടെ ഇരുടീമുകളിലും സമ്മര്‍ദ്ദം കുതിച്ചുയര്‍ന്നു. ക്രൂസ് ഫ്രീകിക്കെടുക്കാന്‍ തയ്യാറായി. നേരിട്ട് ഫ്രീകിക്കെടുക്കാതെ തൊട്ടടുത്ത് നിന്ന മാര്‍കോ റോയിസിലേക്ക് പന്തുരുട്ടി ക്രൂസ്. റോയിസ് തൊട്ടുവെച്ച പന്തിനെ അവിടെ നിന്നും ഫ്രീകിക്കെടുത്ത് ഗോളാക്കുകയായിരുന്നു ക്രൂസ്. സ്വീഡന്‍ ഗോളിയുടേയും പ്രതിരോധക്കാരുടേയും പ്രതീക്ഷകളെ തെറ്റിക്കാനുള്ള ക്രൂസിന്റെ തന്ത്രം വിജയിച്ചതോടെയായിരുന്നു ജര്‍മ്മനിയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് വീണ്ടും ജീവന്‍ വെച്ചത്. ഗോളിനൊപ്പം നേടിയ സമയവും നിര്‍ണ്ണായകം.
2. ബെഞ്ചമിന്‍ പവാര്‍ഡ്(ഫ്രാന്‍സ് അര്‍ജന്റീന)
ഈ ലോകകപ്പിലെ തന്നെ ഏറ്റവും അപ്രതീക്ഷിത ഗോളുകളിലൊന്നായിരുന്നു ബെഞ്ചമിന്‍ പവാര്‍ഡിന്റേത്. അര്‍ജന്റീനക്കെതിരെ പവാര്‍ഡിന്റെ ഗോളോടെയായിരുന്നു ഫ്രാന്‍സ് സമനില(2-2) പിടിച്ചത്. അധികമാരുമറിയാതെ റഷ്യയിലെത്തിയ പവാര്‍ഡ് ഈയൊരു ഗോളിന്റെ മാത്രം കരുത്തില്‍ നിരവധി പേരുടെ ഓര്‍മ്മകളില്‍ ഇടം പിടിച്ചാണ് മടങ്ങുന്നത്. തികച്ചും അപ്രതീക്ഷിതമെങ്കിലും അതി സുന്ദരമായ ഫിനിഷിംങായിരുന്നു പവാര്‍ഡിന്റെ ഗോളിനെ വേറിട്ടു നിര്‍ത്തിയത്.
3. കിലിയന്‍ എംബാപെ(ഫ്രാന്‍സ് - അര്‍ജന്റീന)
ഇവന്‍ കിലിയനല്ല, കിടിലനാണല്ലോ എന്ന് കാഴ്ച്ചക്കാരെക്കൊണ്ട് പറയിപ്പിച്ച് എംബാപെ താരമായി ഉദിച്ചുയര്‍ന്നത് അര്‍ജന്റീനക്കെതിരായ പ്രീ ക്വാര്‍ട്ടറിലായിരുന്നു. ഒരു ഗോള്‍ എന്നതിനേക്കാള്‍ എംബാപെയുടെ പ്രകടനമായിരുന്നു ഫ്രാന്‍സിനെ ജയിപ്പിച്ചതും അര്‍ജന്‍റീനയെ തോല്‍പ്പിച്ചതും. വലിയ മത്സരങ്ങളിലെല്ലാം പ്രതിരോധം ഉറപ്പിച്ചുകൊണ്ടുള്ള പ്രത്യാക്രമണതന്ത്രത്തില്‍ ഫ്രാന്‍സിന്റെ കുന്തമുനയായിരുന്നു എംബാപെയുടെ വേഗത. എംബാപെ നയിച്ച പൊട്ടിത്തെറിച്ചതുപോലുള്ള മുന്നേറ്റങ്ങള്‍ക്കൊടുവില്‍ ഫ്രീ കിക്കോ പെനല്‍റ്റിയോ ഗോളോ നേടുകയെന്നതായിരുന്നു ഫ്രാന്‍സിന്റെ തന്ത്രം.
അര്‍ജന്റീനക്കെതിരെ പരീക്ഷിച്ചുവിജയിച്ച എതിരാളികളെ ഓടിതോല്‍പ്പിക്കുകയെന്ന എംബാപെയന്‍ തന്ത്രം അവര്‍ ഫൈനലില്‍ വരെ വിജയകരമായി പരീക്ഷിക്കുകയും ചെയ്തു. ആ പരീക്ഷണം പൂര്‍ണ്ണ വിജയമാണെന്നുറപ്പിച്ചത് ഒരു പെനല്‍റ്റി നേടിക്കൊടുത്തിന് ശേഷം അര്‍ജന്റീനയുടെ പ്രതിരോധക്കാരെ അമ്പരപ്പിച്ച് കിലിയന്‍ എംബാപെ നേടിയ ഗോളുകളോടെയായിരുന്നു.
