ലാലിഗ ടിവിയില്‍ ഇല്ല; പ്രതിഷേധവുമായി ഇന്ത്യന്‍ ആരാധകര്‍
|ഇന്ത്യയിൽ ലാലിഗ ടെലികാസ്ററ് ചെയ്തുകൊണ്ടിരുന്ന സോണി കരാർ പുതുക്കാത്തതാണ് കാരണം
ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഇനി മെസ്സിയുടെ കളി ടി.വിയിൽ ആസ്വദിക്കാൻ കഴിയില്ല. ഇന്ത്യയിൽ വളരെയധികം ആരാധകരുള്ള ലാലിഗ ടി.വിയിൽ കാണാൻ കഴിയില്ലെന്നത് കടുത്ത നിരാശയാണ് ആരാധകരിൽ ഉണ്ടാക്കുന്നത്. ഇന്ത്യയിൽ ലാലിഗ ടെലികാസ്ററ് ചെയ്തുകൊണ്ടിരുന്ന സോണി കരാർ പുതുക്കാത്തതാണ് കാരണം. പകരം ലാലിഗയുടെ ഇന്ത്യയിലെ ടെലികാസ്റ്റിനുള്ള അവകാശം സോഷ്യൽ മീഡിയ വമ്പന്മാരായ ഫേസ്ബുക് സ്വന്തമാക്കി. സ്പെയിനിലെ ഫസ്റ്റ് ഡിവിഷൻ ഫുട്ബോൾ ലീഗായ ലാലിഗയുടെ 88ാംമത്തെ സീസണാണ് നിലവിൽ തുടങ്ങാൻ പോകുന്നത്. ഈ വർഷം ഓഗസ്റ്റ് 18 ന് ആരംഭിക്കുന്ന ലീഗ് 2019 മെയിലാണ് അവസാനിക്കുന്നത്. എന്നാൽ ഇതിന് മികച്ച സിഗ്നലുള്ള ഇന്റർനെറ്റ് വേണമെന്നതിനാൽ ഫാൻ ഗ്രൂപ്പുകളിൽ പ്രതിഷേധം ശക്തമാണ്. change.org എന്ന വെബ്സൈറ്റിൽ ഇതിനായി ഒപ്പുശേഖരണവും തുടങ്ങിയിട്ടുണ്ട്.
റയൽ മഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റാലിയൻ ലീഗിലേക്കു ചേക്കേറിയതോടെ ലാലിഗയുടെ പകിട്ടു കുറയുമോയെന്ന സംശയങ്ങൾക്കിടെയാണ് പുതിയ തിരിച്ചടിയും. ഇറ്റാലിയൻ ലീഗിന്റെ സംപ്രേഷണം അതേസമയം സോണി സ്വന്തമാക്കി.