എന്തിന് റയല്‍വിട്ടു, യുവന്‍റസിലെന്ത്; ക്രിസ്റ്റ്യാനോ പറയുന്നു...
|എന്തായിരിക്കും റൊണാള്‍ഡോയുടെ കൂടുമാറ്റത്തിന് കാരണമെന്ന് ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ സംസാരമുണ്ടായിരുന്നു.
റഷ്യന്‍ ലോകകപ്പിന് ഫ്രാന്‍സ് മുത്തമിടും മുമ്പെ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയായത് ക്രിസ്റ്റ്യാനോയുടെ കൂടുമാറ്റമാണ്. ഒമ്പത് വര്‍ഷം പന്ത് തട്ടിയ റയലില്‍ നിന്ന് ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിലേക്കാണ് റോണോ ചേക്കേറിയത്. എന്തായിരിക്കും റൊണാള്‍ഡോയുടെ കൂടുമാറ്റത്തിന് കാരണമെന്ന് ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ സംസാരമുണ്ടായിരുന്നു. ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ വിവിധ കാരണങ്ങളാണ് കണ്ടെത്തിയിരുന്നത്. അതിലൊന്നായിരുന്നു റയല്‍ പ്രസിഡിന്റ് ഫ്‌ളോറന്റിനോ പെരസുമായുള്ള ഭിന്നത. റൊണാള്‍ഡോ കാരണം വ്യക്തമാക്കാതിരുന്നതോടെ അതെല്ലാം അഭ്യൂഹങ്ങളായി അവസാനിച്ചു.
എന്നാല്‍ റൊണാള്‍ഡോക്ക് ചില ലക്ഷ്യങ്ങളും കാരണങ്ങളുമുണ്ട്. കഴിഞ്ഞ ദിവസം ഇറ്റലിയിലെത്തിയ റോണോ ടൂറിനില്‍ നടന്ന അവതരണ ചടങ്ങിലാണ് മനസ് തുറന്നത്. ശാരീരികമായി, മാനസികമായി, വൈകാരികമായി ഞാന്‍ ഫിറ്റാണ്, അതുകൊണ്ടൊക്കെയാണ് ഇവിടെ എത്തിയതും അതില്‍ അഭിമാനിക്കുന്നതെന്നും റൊണാള്‍ഡോ പറയുന്നു. ഇപ്പോള്‍ എന്റെ പ്രായത്തില്‍ കരിയര്‍ അവസാനിച്ചുവെന്ന് കരുതുന്ന കളിക്കാരില്‍ നിന്ന് ഏറെ വ്യത്യസ്‌തനാണ് ഞാന്‍. ആ വ്യത്യാസം എനിക്ക് തെളിയിക്കേണ്ടതുണ്ട്, 23കാരനല്ല, 33കാരനാണ് അതിനാല്‍ തന്നെ എന്നെ സംബന്ധിച്ച് കാര്യങ്ങള്‍ വൈകാരികമാണെന്നും റൊണാള്‍ഡോ പറഞ്ഞു.
യുവന്റസിനെക്കുറിച്ചും റൊണാള്‍ഡോക്ക് പറയാനുണ്ട്, വിജയ പാരമ്പര്യമാണ് യുവന്‍റസിന് പറയാനുള്ളത്, 34 തവണ സീരി എ കിരീടം നേടി. അതില്‍ കഴിഞ്ഞ ഏഴെണ്ണം തുടരെ ആയിരുന്നു, കോപ്പ ഇറ്റാലിയ 13 പ്രാവശ്യവും നേടി, 1996ന് ശേഷം ചാമ്പ്യന്‍സ് ലീഗ് കിരീടം അവര്‍ നേടിയിട്ടില്ല, എനിക്കറിയാം ഏതൊരു ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം ചാമ്പ്യന്‍സ് ലീഗ് കിരീടം പ്രിയപ്പെട്ടതാണെന്ന്, അതൊരു ഓപ്‌ഷനാണ്. എന്നാല്‍ ചാമ്പ്യന്‍സ് കിരീടത്തിന് മാത്രമല്ല സീരി എ ടൈറ്റിലിനും കൂടിയായിരിക്കും ഞങ്ങള്‍ കളിക്കാനിറങ്ങുകയെന്നും റൊണാള്‍ഡോ വ്യക്തമാക്കി.
പോരാട്ടം കടുപ്പമായിരിക്കുമെന്നും യുവന്റസിന് വിജയിക്കാനാകുമെന്നും എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്നു കാണാമെന്നും റൊണാള്‍ഡോ പറയുന്നു. കഴിഞ്ഞയാഴ്ചയാണ് റയലില്‍ നിന്ന് 845 കോടി രൂപയ്ക്ക് റൊണാള്‍ഡോയെ ഇറ്റാലിയന്‍ ക്ലബ് യുവെന്റസ് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. യുവെയുമായി നാലു വര്‍ഷത്തേക്കാണ് റൊണാള്‍ഡോയുടെ കരാര്‍. ഓരോ സീസണിലും240 കോടി രൂപയാണ് പ്രതിഫലം.