Football
മെസിയുണ്ടേലും അവരെ നമ്മള്‍ ഇന്ന് കൊല്ലും; ഫ്രഞ്ച് പടയിലെ യഥാര്‍ഥ പോരാളി ഈ താരമാണ്...
Football

മെസിയുണ്ടേലും അവരെ നമ്മള്‍ ഇന്ന് കൊല്ലും; ഫ്രഞ്ച് പടയിലെ യഥാര്‍ഥ പോരാളി ഈ താരമാണ്...

Web Desk
|
18 July 2018 9:35 AM GMT

മൈതാനത്ത് എനിക്ക് വേണ്ടത് പോരാളികളെയാണ്. ഇന്ന് രാത്രി വീട്ടിലേക്ക് മടങ്ങാന്‍ എനിക്ക് ഉദ്ദേശമില്ല. എനിക്ക് ആഘോഷിക്കണം. മൈതാനത്ത് ഞാന്‍ വേണമെങ്കില്‍ മരിക്കും. അവരെ നമ്മള്‍ കൊല്ലുകയും ചെയ്യും. 

റഷ്യന്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ടത് കെയ്‍ലിയന്‍ എംബാപ്പെ എന്ന ഫ്രഞ്ച് യുവ താരമായിരിക്കും. റഷ്യയുടെ നെഞ്ചില്‍ ചവിട്ടിനിന്ന് ഫ്രാന്‍സ് കിരീടം ഉയര്‍ത്തിയപ്പോഴും എംബാപ്പെക്ക് നേരെയാണ് കൂടുതല്‍ കാമറ ഫ്ലാഷുകള്‍ മിന്നിയതും.

എന്നാല്‍ ഫ്രഞ്ച് പടയിലെ യഥാര്‍ഥ പോരാളി എംബാപ്പെയല്ല. അവരിലെ ഓരോ അണുവിനെയും ഉയര്‍ത്തിയത് മറ്റൊരു താരമായിരുന്നു. പോള്‍ പോഗ്‍ബ എന്ന കൊമ്പന്‍. ഓരോ കളിക്കു മുമ്പും ഡ്രസിങ് റൂമില്‍ പോഗ്‍ബ നടത്തിയ പ്രചോദന സംഭാഷണങ്ങള്‍ താരങ്ങളെ ത്രസിപ്പിക്കുന്നവയായിരുന്നു. തീപ്പൊരി പോലെയാണ് പോഗ്‍ബയുടെ ഓരോ വാക്കുകളും സഹതാരങ്ങളുടെ നെഞ്ചില്‍ തറച്ചത്.

രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ബ്ലെയിസ് മറ്റ്യൂഡി സസ്‍പെന്‍ഷനിലായപ്പോള്‍, പോഗ്‍ബ ഫ്രഞ്ച് പടയോട് ആവശ്യപ്പെട്ടതിങ്ങനെയാണ്: ' അവനെ പോലെ ഫ്രാന്‍സ് ടീം യുദ്ധം ചെയ്യണം. പക്ഷേ ഇനിയാരും മൈതാനത്തു നിന്ന് ഇങ്ങനെ മടങ്ങേണ്ടതില്ല. നമ്മള്‍ പോരാട്ടം തുടരുകയാണ്. ജൂലൈ 15 ന് കാണാം. എല്ലാവരുമുണ്ടാകണം. ഇന്ന് ബ്ലെയിസ് സൈഡ് ബെഞ്ചിലാണ്. അവന്‍ നിരാശനാണ്. അസ്വസ്ഥനാണ്. മൈതാനത്ത് മറ്റാരേക്കാളും കളിക്കാന്‍ ആഗ്രഹിക്കുന്നത് അവനാണ്.'

അര്‍ജന്റീനക്കെതിരായ മത്സരത്തിന് മുമ്പും പോഗ്‍ബയുടെ ഡ്രസിങ് റൂം പ്രസംഗം ഫ്രഞ്ച് താരങ്ങളെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. ' മൈതാനത്ത് എനിക്ക് വേണ്ടത് പോരാളികളെയാണ്. ഇന്ന് രാത്രി വീട്ടിലേക്ക് മടങ്ങാന്‍ എനിക്ക് ഉദ്ദേശമില്ല. എനിക്ക് ആഘോഷിക്കണം. മൈതാനത്ത് ഞാന്‍ വേണമെങ്കില്‍ മരിക്കും. അവരെ നമ്മള്‍ കൊല്ലുകയും ചെയ്യും. മെസിയുണ്ടെങ്കിലും ഇല്ലെങ്കിലും എനിക്കതൊന്നും ഒരു വിഷയമേയല്ല. ഈ ലോകകപ്പ് നമ്മള്‍ നേടിയിരിക്കും. നമുക്ക് ഏറ്റവും മികച്ചവരാകണം, അതിന് ഏറ്റവും മികച്ചവരെ നമ്മള്‍ പരാജയപ്പെടുത്തണം.' - പോഗ്‍ബ പറഞ്ഞു.

Similar Posts