4. ക്രിസ്റ്റിയാനോ റൊണാള്‍ഡോ(പോര്‍ച്ചുഗല്‍ - സ്‌പെയിന്‍)
ഗ്രൂപ്പ് തലത്തിലെ മത്സരങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ മത്സരമായിരുന്നു പോര്‍ച്ചുഗല്‍ സ്‌പെയിന്‍ പോരാട്ടം. മത്സരം അവസാനത്തെ രണ്ട് മിനുറ്റിലേക്ക് കടന്നപ്പോഴും 2-3ന് പോര്‍ച്ചുഗല്‍ പിന്നിട്ടു നില്‍ക്കുന്നു. ബോക്‌സിന് പുറത്തു നിന്നും ലഭിച്ച ഫ്രീകിക്ക് പ്രതിരോധക്കാരേയും ഗോളിയേയും കാഴ്ച്ചക്കാരാക്കി നിര്‍ത്തി ഒരു ടിപ്പിക്കല്‍ ക്രിസ്റ്റ്യാനോ ഗോള്‍ നേടുകയായിരുന്നു അദ്ദേഹം ചെയ്തത്.
സ്‌പെയിനെതിരെ പോര്‍ച്ചുഗല്‍ നേടിയ മൂന്നുഗോളും പിറന്നത് ക്രിസ്റ്റ്യാനോയുടെ കാലുകളില്‍ നിന്നായിരുന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോയെന്ന പ്രതിഭയെ അവഗണിക്കാനാവില്ലെന്ന് എതിരാളികളെക്കൊണ്ടു പോലും പറയിപ്പിച്ച മത്സരവും ഗോളും.
5. ലയണല്‍ മെസി (അര്‍ജന്റീന - നൈജീരിയ)
അര്‍ജന്റീന ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച ലോകകപ്പാണ് റഷ്യയിലേത്. നിരാശക്കിടയിലും ആവേശത്തിന്റെ മിന്നല്‍ നിമിഷങ്ങളിലൊന്നായിരുന്നു മെസിയുടെ നൈജീരിയക്കെതിരായ ഗോള്‍. ഇരുത്തം വന്ന പ്രതിഭയുടെ കയ്യൊപ്പുണ്ടായിരുന്നു മെസിയുടെ ആ ഗോളില്‍. വിജയമല്ലാതെ മറ്റൊന്നും സ്വീകാര്യമല്ലാതിരുന്ന മത്സരത്തില്‍ മെസി മാജിക്കാണ് അര്‍ജന്റീനയെ തുണച്ചത്. എവര്‍ ബനേഗ മൈതാന മധ്യത്തു നിന്നും ഉയര്‍ത്തി നല്‍കിയ പന്ത് നിലം തൊടും മുമ്പേ ഇടംകാല്‍ കൊണ്ടുള്ള നിയന്ത്രിച്ച ശേഷം ഗോളിലേക്ക് തൊടുക്കുകയായിരുന്നു. മെസിയുടേയും അര്‍ജന്റീനയുടേയും റഷ്യയിലെ സുവര്‍ണ നിമിഷമായി ഈ ഗോള്‍ മാറി.
6. ഫിലിപ്പെ കുടീന്യോ(ബ്രസീല്‍ - സ്വിറ്റ്‌സര്‍ലണ്ട്)
റഷ്യയില്‍ ബ്രസീല്‍ നേടിയ മനോഹരഗോള്‍ കുടീന്യോയുടെ വകയായിരുന്നു. സ്വിറ്റ്‌സര്‍ലണ്ടിനെതിരെ അധ്വാനിച്ചു കളിച്ച കുടീന്യോ കിട്ടിയ അവസരം മുതലാക്കുകയായിരുന്നു. ബോക്‌സിന് പുറത്തു നിന്നും കുടീന്യോ തൊടുത്ത ഷോട്ട് പുറത്തേക്കാണ് പോകുന്നതെന്നാണ് കളിക്കാരും ഗോളിയും കരുതിയത്. എന്നാല്‍ പോസ്റ്റിന് തൊട്ടു മുന്നില്‍ വെച്ച് പോകേണ്ട വഴി ഇതല്ലല്ലോ എന്ന തിരിച്ചറിവ് വന്നതുപോലെ പന്ത് വലക്കുള്ളിലേക്ക് കയറുകയായിരുന്നു.
7. ഡെന്നിസ് ചെറിഷേവ് (റഷ്യ- ക്രൊയേഷ്യ)
മലയാളി ഫുട്‌ബോള്‍കമന്റേറ്റര്‍ ഷൈജു ദാമോദരന്‍ വിശേഷിപ്പിച്ചതുപോലെ റഷ്യയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് മുകളില്‍ വെച്ച ഒരു ചെറിപ്പഴമായിരുന്നു ഡെന്നിസ് ചെറിഷേവിന്റെ ക്രൊയേഷ്യക്കെതിരെ ആ ഗോള്‍. സ്യൂബക്ക് കൈമാറിയ പന്ത് നേര്‍ വരയില്‍ ഓടി ചെറിഷേവ് തന്നെ തിരിച്ചുവാങ്ങുന്നു. ബോക്‌സിന് പുറത്തുനിന്നും രണ്ട് പ്രതിരോധക്കാര്‍ക്കിടയിലൂടെ അപ്രതീക്ഷിതമായിട്ടായിരുന്നു ചെറിഷേവ് ആ ഷോട്ടുതിര്‍ത്ത്. അരിവാളുപോലെ വളഞ്ഞുകൊണ്ട് ചെറിഷേവിന്റെ ഇടംകാല്‍ പ്രയോഗം വലയിലേക്ക് കയറുന്ന ആ കാഴ്ച്ചയായിരിക്കും റഷ്യയും ചെറിഷേവും ലോകകപ്പില്‍ ഏറ്റവും ആസ്വദിച്ചിരിക്കുക.
