മെസി വീണ്ടും കളി നിര്‍ത്തുന്നു !
|അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി വീണ്ടും കളി നിര്‍ത്തുന്നു. ലോകകപ്പിലെ തിരിച്ചടിക്ക് പിന്നാലെയാണ് മെസിയുടെ തീരുമാനം.
അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി വീണ്ടും കളി നിര്‍ത്തുന്നു. ലോകകപ്പിലെ തിരിച്ചടിക്ക് പിന്നാലെയാണ് മെസിയുടെ തീരുമാനം. എന്നാല്‍ മെസി വിരമിക്കുകയല്ല. പകരം, തല്ക്കാലം അര്‍ജന്റീനക്ക് വേണ്ടി കളിക്കുന്നത് വേണ്ടെന്ന് വയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. സെപ്തംബറില്‍ ദേശീയ ടീമിനൊപ്പം മെസി ചേരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്വാട്ടിമാല, കൊളംബിയ ടീമുകള്‍ക്കെതിരെ വരും മാസങ്ങളില്‍ സൌഹൃദ മത്സരത്തിന് അര്‍ജന്റീനന്‍ ടീം ഇറങ്ങാനിരിക്കെയാണ് മെസിയുടെ തീരുമാനം.
സൌഹൃദ മത്സരങ്ങളില്‍ എന്നല്ല, ഈ വര്‍ഷം അര്‍ജന്റീനക്ക് വേണ്ടി ഒരു മത്സരത്തിലും മെസി ബൂട്ടണിയില്ലെന്ന് ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ടു ചെയ്തു. ഇക്കാര്യം മെസി, ദേശീയ ടീമിന്റെ കോച്ചിനെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. വരാനിരിക്കുന്ന മത്സരങ്ങളില്‍ നിന്ന് താന്‍ വിട്ടുനില്‍ക്കുമെന്നും ഇനിയെന്ന് ദേശീയ ടീമിനൊപ്പം ചേരുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും മെസി കോച്ചിനെ അറിയിച്ചിട്ടുണ്ട്. ഇതേസമയം, 2019 ലെ കോപ്പ അമേരിക്കയില്‍ മെസി ടീമിനൊപ്പം എത്തുമെന്നാണ് സൂചനകള്‍.
റഷ്യന്‍ ലോകകപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ മെസി രണ്ടാം തവണ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 2016 ല്‍ കോപ്പ അമേരിക്കയിലെ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ മെസി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രണ്ടു മാസം പിന്നിട്ടപ്പോള്‍ തീരുമാനം മാറ്റി. അര്‍ജന്റീനയുടെ കുപ്പായത്തില്‍ മെസിക്ക് ഇതുവരെ ഒരു പ്രധാന കപ്പ് ഉയര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. റഷ്യന്‍ ലോകകപ്പില്‍ വന്‍ പ്രതീക്ഷകളോടെയാണ് മെസി ഇറങ്ങിയതെങ്കിലും പതിവ് പോലെ നിരാശപ്പെടാന്‍ ആയിരുന്നു വിധി.