ലോകകപ്പിന് ശേഷമുള്ള ദുരവസ്ഥ വെളിപ്പെടുത്തി നെയ്മര്‍
|‘ഇനിയൊരിക്കലും കളിക്കില്ലെന്നതുപോലുള്ള കടുത്തതീരുമാനങ്ങളൊന്നും ഞാന്‍ എടുത്തിട്ടില്ല. പക്ഷേ, എനിക്കിപ്പോഴും ഫുട്‌ബോള്‍ കളി കാണാനോ പന്തിനെ നോക്കാനോ പോലുമുള്ള താത്പര്യമില്ല’
ലോകകപ്പ് ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനോട് തോറ്റ് പുറത്തായതിന്റെ വിഷമം മറികടക്കാന്‍ ബ്രസീല്‍ ആരാധകര്‍ക്ക് മാത്രമല്ല സൂപ്പര്‍ താരം നെയ്മര്‍ക്കും കഴിഞ്ഞിട്ടില്ല. ലോകകപ്പിലെ തോല്‍വിക്ക് ശേഷം പന്തിലേക്ക് നോക്കുകയോ ടൂര്‍ണ്ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കാണുകയോ ചെയ്തിട്ടില്ലെന്നാണ് നെയ്മര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം പ്രതിസന്ധി ഘട്ടത്തെ അതിജീവിച്ച് സജീവ ഫുട്‌ബോളിലേക്ക് തിരിച്ചുവരുമെന്ന് സൂചനയും താരം നല്‍കുന്നുണ്ട്.
വാര്‍ത്താ ഏജന്‍സിയായ എഎഫ്പിക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു നെയ്മറിന്റെ പരാമര്‍ശങ്ങള്‍. 'ഇനിയൊരിക്കലും കളിക്കില്ലെന്നതുപോലുള്ള കടുത്തതീരുമാനങ്ങളൊന്നും ഞാന്‍ എടുത്തിട്ടില്ല. പക്ഷേ, എനിക്കിപ്പോഴും ഫുട്‌ബോള്‍ കളി കാണാനോ പന്തിനെ നോക്കാനോ പോലുമുള്ള താത്പര്യമില്ല' എന്നായിരുന്നു നെയ്മറിന്റെ പ്രതികരണം. വിഷമകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് സമ്മതിച്ച താരം കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും സഹായത്തില്‍ പ്രതിസന്ധികളെ മറികടക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
പിഎസ്ജിയില്‍ നിന്നും റയല്‍ മാഡ്രിഡിലേക്ക് പോകുമെന്ന വാര്‍ത്തകളെ പൂര്‍ണ്ണമായും നെയ്മര്‍ തള്ളിക്കളഞ്ഞു. എന്നേക്കാള്‍ കൂടുതല്‍ എന്റെ ജീവിതത്തെയും തീരുമാനങ്ങളേയും അറിയുമെന്ന നിലയിലാണ് പല വാര്‍ത്തകളും വരുന്നത്. ഇത്തരം കാര്യങ്ങളോട് ഞാന്‍ പ്രതിക്കുക പോലുമില്ലെന്നായിരുന്നു - നെയ്മര്‍ പറഞ്ഞത്.
264 മില്യണ്‍ ഡോളറിനാണ് നെയ്മര്‍ കഴിഞ്ഞ വര്‍ഷം ബാഴ്‌സലോണയില്‍ നിന്നും പിഎസ്ജിയിലെത്തിയത്. ചെറുപ്രായത്തില്‍ തന്നെ പ്രതീക്ഷകളുടെ സമ്മര്‍ദ്ദം നേരിടേണ്ടി വന്നതിനാല്‍ ഇപ്പോള്‍ വലിയ മത്സരങ്ങളെ കാര്യമായ സമ്മര്‍ദ്ദമില്ലാതെ നേരിടാനാകുന്നുണ്ടെന്നും നെയ്മര്‍ പറഞ്ഞു. തനിക്കു നേരെയുളള വിമര്‍ശനങ്ങള്‍ പലതും ഊതി വീര്‍പ്പിച്ചതാണെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു. കളിക്കളത്തില്‍ ഫൗള്‍ ചെയ്യുന്നവരേക്കാള്‍ ഫൗളിന് വിധേയരാകുന്നവരെ വിമര്‍ശിക്കാനാണ് പലപ്പോഴും ആളുകള്‍ ശ്രമിക്കുന്നതെന്ന വിമര്‍ശവും നെയ്മര്‍ ഉന്നയിച്ചു.