8. ഏയ്ഞ്ചല്‍ ഡി മരിയ (അര്‍ജന്റീന - ഫ്രാന്‍സ്)
ഡി മരിയയെപോലുള്ള താരത്തെ ബോക്‌സിന് പുറത്താണെങ്കില്‍ പോലും സ്വതന്ത്രമായി വിടുന്നത് എത്രത്തോളം അബദ്ധമാണെന്നതിന്റെ തെളിവായിരുന്നു ഫ്രാന്‍സിനെതിരെ പിറന്ന ആ ഗോള്‍. പ്രീ ക്വാര്‍ട്ടറിന്റെ എല്ലാ ആവേശവും നിറഞ്ഞ മത്സരം. ആദ്യം മുന്നിലെത്തിയത് ഫ്രാന്‍സ്. ഇതിനുള്ള മറുപടിയായിരുന്നു ഡി മരിയയുടെ ലോങ് റേഞ്ചര്‍. പിന്നീട് ആദ്യ പകുതി അവസാനിക്കുമ്പോള്‍ അര്‍ജന്റീന 2-1ന് മുന്നിലെത്തിയെത്തിയെങ്കിലും മത്സരം 4-3ന് ഫ്രാന്‍സ് സ്വന്തമാക്കി.
9. നാസര്‍ ചാഡ്‌ലി (ബെല്‍ജിയം - ജപ്പാന്‍)
ലോകകപ്പിലെ ഏറ്റവും മികച്ച പ്രത്യാക്രമണ സംഘങ്ങളിലൊന്നായിരുന്നു ബെല്‍ജിയം. പ്രീക്വാര്‍ട്ടറില്‍ ജപ്പാനെതിരെ രണ്ട് ഗോളിന് പിറകെ നിന്നതായിരുന്നു ബെല്‍ജിയം നേരിട്ട ഏറ്റവും വലിയ അഗ്നിപരീക്ഷ. 90 മിനുറ്റിന് മുമ്പേ രണ്ട് ഗോളും തിരിച്ചടിച്ച് ബെല്‍ജിയം കരുത്തുകാട്ടി. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ ഡിബ്രൂയിനും മുനെയ്‌റും നടത്തിയ സംയുക്ത നീക്കത്തിനൊടുവില്‍ നിര്‍ണ്ണായക ഗോള്‍ നേടാനുള്ള അവസരം ഉപയോഗിച്ചാണ് ചാഡ്‌ലി താരമായത്. ചാഡ്‌ലിയുടെ ഗോളോടെ ജപ്പാനെ തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍ ബ്രസീലിനെ നേരിടാനുള്ള യോഗ്യത ബെല്‍ജിയം നേടി.
10. തകാഷെ ഇനൂയി(ജപ്പാന്‍ - ബെല്‍ജിയം)
ജപ്പാന്റെ ഈ ലോകകപ്പിലെ സുവര്‍ണ്ണ നിമിഷമായിരുന്നു ബെല്‍ജിയത്തിനെതിരെ തകാഷെ ഇനൂയിയുടെ ഗോള്‍. ബെല്‍ജിയത്തിനെതിരെ പ്രീ ക്വാര്‍ട്ടറില്‍ ജപ്പാന് സാധ്യത കല്‍പ്പിച്ചിരുന്നവര്‍ പോലും വിരളമായിരുന്നു. ആദ്യ ഗോള്‍ നേടി മുന്നിലെത്തിയതോടെ കളി മാറി. രണ്ടാം ഗോള്‍ നേടി ജാപ്പനീസ് പ്രതീക്ഷകളെ വാനോളമുയര്‍ത്തിയത് ഇനൂയിയായിരുന്നു. ബോക്‌സിന് പുറത്തു നിന്നുള്ള ഇനൂയിയുടെ ഹാഫ് വോളി വായുവിലൂടെ വളഞ്ഞു പുളഞ്ഞ് വലയിലേക്ക് കയറുന്നത് തടയാന്‍ ബെല്‍ജിയം ഗോളി കോര്‍ടുവക്കായില്ല. തടുക്കാമെങ്കില്‍ തടുത്തോ എന്നൊരു വെല്ലുവിളി പോലുള്ള ഗോളായിരുന്നു അത്. ഇനൂയിയുടെ ആ ഗോളോടെയായിരുന്നു മത്സരത്തിന്റെ ചൂടേറിയത്.